ആര്‍എസ്എസ് പരിപാടികള്‍ നിയന്ത്രിക്കാനുള്ള കര്‍ണാടക നടപടിക്ക് സ്റ്റേ

ധാര്‍വാഡ് ആസ്ഥാനമായുള്ള പുനശ്ചൈതന്യ സേവാ സംസ്ഥേ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എം. നാഗപ്രസന്ന ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചത്

author-image
Biju
New Update
rss

ബംഗളൂരു : ആര്‍എസ്എസ് പൊതുപരിപാടികള്‍ നിയന്ത്രിക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ശ്രമത്തിന് വന്‍ തിരിച്ചടി. പൊതുസ്ഥലങ്ങളില്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയ ഈ നീക്കം നവംബര്‍ 17 ന് നടക്കുന്ന അടുത്ത വാദം കേള്‍ക്കല്‍ വരെ നിര്‍ത്തിവക്കുന്നതായി ഹൈക്കോടതി അറിയിച്ചു.

ഭരണഘടന അവകാശങ്ങള്‍ വ്യക്തമാക്കി കൊണ്ടാണ് കര്‍ണാടക ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ധാര്‍വാഡ് ആസ്ഥാനമായുള്ള പുനശ്ചൈതന്യ സേവാ സംസ്ഥേ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എം. നാഗപ്രസന്ന ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചത്. നിയമപരമായ പ്രവര്‍ത്തനങ്ങളും ഒത്തുചേരലുകളും നടത്താനുള്ള സന്നദ്ധ ഗ്രൂപ്പുകളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണ് കര്‍ണാടക സര്‍ക്കാരിന്റെ നടപടി എന്നായിരുന്നു ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നത്.

ഈ മാസം ആദ്യമാണ് കര്‍ണാടക സര്‍ക്കാര്‍ പൊതുസ്ഥലങ്ങളില്‍ സംഘടനാ പരിപാടികള്‍ നടത്തുന്നത് വിലക്കിക്കൊണ്ട് ഒരു പ്രത്യേക ഉത്തരവ് പുറത്തിറക്കിയിരുന്നത്. ആര്‍എസ്എസ് പരിപാടികള്‍ ആയിരുന്നു കര്‍ണാടക സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. 

സ്വകാര്യ അല്ലെങ്കില്‍ സാമൂഹിക സംഘടനകള്‍ ഏതെങ്കിലും മീറ്റിംഗുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്കായി സര്‍ക്കാര്‍ സ്‌കൂളുകള്‍, കോളേജുകള്‍ അല്ലെങ്കില്‍ സ്ഥാപന പരിസരങ്ങള്‍ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളും വിലക്കുമായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഭരണഘടനാ അവകാശങ്ങളുടെ ലംഘനമായ കര്‍ണാടക സര്‍ക്കാരിന്റെ ഈ ഉത്തരവിനെതിരെ രാജ്യവ്യാപകമായി രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നിരുന്നത്.