/kalakaumudi/media/media_files/2025/09/14/cola-2025-09-14-15-56-03.jpg)
ജിഎസ്ടി ഘടനയിൽ മാറ്റം വരുത്തിയെങ്കിലും കൊക്കകോള, പെപ്‌സി തുടങ്ങിയ ശീതളപാനീയങ്ങൾക്ക് വില കൂടില്ല. നികുതി ഘടനയിൽ മാറ്റമുണ്ടായെങ്കിലും മൊത്തം നികുതി നിരക്ക് പഴയ പടി തുടരുന്നതാണ് കാരണം. ജിഎസ്ടി 2.0 പ്രകാരം കാർബണേറ്റഡ് ഫ്രൂട്ട് ഡ്രിങ്കുകൾ, കഫീൻ ചേർത്ത പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, പഞ്ചസാരയോ മറ്റു മധുരങ്ങളോ ചേർത്ത പാനീയങ്ങൾ എന്നിവയ്ക്ക് ഇനി 40% ജിഎസ്ടിയാണ് ബാധകം. നേരത്തെ ഇത് 28% ജിഎസ്ടിയും 12% സെസ്സുമായിരുന്നു. അതുകൊണ്ട് തന്നെ മൊത്തം നികുതി 40% ആയി തുടരുന്നു. എന്നാൽ പഴച്ചാറുകൾ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങളുടെ വില കുറയാൻ സാധ്യതയുണ്ട്.സർക്കാർ അറിയിപ്പ് പ്രകാരം, കാർബണേറ്റഡ് അല്ലാത്ത പഴച്ചാറുകൾക്ക് 12% ഉണ്ടായിരുന്ന നികുതി 5% ആയി കുറച്ചു. ഇതോടെ ട്രോപ്പിക്കാന, മിനിറ്റ് മെയ്ഡ്, മാസാ, റിയൽ ഫ്രൂട്ട് ജ്യൂസുകൾ തുടങ്ങിയ പാനീയങ്ങളുടെ വില കുറയും. എന്നാൽ, 40% പ്രത്യേക നികുതി നിരക്ക് ബാധകമായ ഉത്പന്നങ്ങൾ എന്തൊക്കെയാണെന്ന് സർക്കാർ വിശദമായ വിജ്ഞാപനം പുറത്തിറക്കേണ്ടതുണ്ട്.
രാജ്യത്ത് വർധിച്ചു വരുന്ന പ്രമേഹരോഗം നിയന്ത്രിക്കുന്നതിനായി സർക്കാർ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പഴച്ചാറുകളുടെ നിർവചനത്തിൽ മാറ്റം വരുത്തുമോ എന്നും വ്യവസായ മേഖല ഉറ്റുനോക്കുന്നുണ്ട്.പഴച്ചാറുകൾക്കുള്ള ജിഎസ്ടി നിരക്ക് കുറച്ചതിനെ വ്യവസായ മേഖല സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, കാർബണേറ്റഡ് പാനീയങ്ങളുടെ നികുതി നിരക്ക് മാറ്റമില്ലാതെ തുടരുന്നതിൽ അവർ ആശങ്ക പ്രകടിപ്പിച്ചു.
ഈ ഉത്പന്നങ്ങളെ 'സിൻ ഗൂഡ്‌സ്' എന്ന വിഭാഗത്തിൽ നിന്ന് മാറ്റുമെന്നും കുറഞ്ഞ നികുതി നിരക്ക് ഏർപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഇന്ത്യൻ ബെവറേജ് അസോസിയേഷൻ പറയുന്നു. ജിഎസ്ടി കൗൺസിൽ യോഗത്തിന് മുൻപ്, കാർബണേറ്റഡ് പാനീയങ്ങളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തരുതെന്ന് ഐബിഎ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. പഞ്ചസാരയുടെ അളവിനനുസരിച്ച് നികുതി ചുമത്തുന്ന ഒരു മാതൃകയും അവർ മുന്നോട്ട് വെച്ചിരുന്നു. കാർബണേറ്റഡ് പാനീയങ്ങൾക്ക് ജിഎസ്ടി 18% ആയി കുറയ്ക്കണമെന്നായിരുന്നു അവരുടെ ആവശ്യം
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
