പ്രശാന്ത് കിഷോറിന് ഇരട്ട വോട്ട്; ബംഗാളിലും ബിഹാറിലും വോട്ടര്‍ പട്ടികയില്‍ പേര്

ഇരട്ട വോട്ടിനെക്കുറിച്ച് ചോദിക്കാനായി വിളിച്ച കോളുകള്‍ക്കും അയച്ച സന്ദേശങ്ങള്‍ക്കും കിഷോര്‍ മറുപടി നല്‍കിയില്ല. എന്നാല്‍, ബംഗാള്‍ തിരഞ്ഞെടുപ്പിന് ശേഷമാണ് ബിഹാറില്‍ അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ ടീമിലെ ഒരു മുതിര്‍ന്ന അംഗം പറഞ്ഞു

author-image
Biju
New Update
prasanth

കൊല്‍ക്കത്ത: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജന്‍ സുരാജ് പാര്‍ട്ടിയുടെ നേതാവും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് ഇരട്ട വോട്ട്. പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ രണ്ട് സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയിലാണ് പ്രശാന്ത് കിഷോറിന്റെ പേരുള്ളത്.

ബംഗാളില്‍, മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിയമസഭാ മണ്ഡലമായ ഭബാനിപൂരിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസ് സ്ഥിതി ചെയ്യുന്ന 121 കാളിഘട്ട് റോഡ് എന്ന വിലാസത്തിലാണ് അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയിലുള്ളത്. ബി റാണിശങ്കരി ലെയ്നിലെ സെന്റ് ഹെലന്‍ സ്‌കൂള്‍ എന്നാണ് അദ്ദേഹത്തിന്റെ പോളിങ് സ്റ്റേഷന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ബിഹാറില്‍ കര്‍ഗഹാര്‍ നിയമസഭാ മണ്ഡലത്തിലെ സസാറാം പാര്‍ലമെന്റ് മണ്ഡലത്തിന് കീഴിലാണ് അദ്ദേഹത്തിന് വോട്ടുള്ളത്. റോഹ്താസ് ജില്ലയുടെ കീഴിലുള്ള കോനാറിലെ മധ്യ വിദ്യാലയമാണ് പോളിങ് സ്റ്റേഷനായി രേഖപ്പെടുത്തിയിരിക്കുന്നത്. കിഷോറിന്റെ അച്ഛന്റെ നാടാണ് കോനാര്‍.

ഇരട്ട വോട്ടിനെക്കുറിച്ച് ചോദിക്കാനായി വിളിച്ച കോളുകള്‍ക്കും അയച്ച സന്ദേശങ്ങള്‍ക്കും കിഷോര്‍ മറുപടി നല്‍കിയില്ല. എന്നാല്‍, ബംഗാള്‍ തിരഞ്ഞെടുപ്പിന് ശേഷമാണ് ബിഹാറില്‍ അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ ടീമിലെ ഒരു മുതിര്‍ന്ന അംഗം പറഞ്ഞു. ബംഗാളിലെ വോട്ടര്‍പട്ടികയില്‍നിന്നും പേര് നീക്കം ചെയ്യാന്‍ കിഷോര്‍ അപേക്ഷിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന അംഗം പറഞ്ഞു. എന്നാല്‍, അപേക്ഷയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ല. ഇരട്ട് വോട്ട് സംബന്ധിച്ച അഭിപ്രായം തേടിയുള്ള ചോദ്യങ്ങളോട് ബിഹാറിന്റെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിനോദ് സിങ് ഗുഞ്ചിയാല്‍ പ്രതികരിച്ചില്ല.

121, കാളിഘട്ട് റോഡ്, ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസാണെന്ന് 73-ാം വാര്‍ഡിലെ പ്രാദേശിക ടിഎംസി കൗണ്‍സിലറും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സഹോദരഭാര്യയുമായ കജാരി ബാനര്‍ജി പറഞ്ഞു. 'ടിഎംസിക്കൊപ്പം പ്രവര്‍ത്തിക്കുന്ന സമയത്ത് അദ്ദേഹം (കിഷോര്‍) ആ കെട്ടിടം സന്ദര്‍ശിക്കുകയും അവിടെ താമസിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഇവിടെ നിന്ന് (വോട്ടറായി) എന്റോള്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല.'

കഴിഞ്ഞ വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിഷോറിനെ ബംഗാളിലെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തതില്‍ സിപിഎം എതിര്‍ത്തിരുന്നു. 'കിഷോര്‍ ഇവിടുത്തെ താമസക്കാരനല്ലെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നും കാണിച്ച് ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു,' ഭബാനിപൂര്‍-2 ഏരിയ കമ്മിറ്റി സെക്രട്ടറി ബിശ്വജിത് സര്‍ക്കാര്‍ പറഞ്ഞു.

1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 17 പ്രകാരം, ഒന്നിലധികം നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരു വ്യക്തിക്കും അര്‍ഹതയില്ല. ഒരേ നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഒരു വ്യക്തിയും ഒന്നിലധികം തവണ രജിസ്റ്റര്‍ ചെയ്യാന്‍ പാല്ലെന്ന് സെക്ഷന്‍ 18 വ്യക്തമാക്കുന്നു. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, താമസസ്ഥലം മാറ്റുന്നതിനോ പിശകുകള്‍ തിരുത്തുന്നതിനോ ഉള്ള ഇസിയുടെ ഫോമായ ഫോം 8 പൂരിപ്പിച്ച് വോട്ടര്‍ക്ക് അവരുടെ എന്റോള്‍മെന്റ് മാറ്റാന്‍ കഴിയും.

എന്നാല്‍, ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടര്‍മാര്‍ പേരു ചേര്‍ക്കുന്നത് അപൂര്‍വമല്ല. ബിഹാറില്‍ തുടങ്ങി രാജ്യത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്താനുള്ള തീരുമാനത്തിന്റെ ഒരു കാരണമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയതും ഇതാണ്.