ബിജെപിയുടെ ചരിത്രത്തിലെ രണ്ടാം വര്‍ക്കിംഗ് പ്രസിഡന്റ്; നിതിന്‍ നബീന്‍ ചുമതലയേറ്റു

പുതിയ ബിജെപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു ചര്‍ച്ചയിലും ഉയര്‍ന്നു വരാത്ത ഒരു നേതാവിനെയാണ് ബിജെപി ഇപ്പോള്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയോഗിച്ചിരിക്കുന്നത്.

author-image
Biju
New Update
nithin

ന്യൂഡല്‍ഹി: ബിഹാറിലെ മന്ത്രി നിതിന്‍ നബീന്‍ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിന്‍ ചുമതലയേറ്റത്. നിതിന് ഊജ്വലസ്വീകരണമാണ് നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി ആസ്ഥാനത്ത് ഒരുക്കിയിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. നിതിന്‍ നബീന്‍ ജനുവരിയില്‍ പുതിയ ബിജെപി അദ്ധ്യക്ഷനായി ചുമതലയേറ്റേക്കും എന്നാണ് റിപ്പോര്‍ട്ട്. നബീന്റെ നിയമനം അപ്രതീക്ഷിതമെന്ന് പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നു.

പുതിയ ബിജെപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു ചര്‍ച്ചയിലും ഉയര്‍ന്നു വരാത്ത ഒരു നേതാവിനെയാണ് ബിജെപി ഇപ്പോള്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയോഗിച്ചിരിക്കുന്നത്. നിലവില്‍ ബിഹാര്‍ സര്‍ക്കാരില്‍ പൊതുമരാമത്ത്, നഗരവികസനം എന്നീ വകുപ്പുകളില്‍ മന്ത്രിയാണ് നാലാം വട്ടം എംഎല്‍എ ആയ നിതിന്‍ നബീന്‍. മുതിര്‍ന്ന ബിജെപി നേതാവ് നബീന്‍ കിഷോര്‍ സിന്‍ഹയുടെ മകനാണ് നിതിന്‍ നബീന്‍. 

2006 ല്‍ ഇരുപത്തിയാറാം വയസിലാണ് നിതിന്‍ നബീന്‍ പറ്റ്‌ന വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയില്‍ എത്തിയത്. പിന്നീട് 2010 മുതല്‍ ബങ്കിപൂര്‍ സീറ്റില്‍ നിന്ന് മൂന്ന് തവണ വിജയിച്ചു. ഛത്തീസ്ഗഡിന്റെ ചുമതല ബിജെപി കേന്ദ്ര നേതൃത്വം നബീന് നല്‍കിയിരുന്നു. യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നു എന്ന പ്രചാരണത്തിനിടെയാണ് ബിഹാര്‍ സംസ്ഥാന രാഷ്ട്രീയത്തിലൊതുങ്ങി നിന്ന നബീനെ ബിജെപി ഉന്നത നേതൃത്വത്തിലേക്ക് എത്തിക്കുന്നത്.

2019 ആദ്യം ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായ ശേഷമാണ് ജെപി നദ്ദ പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. നദ്ദ തല്ക്കാലം അദ്ധ്യക്ഷനായി തുടരും. വര്‍ക്കിംഗ് പ്രസിഡന്റായ നിതിന്‍ നബീന്‍ പിന്നീട് ഈ സ്ഥാനത്തേക്ക് എത്താനാണ് വഴിയൊരുങ്ങുന്നത്.

നിലവിലെ പാര്‍ട്ടി അധ്യക്ഷനായ ജെ പി നദ്ദയാണ് ഈ പദവി വഹിച്ച ആദ്യത്തെയാള്‍. ബിജെപിയുടെ ഭരണഘടനയില്‍ വര്‍ക്കിംഗ് പ്രസിഡന്റിനെ നിയമിക്കാന്‍ പ്രത്യേക വ്യവസ്ഥയില്ല. എന്നാല്‍ 2019 മുതല്‍, പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ഒരു ഇടക്കാല ക്രമീകരണമായി ഈ പദവി മാറിയിട്ടുണ്ട്.

2019 ജൂണില്‍, അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനെത്തുടര്‍ന്നാണ് ജെ പി നദ്ദയെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത്. ഏകദേശം ആറ് മാസത്തോളം അദ്ദേഹം ഈ പദവിയില്‍ തുടരുകയും 2020 ജനുവരിയില്‍ ബിജെപി ദേശീയ അധ്യക്ഷനാകുന്നത് വരെ അമിത് ഷായെ സഹായിക്കുകയും ചെയ്തു. ബിജെപി ഭരണഘടന അനുസരിച്ച്, ഒരു നേതാവിന് മൂന്ന് വര്‍ഷം വീതമുള്ള രണ്ട് ടേമുകള്‍ പ്രസിഡന്റായി സേവനമനുഷ്ഠിക്കാന്‍ കഴിയും.

ഹിന്ദുക്കള്‍ അശുഭമായി കണക്കാക്കുന്ന കാലയളവായ 'ഖര്‍ മാസ്' ഇന്ന് ആരംഭിക്കുന്നതിനാലാണ് നബിന്റെ നിയമനം എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഉടന്‍ തന്നെ നടത്തിയതെന്ന് ബിജെപി നേതാക്കള്‍ വിശദീകരിക്കുന്നു. ജനുവരി 14ന് മകരസംക്രാന്തിയോടെ ഈ കാലയളവ് അവസാനിച്ചാല്‍, പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചേക്കും. 

പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിന് രാജ്യത്തെ സംസ്ഥാനങ്ങളില്‍ പകുതിയെങ്കിലുമുള്ള സംഘടനാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ബിജെപി നിലവില്‍ 37 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 30 ഇടങ്ങളില്‍ സംഘടനാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.