ഭീകരതയുടെ ആഗോള കേന്ദ്രമാണ് പാകിസ്ഥാന്‍ ; സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് ഇന്ത്യ

സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം തീര്‍ത്തും ന്യായമാണെന്നും അതില്‍ ഒരു മാറ്റവും ഉണ്ടാവുകയില്ല എന്നും അംബാസഡര്‍ ഹരീഷ് ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി.

author-image
Biju
New Update
india un

ന്യൂഡല്‍ഹി : ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ പാകിസ്താനെതിരെ ശക്തമായ വിമര്‍ശനവുമായി ഇന്ത്യ. പാകിസ്ഥാന്‍ ഭീകരതയുടെ ആഗോള കേന്ദ്രം ആണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ പര്‍വ്വതനേനി ഹരീഷ് വിശേഷിപ്പിച്ചു. ഇന്ത്യയെയും അവിടുത്തെ ജനങ്ങളെയും ദ്രോഹിക്കാനും ഭിന്നിപ്പിക്കുന്ന അജണ്ട മുന്നോട്ട് കൊണ്ടുപോകാനും പാകിസ്ഥാന്‍ യുഎന്‍ വേദി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം തീര്‍ത്തും ന്യായമാണെന്നും അതില്‍ ഒരു മാറ്റവും ഉണ്ടാവുകയില്ല എന്നും അംബാസഡര്‍ ഹരീഷ് ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി. 65 വര്‍ഷം മുമ്പ് ഇന്ത്യ നല്ല ഉദ്ദേശ്യത്തോടെയും സൗഹൃദ മനോഭാവത്തോടെയുമാണ് കരാറില്‍ ഒപ്പുവെച്ചത്. എന്നാല്‍ പാകിസ്താന്‍ മൂന്ന് യുദ്ധങ്ങള്‍ നടത്തി, ആയിരക്കണക്കിന് ഭീകരാക്രമണങ്ങള്‍ നടത്തി, ആ കരാറിന്റെ ആത്മാവിനെ ആവര്‍ത്തിച്ച് ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റ് സ്വതന്ത്ര ജനാധിപത്യ ഇച്ഛാശക്തിയെ അടിച്ചമര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗമാണെന്ന് പറഞ്ഞുകൊണ്ട് പാകിസ്താന്റെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യത്തെയും ഇന്ത്യ വിമര്‍ശിച്ചു. പാകിസ്ഥാന് ജനങ്ങളുടെ ഇഷ്ടത്തെ മാനിക്കുന്നതിനുള്ള ഒരു സവിശേഷ മാര്‍ഗമുണ്ട്  ഒരു പ്രധാനമന്ത്രിയെ ജയിലിലടച്ചുകൊണ്ടും, ഭരണകക്ഷിയെ നിരോധിച്ചുകൊണ്ടും, 27-ാം ഭേദഗതിയിലൂടെ ഭരണഘടനാ അട്ടിമറിക്ക് സായുധ സേനയെ അനുവദിച്ചുകൊണ്ടും, പ്രതിരോധ സേനാ മേധാവിക്ക് ആജീവനാന്ത പരിരക്ഷ നല്‍കിക്കൊണ്ടും ആണ് പാകിസ്ഥാന്‍ പൊതുജനങ്ങളുടെ ഇഷ്ടങ്ങളെ മാനിക്കുന്നത് എന്നും ഇന്ത്യ വിമര്‍ശിച്ചു.