/kalakaumudi/media/media_files/2026/01/12/seva-2026-01-12-14-00-27.jpg)
ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി റെയ്സീന ഹില്ലിന് സമീപം നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയം പ്രവര്‍ത്തനത്തിനൊരുങ്ങുന്നു. 'സേവാ തീര്‍ഥ്' എന്ന് നാമകരണം ചെയ്തിരിക്കുന്ന പുതിയ ആസ്ഥാനത്തേക്ക് ജനുവരി 14- ന് ശേഷം പ്രധാനമന്ത്രി മാറുമെന്നാണ് സൂചന. കേന്ദ്ര ഭരണമേഖലയെ പുനര്‍വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2019-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ നാലാം ഘട്ടമാണിത്.
നിര്‍മാണഘട്ടത്തില്‍ 'എക്‌സിക്യൂട്ടീവ് എന്‍ക്ലേവ്' എന്ന് പേരിട്ടിരുന്ന സമുച്ചയത്തിന്, സേവനത്തിന്റെ പുണ്യസ്ഥലം എന്ന അര്‍ഥത്തിലാണ് 'സേവാ തീര്‍ഥ്' എന്ന് പേര് മാറ്റിയത്. പ്രധാനമന്ത്രിയുടെ വസതിയുടെ നിര്‍മാണവും ഓഫീസിന് സമീപം പുരോഗമിക്കുന്നുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ പ്രധാനമന്ത്രി നിലവിലെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍നിന്ന് ഇവിടേക്ക് താമസം മാറും. 2022-ല്‍ കരാര്‍ നല്‍കിയ സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്മെന്റിനായി (സിപിഡബ്ല്യുഡി) ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ആണ് ഈ സമുച്ചയം നിര്‍മിക്കുന്നത്.
മൂന്ന് പ്രധാന കെട്ടിടങ്ങളാണ് പുതിയ സമുച്ചയത്തിലുള്ളത്. സേവാ തീര്‍ഥ് 1-ല്‍ പ്രധാനമന്ത്രിയുടെ ഓഫീസും, സേവാ തീര്‍ഥ് 2-ല്‍ ക്യാബിനറ്റ് സെക്രട്ടേറിയറ്റും പ്രവര്‍ത്തിക്കും. സേവാ തീര്‍ഥ് 3-ല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
പുതിയ ഓഫീസിലെ മീറ്റിങ് റൂമുകള്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്നതിനൊപ്പം ഭാരതീയ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാബിനറ്റ് യോഗങ്ങള്‍ക്കായി പ്രത്യേക മുറിയും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 'ഓപ്പണ്‍ ഫ്‌ലോര്‍ മോഡല്‍' രീതിയിലുള്ള ഓഫീസ് സംവിധാനവുമാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച കാലംമുതല്‍ സൗത്ത് ബ്ലോക്കിലായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഈ സുപ്രധാന അധികാര കേന്ദ്രം മാറുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ നിര്‍മാണ രീതിയിലുള്ള നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍ ഇനി മുതല്‍ ഭാരതത്തിന്റെ അയ്യായിരം വര്‍ഷത്തെ നാഗരികത പ്രകടമാക്കുന്ന മ്യൂസിയമാക്കി മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിന്റെ ആദ്യഘട്ടം അടുത്ത വര്‍ഷം ആരംഭിക്കും.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി ഇതിനകം പുതിയ പാര്‍ലമെന്റ് മന്ദിരവും (2023) വൈസ് പ്രസിഡന്റിന്റെ എന്‍ക്ലേവും (2024) പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ, പത്ത് കോമണ്‍ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് കെട്ടിടങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം 'കര്‍ത്തവ്യ ഭവന്‍' എന്ന പേരില്‍ 2025-ഓടെ പൂര്‍ത്തീകരിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
