/kalakaumudi/media/media_files/2025/10/27/avadhi-2025-10-27-20-25-23.jpg)
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മോന്താ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത. ആന്ധ്രാപ്രദേശിലും ഒഡീഷയിലെ തെക്കന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ ചെന്നൈ അടക്കം വടക്കന്‍ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ആന്ധ്രയിലെ 14 ജില്ലകളില്‍ ഒക്ടോബര്‍ 29 വരെ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. കക്കിനഡ, ഈസ്റ്റ് ഗോദാവരി, കോനസീമ, എളുരു, വെസ്റ്റ് ഗോദാവരി, കൃഷ്ണ തുടങ്ങിയ ജില്ലകളില്‍ ഒക്ടോബര്‍ 31 വരെ സ്‌കൂളുകളും കോളജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും.
ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികളോട് വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ ഒന്‍പതും ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴും യൂണിറ്റുകളെ വിവിധ ജില്ലകളിലേക്ക് അയച്ചു.
ഗര്‍ഭിണികളെയും മുതിര്‍ന്ന പൌരന്മാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിവിധ ജില്ലകളില്‍ താത്കാലിക ഹെലിപ്പാഡുകള്‍ തുറക്കുകയും സൈന്യത്തോട് സജ്ജരായിരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുമായി സംസാരിച്ചതിനു ശേഷം ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. പശ്ചിമ ബംഗാള്‍ തീരം വരെ മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്.
ഒഡീഷയിലെയും ബംഗാളിലെയും തീരദേശ ജില്ലകളിലും ഛത്തീസ്ബദ്, പുതുച്ചേരി എന്നിവിടങ്ങളിലും തീവ്രമഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒഡീഷയിലെ എട്ട് ജില്ലകളില്‍ ഒക്ടോബര്‍ 30 വരെ സ്‌കൂളുകള്‍ക്ക് അവധിയാണ്. മല്‍ക്കന്‍ഗിരി, കോരാപുട്, രായഗഡ, ഗഞ്ചം, ഗജപതി, കാണ്ഡമാല്‍, കലഹണ്ടി, നബരംഗ്പൂര്‍ ജില്ലകളിലാണ് അവധി. ചെന്നൈ അടക്കം തമിഴ്നാട്ടിലെ വടക്കന്‍ ജില്ലകളില്‍ അടുത്ത 36 മണിക്കൂര്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, വില്ലുപുരം തുടങ്ങിയ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് ആന്ധ്ര, ഒഡിഷ, തമിഴ്നാട് ഭരണകൂടങ്ങള്‍ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
