/kalakaumudi/media/media_files/2025/12/06/indigo-ceo-2025-12-06-18-44-21.jpg)
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തോളമായി യാത്രക്കാരെ ദുരിതത്തിലാക്കിയ ഇന്‍ഡിഗോ എയര്‍ലൈനെതിരെ കടുത്ത സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കുന്നത് കേന്ദ്രം പരിഗണിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എനും എന്‍ഡിടിവിയും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മൂന്ന് ദിവസമായി വിമാനസര്‍വീസുകളെ ബാധിച്ച വ്യാപകമായ തടസ്സങ്ങളെത്തുടര്‍ന്ന് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കാന്‍ കേന്ദ്രം പരിഗണിക്കുകയാണെന്ന് പ്രമുഖ സര്‍ക്കാര്‍ വൃത്തങ്ങള്‍ സിഎന്‍എന്‍-ന്യൂസ്18നോട് പറഞ്ഞു. ഒപ്പം ഇന്‍ഡിഗോയ്ക്ക് കനത്ത പിഴ ചുമത്താനും സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.
പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ചുള്ള പുതിയ ചട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ താളപ്പിഴവ് രാജ്യത്തുടനീളം ആയിരക്കണക്കിന് യാത്രക്കാരെ വലയ്ക്കുകയും കൂട്ടമായി വിമാനങ്ങള്‍ റദ്ദാക്കുന്നതിനും കാരണമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.
വ്യോമയാന മന്ത്രാലയം ഇന്‍ഡിഗോ അധികൃതരെ വിളിച്ചുവരുത്തിയ സാഹചര്യത്തില്‍, വിമാനക്കമ്പനിക്കെതിരെ കടുത്ത നടപടികള്‍ക്ക് കളമൊരുങ്ങുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയാണ് ഇന്‍ഡിഗോ.
ഈ നടപടികള്‍ക്ക് പുറമെ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നാണ് സൂചന. ആവശ്യമായ പൈലറ്റുമാരുടെ എണ്ണം തെറ്റായി കണക്കാക്കിയത് മൂലമാണ് ഇന്‍ഡിഗോ പ്രതിസന്ധി നേരിടുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഇന്‍ഡിഗോയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഇന്നലെ സ്ഥിരീകരിച്ചിരുന്നെങ്കിലും വിശദാംശങ്ങളിലേക്ക് കടന്നിരുന്നില്ല. പ്രതിസന്ധിയെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഇതിനകം ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്ന് നായിഡു പറഞ്ഞു.
ഇതിനിടെ റദ്ദാക്കുകയും സര്‍വീസുകള്‍ തടസ്സപ്പെടുകയും ചെയ്ത വിമാനങ്ങളുടെ യാത്രനിരക്ക് പൂര്‍ണ്ണമായും ഞായറാഴ്ച രാത്രിക്കകം തിരിച്ച് നല്‍കണമെന്ന് ഇന്‍ഡിഗോയ്ക്ക് കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
