ചാബഹാറില്‍ ഇന്ത്യയ്ക്ക് വഴങ്ങി അമേരിക്ക

കഴിഞ്ഞമാസം ഉപരോധം ചബഹാര്‍ തുറമുഖത്തിനും ബാധകമാക്കിയത് ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. തുറമുഖത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മടങ്ങേണ്ട സാഹചര്യവുമാണ് ഉയര്‍ന്നത്

author-image
Biju
New Update
chaba

ന്യൂഡല്‍ഹി: ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് വഴങ്ങി യുഎസ്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള തുറമുഖമാണ് ചബഹാര്‍. തുറമുഖത്തിന്റെ നിര്‍മാണത്തില്‍ ഉള്‍പ്പെടെ ഇന്ത്യ വലിയതോതില്‍ നിക്ഷേപവും നടത്തിയിട്ടുണ്ട്.

നേരത്തേ ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ചബഹാറിനെ യുഎസ് അതില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞമാസം ഉപരോധം ചബഹാര്‍ തുറമുഖത്തിനും ബാധകമാക്കിയത് ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. തുറമുഖത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മടങ്ങേണ്ട സാഹചര്യവുമാണ് ഉയര്‍ന്നത്.

എന്നാല്‍, അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരബന്ധം ചൂണ്ടിക്കാട്ടിയും മരുന്നുകള്‍ ഉള്‍പ്പെടെ വിതരണം ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കിയും ഇന്ത്യ ഉപരോധ ഇളവ് തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അടുത്തവര്‍ഷം ആദ്യംവരെയാണ് ഇപ്പോള്‍ യുഎസ് ഉപരോധ ഇളവ് അനുവദിച്ചിരിക്കുന്നത്. പാക്കിസ്ഥാനെ ആശ്രയിക്കാതെ, അഫ്ഗാനിലേക്ക് ഇന്ത്യയ്ക്ക് നേരിട്ടെത്താവുന്ന പ്രവേശനകവാടമാണ് ചബഹാര്‍. ഇറാന്‍, റഷ്യ, മധ്യേഷ്യന്‍ രാജ്യങ്ങളായ  കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവയുമായും ഇന്ത്യയ്ക്ക് എളുപ്പത്തില്‍ വ്യാപാരം നടത്താന്‍ ചബഹാര്‍ സഹായകമാണ്. യൂറോപ്പിലേക്കുള്ള ചരക്കുനീക്കവും ഇതുവഴി ഇന്ത്യ നടത്തുന്നുണ്ട്.

അമേരിക്ക ഇറാനുമേല്‍ 2018ല്‍ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ അതില്‍നിന്ന് ചബഹാറിനെ ഒഴിവാക്കിയിരുന്നു; തുറമുഖത്ത് നിക്ഷേപമുള്ള ഇന്ത്യയ്ക്കത് വന്‍ ആശ്വാസവുമായിരുന്നു. ഇറാനിലെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ആഴക്കടല്‍ തുറമുഖമാണ് ചബഹാര്‍.

രാജ്യാന്തര ഗതാഗത ഇടനാഴി (ചബഹാര്‍ കരാര്‍) സ്ഥാപിക്കാനുള്ള ത്രികക്ഷി കരാറില്‍ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും നേരത്തേ ഒപ്പുവച്ചതോടെയാണ്, ഇന്ത്യ ചബഹാറില്‍ കൂടുതല്‍ ശ്രദ്ധയൂന്നിയത്. 2016 മേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന്‍ സന്ദര്‍ശന വേളയിലായിരുന്നു അത്. ചബഹാറിലെ ഷാഹിദ് ബൈഹെഷ്തി ടെര്‍മിനലിന്റെ ആദ്യഘട്ട വികസനത്തില്‍ ഇന്ത്യ നിര്‍ണായക പങ്കാളിയുമായി. 2018 മുതല്‍ ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡിനാണ് (ഐജിപിഎല്‍) തുറമുഖത്തിന്റെ നിയന്ത്രണം. 

