സര്‍വ്വീസ് പ്രതിസന്ധിയുടെ കാരണങ്ങള്‍ നിരത്തി ഇന്‍ഡിഗോ

അതേസമയം, യാത്രക്കാരെ പെരുവഴിയിലാക്കിയ ഇന്‍ഡിഗോയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന സൂചന നല്‍കി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ഇന്ന് രംഗത്തെത്തിയിരുന്നു.

author-image
Biju
New Update
indigo 3

ന്യൂഡല്‍ഹി: സര്‍വ്വീസ് പ്രതിസന്ധിയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് മറുപടി നല്‍കി ഇന്‍ഡിഗോ. സാങ്കേതിക പ്രശ്നം, കാലാവസ്ഥ, ശൈത്യകാല സമയക്രമം, പൈലറ്റുമാരുടെ പുതിയ വ്യവസ്ഥ എന്നിവ പ്രതിസന്ധിക്ക് കാരണമായി എന്നാണ് ഇന്‍ഡിഗോ സിഇഒ നല്‍കിയ മറുപടിയില്‍ ഉള്ളത്. യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഇനിയും സമയം വേണമെന്നും ഇന്‍ഡിഗോ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ നിലവില്‍ നല്‍കിയ മറുപടി വ്യോമയാന മന്ത്രാലയം തള്ളിയതായാണ് സൂചന.

അതേസമയം, യാത്രക്കാരെ പെരുവഴിയിലാക്കിയ ഇന്‍ഡിഗോയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന സൂചന നല്‍കി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു ഇന്ന് രംഗത്തെത്തിയിരുന്നു. ഇന്‍ഡിഗോയ്ക്കെതിരെ തങ്ങള്‍ എടുക്കുന്ന നടപടി മറ്റ് എയര്‍ലൈനുകള്‍ക്കെല്ലാം ഒരു മുന്നറിയിപ്പായിരിക്കുമെന്ന് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു.

രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 'ഞങ്ങള്‍ക്ക് പൈലറ്റുമാര്‍, ക്ര്യൂ, യാത്രക്കാര്‍ എന്നിവരെ മുഖവിലയ്‌ക്കെടുക്കേണ്ടതുണ്ട്. എല്ലാ എയര്‍ലൈനുകളോടും ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. ഇന്‍ഡിഗോ ക്ര്യൂ റോസ്റ്റര്‍ ശരിക്കും മാനേജ് ചെയ്യേണ്ടതായിരുന്നു. യാത്രക്കാര്‍ വലഞ്ഞു. ഈ സാഹചര്യത്തെ ഞങ്ങള്‍ ചെറുതായി കാണുന്നില്ല. കര്‍ശനമായ നടപടി എടുക്കും. എല്ലാ എയര്‍ലൈനുകള്‍ക്കും ഒരു മുന്നറിയിപ്പായിരിക്കും ആ നടപടി'; എന്നാണ് മന്ത്രി പറഞ്ഞത്. എയര്‍ലൈനിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം ഇന്‍ഡിഗോയുടെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി ഇന്ന് വിശദീകരണം നല്‍കിയത്.

പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച വ്യവസ്ഥ മൂലം വലിയ പ്രതിസന്ധിയാണ് ഇന്‍ഡിഗോ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടത്. നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ആഴ്ചയില്‍ മാത്രം റദ്ദാക്കപ്പെട്ടത്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നിരവധി യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങുകയും പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഈ വ്യവസ്ഥ ഡിജിസിഎ തത്കാലത്തേക്ക് പിന്‍വലിച്ചിരുന്നു.