/kalakaumudi/media/media_files/2025/11/01/aiadmk-2025-11-01-08-34-25.jpg)
ചെന്നൈ: എഐഎഡിഎംകെ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എ സെങ്കോട്ടയ്യനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയില്‍നിന്ന് നേരത്തെ പുറത്താക്കിയ ഒ പനീര്‍സെല്‍വത്തിനും ടിടിവി ദിനകരനുമൊപ്പം തേവര്‍ സ്മാരകത്തിലെത്തിയതിന് പിന്നാലെയാണ് നടപടി.
പാര്‍ട്ടിയുടെ അന്തസ് കളങ്കപ്പെടുത്തിയവരെ പുറത്താക്കുമെന്നും ആവര്‍ത്തിച്ച് പാര്‍ട്ടി നിയമങ്ങള്‍ ലംഘിച്ചുവെന്നും കെ എ സെങ്കോട്ടയ്യനെ പുറത്താക്കിയ വിവരം അറിയിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി പറഞ്ഞു.
എംജിആറും ജയലളിതയും മുന്നോട്ടുവെച്ച തത്വങ്ങള്‍ ഇപ്പോഴും മുറുകെ പിടിക്കുന്ന പാര്‍ട്ടിയാണ് എഐഎഡിഎംകെ. പാര്‍ട്ടിയുടെ നിലപാടുകള്‍ക്കും നിയമങ്ങള്‍ക്കുമെതിരെ ആര് പ്രവര്‍ത്തിച്ചാലും പദവിയോ സ്ഥാനങ്ങളോ നോക്കാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പളനിസ്വാമി പറഞ്ഞു. ആരും പാര്‍ട്ടിക്കും അതിന്റെ തത്വശാസ്ത്രങ്ങള്‍ക്കും അധീതരല്ലെന്നും സെങ്കോട്ടയ്യനുമായി ബന്ധപ്പെടരുതെന്നും നേതാക്കളോട് പളനിസ്വാമി നിര്‍ദേശിച്ചു.
തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലേറണമെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യം ഉയര്‍ന്നുവരണമെന്നും പുറത്താക്കപ്പെട്ട വേലുമണി, തങ്കമണി, സി വി ഷണ്‍മുഖം, അന്‍പഴകന്‍, വി കെ ശശികല, ടിടിവി ദിനകരന്‍, ഒ പനീര്‍ശെല്‍വം, എന്നിവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നും സെങ്കോട്ടയ്യന്‍ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ പാര്‍ട്ടി പദവികളില്‍നിന്നും നീക്കിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