2014ല്‍ തന്നെ ഇന്ത്യ ഇറാനുമായി ചബഹാറിന്റെ നിയന്ത്രണത്തിനുള്ള 10-വര്‍ഷ കരാറില്‍ ഒപ്പുവച്ചിരുന്നു. തുറമുഖ വികസനത്തിന് 120 മില്യന്‍ ഡോളറിന്റെ നിക്ഷേപവും അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഒരുക്കാന്‍ 250 മില്യന്‍ ഡോളറിന്റെ വായ്പയും ഇന്ത്യ ഉറപ്പുവരുത്തിയിട്ടുണ്ട്. 2024-25ല്‍ ഇന്ത്യ 100 കോടി രൂപ വായ്പയും ചബഹാറിന് അനുവദിച്ചിരുന്നു. തുറമുഖത്തിനും ഉപരോധം വന്നതിലൂടെ ഇന്ത്യയുടെ നിക്ഷേപങ്ങളും തുലാസിലായിരുന്നു.

5ക്ഷം ടിഇയു കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനാകുംവിധം ശേഷിയിലേക്ക് ഉയര്‍ത്തുകയാണ് ചബഹാറില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സജ്ജമാക്കുന്നതിലൂടെ ഇന്ത്യ. നിലവില്‍ ശേഷി ഒരുലക്ഷം ടിഇയു ആണ്. പുറമേ, ചബഹാറില്‍ നിന്ന് ഇറാന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുംവിധം 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പ്പാതയും നിര്‍മിക്കുന്നുണ്ട്. ഇരു പദ്ധതികളും 2026 മധ്യത്തോടെ യാഥാര്‍ഥ്യമാക്കാനാണ് ശ്രമം. 

പാക്കിസ്ഥാന്റെ തന്ത്രപ്രധാനമായ ഗ്വാദര്‍ തുറമുഖത്തിന്റെ നിയന്ത്രണവുമായി അറബിക്കടലില്‍ സ്വാധീനം ശക്തമാക്കാന്‍ ചൈന ശ്രമിക്കുന്നുണ്ട്. ഗ്വാദറില്‍ നിന്ന് 140 കിലോമീറ്റര്‍ മാത്രം അകലെ, ഗള്‍ഫ് ഓഫ് ഒമാന്റെ തീരത്തുള്ള ചബഹാറിന്റെ നിയന്ത്രണം ഇന്ത്യ നേടിയത്, ചൈനയ്ക്കും പാക്കിസ്ഥാനും വലിയ ക്ഷീണവുമായിരുന്നു. അമേരിക്ക ചബഹാറിന് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത് ഈ മേഖലയില്‍ ഇന്ത്യയ്ക്കുള്ള മുന്‍തൂക്കത്തെ ബാധിച്ചിരുന്നു. ഉപരോധം തുടര്‍ന്നിരുന്നെങ്കില്‍ ചരക്കുനീക്കത്തില്‍ പാക്കിസ്ഥാന് അത് നേട്ടമാകുമായിരുന്നു.

പാക്കിസ്ഥാന്റെ സൈനിക മേധാവി ഇതിനിടെ സ്വന്തം സര്‍ക്കാരിനെ മറികടന്ന് ട്രംപുമായി നേരിട്ട് നടത്തുന്ന സാമ്പത്തിക ഇടപാടുകളും മേഖലയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പാക്കിസ്ഥാനില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാസ്‌നി എന്ന പ്രദേശത്ത് പുതിയ തുറമുഖം സംയുക്ത സംരംഭമായി ഒരുക്കാമെന്ന ആശയം അസിം മുനീര്‍ അടുത്തിടെ യുഎസിന് മുന്നില്‍വച്ചിരുന്നു.

പാസ്‌നിയില്‍ നിന്ന് 150 കിലോമീറ്ററോളം മാത്രം അകലെയാണ് ചബഹാര്‍. അപൂര്‍വ ധാതുക്കളുടെ വില്‍പനയില്‍ അമേരിക്കയെ പങ്കാളിയാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ് മുനീറിന്റെ തുറമുഖ ഓഫര്‍. എന്നാല്‍, അമേരിക്ക ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.