/kalakaumudi/media/media_files/2025/12/06/pinaka-2-2025-12-06-18-57-47.jpg)
ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനകരമായ മള്‍ട്ടി-ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ സിസ്റ്റമായ പിനാകയുടെ അടുത്ത തലമുറ പതിപ്പായ പിനാക മാര്‍ക്ക് 4 (ജശിമസമ ങമൃസകഢ) വികസിപ്പിക്കാനുള്ള ഗവേഷണത്തിലാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ. നിലവിലെ മാര്‍ക്ക് 3 പതിപ്പിനേക്കാള്‍ കാര്യക്ഷമതയും ആക്രമണപരിധിയും കൂടുതലുള്ള ഈ റോക്കറ്റ്, ചെലവ് കുറഞ്ഞതും എന്നാല്‍ ക്രൂയിസ് മിസൈലിന്റെ ശേഷിയുള്ളതുമായ ബഹുമുഖ ആയുധമായാണ് വിഭാവനം ചെയ്യുന്നത്. പ്രതിരോധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ ഈ പുതിയ ആയുധത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.
300 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ആക്രമണം നടത്താന്‍ സാധിക്കുന്ന ഗൈഡഡ് റോക്കറ്റ് ആയാണ് പിനാക മാര്‍ക്ക് 4 രൂപകല്‍പ്പന ചെയ്യുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ കൃത്യതയാണ്. മൂന്ന് മീറ്ററില്‍ താഴെ മാത്രം സര്‍ക്കുലര്‍ എറര്‍ പ്രോബബിള്‍ കൈവരിക്കാന്‍ പുതിയ പിനാകയ്ക്ക് കഴിയും. അതായത്, ലക്ഷ്യസ്ഥാനത്ത് നിന്ന് മൂന്ന് മീറ്റര്‍ ചുറ്റളവില്‍ റോക്കറ്റ് പതിക്കുമെന്ന് ഉറപ്പാണ്. ഇത്രയും കുറഞ്ഞ സര്‍ക്കുലര്‍ എറര്‍ പ്രോബബിള്‍ ഉള്ള റോക്കറ്റുകള്‍ ലോകത്ത് തന്നെ താരതമ്യേന കുറവാണ്. 250 കിലോഗ്രാം ഭാരമുള്ള പോര്‍മുനയാണ് പുതിയ പിനാകയിലുണ്ടാവുക. ഒരു മള്‍ട്ടി-ബാരല്‍ ലോഞ്ചറില്‍നിന്ന് വെറും 44 സെക്കന്‍ഡിനുള്ളില്‍ 12 റോക്കറ്റുകള്‍ വരെ കൂട്ടമായി വിക്ഷേപിക്കാന്‍ ഈ സംവിധാനത്തിന് കഴിയും.
പിനാക മാര്‍ക്ക് 4 റോക്കറ്റ് ഒരു സാധാരണ ക്രൂയിസ് മിസൈല്‍ നിര്‍മിക്കാന്‍ ആവശ്യമായതിനേക്കാള്‍ 25 ശതമാനം വരെ ചെലവ് കുറഞ്ഞതായിരിക്കും. ഈ കുറഞ്ഞ ചെലവ് യുദ്ധസമയങ്ങളില്‍ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനൊപ്പം, കൂട്ടായ ആക്രമണങ്ങള്‍ നടത്താന്‍ സൈന്യത്തെ സഹായിക്കും.
ക്രൂയിസ് മിസൈലുകളെപ്പോലെ പ്രവര്‍ത്തിക്കാനുള്ള ശേഷി പിനാക മാര്‍ക്ക് 4-ന് ലഭിക്കുന്നതോടെ, ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനുള്ള ശേഷിയും കൂടും. സാധാരണ റോക്കറ്റുകള്‍ക്ക് സാധിക്കാത്ത പ്രതിരോധം പുതിയ പിനാക സാധ്യമാക്കും. കൂടാതെ, ശത്രുവിന്റെ റഡാറുകള്‍ക്ക് റോക്കറ്റിന്റെ സഞ്ചാരപാത ഗണിച്ചെടുക്കുന്നത് സങ്കീര്‍ണ്ണമാക്കുന്ന തന്ത്രങ്ങള്‍ നടത്താനും ഇതിന് സാധിക്കും. ഇതിനായി 'മനുവറബിള്‍ റീഎന്‍ട്രി വെഹിക്കിള്‍' സാങ്കേതികവിദ്യയും സംയോജിപ്പിക്കാന്‍ സാധ്യതയുണ്ട്.
ഡി.ആര്‍.ഡി.ഒയുടെ റിസര്‍ച്ച് സെന്റര്‍ ഇമാററ്റ് വികസിപ്പിച്ച അത്യാധുനിക ഗൈഡന്‍സ്, നാവിഗേഷന്‍, കണ്‍ട്രോള്‍ സിസ്റ്റം ആണ് പിനാക മാര്‍ക്ക് 4-ന്റെ കൃത്യതയുടെ അടിസ്ഥാനം. ഇനേര്‍ഷ്യല്‍ നാവിഗേഷനും ഇന്ത്യന്‍ ഉപഗ്രഹ അധിഷ്ഠിത ഗതിനിര്‍ണയ സംവിധാനമായ (നാവിക്) സംവിധാനങ്ങളും
ഇതില്‍ സംയോജിപ്പിക്കും.
