കരൂര്‍ ദുരന്തത്തില്‍ ബന്ധുക്കളെ വിളിച്ചുവരുത്തി വിജയ്യുടെ സഹായ വാഗ്ദാനം

വിജയ്യുടെ ഈ നീക്കത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിയുണ്ട്. ദുരിതബാധിതരെ നേരില്‍ കാണാതെ അവരെ വിളിച്ചുവരുത്തി സഹായം വാഗ്ദാനം ചെയ്യുന്നത് യഥാര്‍ഥ നേതാവിനു ചേര്‍ന്ന പ്രവൃത്തിയല്ലെന്നാണ് ആക്ഷേപം

author-image
Biju
New Update
vijay

ചെന്നൈ: റോഡ് ഷോയ്ക്കിടെ കരൂരില്‍ മരിച്ച 41 പേരുടെ ബന്ധുക്കളെ, ദുരന്തത്തിന് ഒരു മാസത്തിനു ശേഷം നേരിട്ടു കണ്ട ടിവികെ (തമിഴക വെട്രി കഴകം) നേതാവ് വിജയ് പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. കരൂര്‍ സന്ദര്‍ശിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ മഹാബലിപുരത്തെ ഹോട്ടലിലാണു കൂടിക്കാഴ്ചയൊരുക്കിയത്. 

ഇരുന്നൂറിലേറെപ്പേര്‍ ചടങ്ങിനെത്തിയിരുന്നു. പലരെയും തലേദിവസം തന്നെ ബസുകളില്‍ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. ഓരോ കുടുംബത്തെയും ആശ്വസിപ്പിച്ച നടന്‍, ചികിത്സാച്ചെലവും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും വഹിക്കുമെന്നും തൊഴില്‍ നല്‍കുമെന്നും ഉറപ്പു നല്‍കി. 

വിജയ് ഇവര്‍ക്കു ചായ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്വകാര്യ പരിപാടിയായി നടത്തിയതിനാല്‍ പാര്‍ട്ടി ബാനറുകളും മറ്റും ഒഴിവാക്കി. നേരിട്ടു വേദിയിലെത്തിയ ചിലരെ അകത്തു പ്രവേശിക്കാന്‍ ടിവികെ പ്രവര്‍ത്തകര്‍ അനുവദിക്കാത്തത് തര്‍ക്കത്തിനിടയാക്കി. രേഖകള്‍ പരിശോധിച്ച ശേഷമാണു കടത്തിവിട്ടത്. 

അതേസമയം, വിജയ്യുടെ ഈ നീക്കത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിയുണ്ട്. ദുരിതബാധിതരെ നേരില്‍ കാണാതെ അവരെ വിളിച്ചുവരുത്തി സഹായം വാഗ്ദാനം ചെയ്യുന്നത് യഥാര്‍ഥ നേതാവിനു ചേര്‍ന്ന പ്രവൃത്തിയല്ലെന്നാണ് ആക്ഷേപം. ദുരിതബാധിതരെ വിളിച്ചുവരുത്തിയത് രാഷ്ട്രീയ ആയുധമായി മറ്റു പാര്‍ട്ടികള്‍ ഉപയോഗിക്കുമെന്ന ആശങ്കയും പ്രവര്‍ത്തകര്‍ക്കുണ്ട്.

അതിനിടെ, ടിവികെ ജനറല്‍ സെക്രട്ടറി എന്‍.ആനന്ദ്, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സി.ടി.ആര്‍.നിര്‍മല്‍ കുമാര്‍ എന്നിവര്‍ക്കു സിബിഐ നോട്ടിസ് അയച്ചു. ചോദ്യംചെയ്യലിന് ഇന്നു ഹാജരാകാനാണു നിര്‍ദേശം. അതേസമയം, മുന്‍കൂര്‍ ജാമ്യം തേടി ഇരുവരും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയതിനെ തുടര്‍ന്നാണിത്. 

പ്രകോപനപരമായ ട്വീറ്റിനെ തുടര്‍ന്നു തനിക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ടിവികെ നേതാവ് ആദവ് അര്‍ജുന സമര്‍പ്പിച്ച ഹര്‍ജി നവംബര്‍ 5നു പരിഗണിക്കാന്‍ മാറ്റി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി നേതാവ് സമര്‍പ്പിച്ച ഹര്‍ജിയും തള്ളി.