/kalakaumudi/media/media_files/2025/01/23/37zdgaAyA4pamgNSO36w.jpg)
celebritys
മുംബൈ: നടനും കൊമേഡിയനുമായി കപില്‍ ശര്‍മ്മയ്ക്ക് ഇമെയില്‍ വഴി വധഭീഷണി. കപിലിനെ കൂടാതെ രാജ്പാല്‍ യാദവ്, സുഗന്ധ മിശ്ര, റെമോ ഡിസൂസ തുടങ്ങിയ പ്രമുഖരും ഭീഷണി മെയില്‍ ലഭിച്ചവിര്‍ ഉള്‍പ്പെടുന്നു.
സംഭവത്തെത്തുടര്‍ന്ന് ഭാരത് ന്യായ സംബിത സെക്ഷന്‍ 351(3) പ്രകാരം അജ്ഞാതനായ ഒരാള്‍ക്കെതിരെ അംബോലി പോലീസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു. പാകിസ്ഥാനില്‍ നിന്നാണ് ഭീഷണി ഇമെയില്‍ അയച്ചതെന്ന് പോലീസ് പറഞ്ഞു.
'ഞങ്ങള്‍ നിങ്ങളുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുന്നു, ഒരു സെന്‍സിറ്റീവ് കാര്യം ഞങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്ന് വിശ്വസിക്കുന്നു. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടോ നിങ്ങളെ ശല്യപ്പെടുത്താനുള്ള ശ്രമമോ അല്ല, ഈ സന്ദേശം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം രഹസ്യാത്മകതയും.'- വധഭീഷണി അടങ്ങുന്ന സന്ദേശത്തില്‍ പറയുന്നു. അയച്ചയാള്‍ 'ബിഷ്ണു' എന്നാണ് മെയിലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മെയില്‍ ലഭിച്ച് 8 മണിക്കൂറിനുള്ളില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ വ്യക്തിപരവും തൊഴില്‍പരവുമായി പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഭീഷണിയില്‍ പറയുന്നു.
മെയില്‍ ലഭിച്ചതിനു പിന്നാലെ കപില്‍ ശര്‍മ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ, സുഗന്ധ മിശ്രയും റെമോ ഡിസൂസയും ഇതേ മെയില്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14നാണ് രാജ്പാല്‍ യാദവിന് മെയില്‍ ലഭിച്ചത്. ഡിസംബര്‍ 17-നാണ് അദ്ദേഹം പോലീസില്‍ പരാതി നല്‍കിയത്. സെലിബ്രിറ്റികള്‍ ഒന്നിനുപുറകെ ഒന്നായി ആക്രമിക്കപ്പെടുന്നതിനാല്‍ മുംബൈ പോലീസ് പരാതികള്‍ വളരെ ഗൗരവമായ അന്വേഷിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുംബൈയിലെ ബാന്ദ്ര ഏരിയയിലെ വീടിന് സമീപത്ത് വെച്ച് രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം ഏറ്റെടുത്തു. ഇതേത്തുടര്‍ന്ന് ബാല്‍ക്കണിയില്‍ ബുള്ളറ്റ് പ്രൂഫ് വിന്‍ഡോകള്‍ സ്ഥാപിച്ച് സല്‍മാന്‍ ഖാന്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.