ഏത് പ്രതികൂല സാഹചര്യത്തിലും ലക്ഷ്യത്തിലേക്ക് എത്താന്‍ ഇത് പിനാകയെ സഹായിക്കും. ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചാലും 10 മീറ്ററില്‍ താഴെ കൃത്യത ഉറപ്പാക്കാന്‍ മില്ലിമീറ്റര്‍-വേവ് സീക്കര്‍ ഉപയോഗിക്കും. കൂടാതെ, ശത്രുവിന്റെ റഡാര്‍ നിരീക്ഷണങ്ങളെ മറികടക്കാന്‍ ഇലക്ട്രോണിക് കൗണ്ടര്‍ മെഷേഴ്സ് സംവിധാവും പുതിയ റോക്കറ്റിലുണ്ടാകും.
കരസേനയ്ക്ക് പുറമെ നാവികസേനയ്ക്ക് വേണ്ടിയുള്ള പ്രത്യേക വകഭേദവും ഡി.ആര്‍.ഡി.ഒ. വികസിപ്പിക്കുന്നുണ്ട്. തീരദേശ സുരക്ഷ ലക്ഷ്യമിട്ട് കരയില്‍ സ്ഥാപിക്കുന്ന ഈ പിനാക സംവിധാനം, ഇന്ത്യയുടെ തീരത്തേക്ക് ലക്ഷ്യമാക്കി വരുന്ന ശത്രുവിന്റെ യുദ്ധക്കപ്പലുകളെ ആക്രമിക്കുക എന്ന ദൗത്യമാണ് നിര്‍വഹിക്കുക. ഗൈഡഡ് സംവിധാനമുള്ളതിനാല്‍ കപ്പലുകളെ കൃത്യമായി ലക്ഷ്യമിടാന്‍ സാധിക്കും. 2030-ഓടെ ഈ സംവിധാനം വിന്യസിക്കാനാണ് നാവികസേന പദ്ധതിയിടുന്നത്. ഡി.ആര്‍.ഡി.ഒയുടെ ആര്‍മമെന്റ് ആന്‍ഡ് കോംബാറ്റ് എഞ്ചിനീയറിംഗ് ക്ലസ്റ്ററാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
അതിനിടെ ഏഴ് തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനയായ ഡിആര്‍ഡിഒ. കേന്ദ്രസര്‍ക്കാരിന്റെ ടെക്‌നോളജി ഡെവലപ്‌മെന്റ് ഫണ്ട് (ടിഡിഎഫ്) പദ്ധതിക്ക് കീഴിലാണ് ഈ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്തത്. ആത്മനിര്‍ഭര്‍ ഭാരത് ദര്‍ശനത്തിന് കീഴില്‍ വികസിപ്പിച്ചെടുത്ത ഈ ഏഴ് പുതിയ സാങ്കേതിക വിദ്യകളും ഡിആര്‍ഡിഒ സായുധസേനയ്ക്ക് കൈമാറി.
വായുമാര്‍ഗമുള്ള സ്വയം സംരക്ഷണ ജാമറുകള്‍ക്കുള്ള തദ്ദേശീയ ഹൈ-വോള്‍ട്ടേജ് പവര്‍ സപ്ലൈ, നാവിക ജെട്ടികള്‍ക്കുള്ള വേലിയേറ്റ-കാര്യക്ഷമമായ ഗാംഗ്വേ, നൂതനമായ വളരെ കുറഞ്ഞ ഫ്രീക്വന്‍സി-ഉയര്‍ന്ന ഫ്രീക്വന്‍സി സ്വിച്ചിംഗ് മാട്രിക്‌സ് സിസ്റ്റങ്ങള്‍, അണ്ടര്‍വാട്ടര്‍ പ്ലാറ്റ്ഫോമുകള്‍ക്കുള്ള വിഎല്‍എഫ് ലൂപ്പ് ഏരിയലുകള്‍, ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റുകള്‍ക്കുള്ള തദ്ദേശീയ വാട്ടര്‍ജെറ്റ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം, ഉപയോഗിച്ച ലിഥിയം-അയണ്‍ ബാറ്ററികളില്‍ നിന്ന് ലിഥിയം വീണ്ടെടുക്കുന്നതിനുള്ള ഒരു നൂതന പ്രക്രിയ, സുസ്ഥിരമായ അണ്ടര്‍വാട്ടര്‍ സെന്‍സിംഗ്, നിരീക്ഷണ ആപ്ലിക്കേഷനുകള്‍ക്കായി ദീര്‍ഘായുസ്സ് ഉള്ള കടല്‍ജല ബാറ്ററി സിസ്റ്റം എന്നിവയാണ് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സംഘടന തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുള്ള പുതിയ സാങ്കേതികവിദ്യകള്‍.
ഡിആര്‍ഡിഒ ഭവനില്‍ വെച്ച് പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറിയും ഡിആര്‍ഡിഒ ചെയര്‍മാനുമായ സമീര്‍ വി കാമത്തിന്റെ അധ്യക്ഷതയില്‍ നടന്ന ഡിആര്‍ഡിഒയുടെ എംപവേര്‍ഡ് കമ്മിറ്റി യോഗത്തിലാണ് സാങ്കേതികവിദ്യകള്‍ കൈമാറിയത്. തന്ത്രപരമായ, ബഹിരാകാശ, നാവിക, ഇലക്ട്രോണിക് യുദ്ധ സാങ്കേതികവിദ്യകളിലായി വ്യാപിച്ചുകിടക്കുന്ന പുതിയ 12 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
