/kalakaumudi/media/media_files/2025/09/14/lana-2025-09-14-14-49-21.jpg)
പുനെ: ഈ വർഷം അവസാനത്തോടെ രാജ്യത്ത് ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ലാനിന ഇന്ത്യയിലെ ശൈത്യകാലം കഠിനമുള്ളതാക്കും. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന ഉണ്ടാകാനുള്ള സാധ്യത 71% ആണെന്ന് യുഎസ് നാഷണൽ വെതർ സർവീസിന്റെ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു. 2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ സാധ്യത 54ശതമാനമാണെന്നും പറയുന്നു. എൽ നിനോ-സതേൺ ഓസിലേഷൻ (ENSO) യുടെ തണുപ്പിക്കൽ ഘട്ടമായ ലാ നിന, ഭൂമധ്യരേഖാ പസഫിക്കിലെ സമുദ്ര താപനിലയിൽ മാറ്റം വരുത്തുകയും ലോകമെമ്പാടുമുള്ള കാലാവസ്ഥയിൽ മാറ്റങ്ഹൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ കനത്ത മഴയും തണുപ്പുമാണ് ലാനിനയുടെ ഫലം.ഭൂമധ്യരേഖാ പസഫിക്കിൽ നിലവിൽ ന്യൂട്രൽ സാഹചര്യമാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ( ഐഎംഡി ) അടുത്തിടെ പുറത്തിറക്കിയ എൻസോ ബുള്ളറ്റിനിൽ പറയുന്നു. ഐഎംഡിയുടെ മൺസൂൺ മിഷൻ ക്ലൈമറ്റ് ഫോർകാസ്റ്റ് സിസ്റ്റം (എംഎംസിഎഫ്എസ്) ഉൾപ്പെടെയുള്ള ആഗോള മോഡലുകളിൽ നിന്നുള്ള പ്രവചനങ്ങൾ പ്രകാരം മൺസൂൺ കാലം മുഴുവൻ ന്യൂട്രൽ അവസ്ഥയിൽ തുടരുമെന്നായിരുന്നു. എന്നാൽ, മൺസൂണിനു ശേഷമുള്ള മാസങ്ങളിൽ ലാ നിന ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കുമെന്നും ഐഎംഡി സൂചന നൽകി. ഈ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെ ലാ നിന ഉണ്ടാകാനുള്ള സാധ്യത മോഡലുകൾ കാണിക്കുന്നു. ലാ നിന സാധാരണയായി ഇന്ത്യയിലെ തണുപ്പുള്ള ശൈത്യകാലവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ചൂടുപിടിക്കൽ പ്രഭാവം ഒരു പരിധിവരെ ഇതിനെ മറികടക്കുമെങ്കിലും, ലാ നിന വർഷങ്ങളിലെ ശൈത്യകാലം കൂടുതൽ തണുപ്പുള്ളതായിരിക്കും. അതിനാൽ ഈ വർഷം മൊത്തത്തിൽ ചൂടേറിയ വർഷങ്ങളിൽ ഒന്നായിരിക്കില്ല. മൺസൂൺ സമയത്ത് മഴ ഇതിനകം തന്നെ താപനിലയെ നിയന്ത്രണത്തിലാക്കിയിട്ടുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസിയായ സ്കൈമെറ്റ് വെതർ പ്രസിഡന്റ് ജിപി ശർമ്മ പറഞ്ഞു.
പസഫിക് സമുദ്രം ഇതിനകം തന്നെ സാധാരണയേക്കാൾ തണുത്തതാണ്. എന്നിരുന്നാലും ലാ നിന അവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. സമുദ്രോപരിതല താപനില -0.5°C യിൽ താഴെയായി കുറയുകയും കുറഞ്ഞത് മൂന്ന് ഓവർലാപ്പിംഗ് ക്വാർട്ടറുകളിൽ ഇത് തുടരുകയും ചെയ്താൽ, ലാ നിനയായി പ്രഖ്യാപിക്കപ്പെടും. 2024 അവസാനത്തിൽ സമാനമായ സാഹചര്യം ഉണ്ടായി. നവംബർ മുതൽ ജനുവരി വരെ ലാ നിന സാഹചര്യങ്ങൾ ഹ്രസ്വമായി പ്രത്യക്ഷപ്പെട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
