കാബൂളില്‍ ഇന്ത്യന്‍ എംബസി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍

താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെയാണ് നയതന്ത്ര മേഖലയില്‍ വലിയ ചുവടുവയ്പ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

author-image
Biju
New Update
kabul

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എംബസി ഔദ്യോഗികമായി ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം. നേരത്തേ 'കാബൂള്‍ നയതന്ത്ര ദൗത്യം' എന്ന പേരില്‍ ആരംഭിച്ച ഓഫിസാണ് എംബസിയായി ഉയര്‍ത്തിയത്. താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. അതേസമയം, എംബസി ആരംഭിച്ചെങ്കിലും താലിബാന്‍ ഭരണകൂടത്തിന് ഇന്ത്യ ഔദ്യോഗിക അംഗീകാരം നല്‍കിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 2021 ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തത്.

താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെയാണ് നയതന്ത്ര മേഖലയില്‍ വലിയ ചുവടുവയ്പ്പുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബര്‍ 10ന് മുത്തഖിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം, കാബൂളിലെ 'നയതന്ത്ര ദൗത്യം' ഇന്ത്യ മെച്ചപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞിരുന്നു. 2021-ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും എല്ലാ ദൗത്യങ്ങളും അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2022 ജൂണിലാണ് 'നയതന്ത്ര ദൗത്യം' എന്ന പേരില്‍ ഒരു സംഘത്തെ കാബൂളിലേക്ക് അയച്ചത്.

അഫ്ഗാനിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പടുത്തുന്നതിന് ഇന്ത്യയുടെ നീക്കം സഹായകരമാകുമെന്നാണ് സൂചന. അതേസമയം താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിക്കാത്തതിനാല്‍ 'ഇന്ത്യന്‍ അംബാസിഡര്‍' എന്ന പദവി ഉണ്ടായിരിക്കുകയില്ല. പകരം കാബൂള്‍ ഇന്ത്യന്‍ എംബസിയുടെ തലവന് 'ചാര്‍ജ് ഡി അഫയേഴ്സ്' എന്ന പദവിയാണ് ഉണ്ടായിരിക്കുക. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ സുപ്രധാന നീക്കമെന്നതും പ്രത്യേകതയാണ്. സന്ദര്‍ശനത്തിനിടെ അഫ്ഗാന്‍ വിദേശകാര്യമന്ത്രി മുത്തഖി, മറ്റ് രാജ്യങ്ങളെ ലക്ഷ്യമാക്കുന്ന രീതിയില്‍ അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഇന്ത്യക്ക് ഉറപ്പ് നല്‍കിയിരുന്നു.