/kalakaumudi/media/media_files/2025/10/27/tejaswi-2025-10-27-08-38-40.jpg)
പട്ന: ബീഹാറില്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ വഖഫ് ഭേദഗതികള്‍ റദ്ദാക്കുമെന്ന് ആര്‍ജെഡി നേതാവും മഹാഗത്ബന്ധന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ്. സീമാഞ്ചല്‍ മേഖലയിലെ മണ്ഡലങ്ങളില്‍ പ്രചാരണം നടത്തവേയാണ് തേജസ്വി നിലപാട് വ്യക്തമാക്കിയത്. ഭരണഘടനയും ബഹുസ്വരതയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് ബീഹാറില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ വഖഫ് ഭേദഗതി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയും. ഭരണഘടനയിലെ സമത്വത്തിനെതിരായ നടപടിയാണ് വഖഫ് ഭേദഗതി. ഈ രാജ്യം എല്ലാവരുടേതുമാണ്. ഹിന്ദു, മുസ്ലീം, സിഖ്, ക്രിസ്ത്യന്‍ എല്ലാവരും രാജ്യത്തിനായി ത്യാഗം ചെയ്തിട്ടുണ്ട്. ഭരണഘടന എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ നല്‍കുന്നു.'- തേജസ്വി യാദവ് പറഞ്ഞു.
മുഖ്യമന്ത്രി നിധീഷ് കുമാറിനെതിരെ തേജസ്വി രൂക്ഷ വിമര്‍ശനവും യോഗത്തില്‍ നടത്തി. ബീഹാറില്‍ ആര്‍എസ്എസിനും ബിജെപിയ്ക്കും ഇടം നല്‍കിയത് നിധീഷ് കുമാറാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍ജെഡി ഒരിക്കലും തങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, അധികാരത്തില്‍ വന്നാല്‍ ബിഹാറിലെ പഞ്ചായത്തിരാജ് സംവിധാനത്തിലെ പ്രതിനിധികളുടെ അലവന്‍സുകള്‍ ഇരട്ടിയാക്കുമെന്ന് തേജസ്വി യാദവ് ഞായറാഴ്ച വാഗ്ദാനം ചെയ്തിരുന്നു.
പഞ്ചായത്തിരാജ് സംവിധാനത്തില്‍ മൂന്ന് തലത്തിലുള്ള ഭരണം ഉള്‍പ്പെടുന്നു. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി, ഗ്രാമ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് തലങ്ങളാണ് ബിഹാറിലുള്ളത്. അധ്യക്ഷന്മാര്‍ 'മുഖ്യ' (ഗ്രാമ പഞ്ചായത്ത്), 'പ്രമുഖ്' (പഞ്ചായത്ത് സമിതി), 'അധ്യക്ഷ' (സില പരിഷത്ത്) എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. കൂടാതെ 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും ഉറപ്പു നല്‍കുന്നതായി തേജസ്വി പറഞ്ഞു.
നവംബര്‍ ആറിനും 11 നും രണ്ടു ഘട്ടങ്ങളിലായാണ് ബിഹാറിലെ തെരഞ്ഞെടുപ്പ്. 243 നിയമസഭാ സീറ്റുകളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി നേതാവ് തേജസ്വി പ്രസാദ് യാദവാണ് ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ബിഹാറിലെ കോണ്‍ഗ്രസ് നിരീക്ഷകന്‍ അശോക് ഗെഹ്ലോട്ട് ആണ് ഇന്ത്യ സഖ്യത്തിന്റെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയത്. മുകേഷ് സാഹ്നി ആണ് ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി. നവംബര്‍ 14 ന് ഫലം പ്രഖ്യാപിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
