/kalakaumudi/media/media_files/2025/12/02/da-2-2025-12-02-16-54-27.jpg)
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
എട്ടാം ശമ്പള കമ്മീഷന്റെ അധികാര പരിധി സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ഈ വിശദീകരണം. 50 ശതമാനം ഡിഎ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
50 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്‌കരിക്കുന്നതിനാണ് എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിച്ചത്. മുന്‍ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണ് കമ്മീഷന്റെ അധ്യക്ഷ. ശുപാര്‍ശകള്‍ 2027ലാകും സമര്‍പ്പിക്കുക. എന്നാല്‍ 2026 ജനുവരി ഒന്നു മുതല്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നേക്കും.
സാധാരണയായി പത്ത് വര്‍ഷം കൂടുമ്പോഴാണ് ശമ്പള കമ്മീഷനുകളുടെ ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എട്ടാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് 18 മാസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്നും 2026 ജനുവരി ഒന്നു മുതല്‍ ശുപാര്‍ശകള്‍ പ്രാബല്യത്തില്‍ വരുമെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ യോഗത്തിന് ശേഷം അറിയിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
