തമിഴ്‌നാട്ടില്‍ ഡിഎംകെ മന്ത്രി നെഹ്‌റുവിനെതിരെ കേസെടുത്താല്‍ സ്‌ഫോടനം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള ശാസ്ത്രി ഭവനിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനത്തേക്ക് വന്ന ഇമെയില്‍ സന്ദേശത്തിലാണ് ബോംബ് ഭീഷണി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

author-image
Biju
New Update
TAMIL 2

ചെന്നൈ : തമിഴ്‌നാട് ഇ ഡി ഓഫീസിന് നേരെ ബോംബ് ഭീഷണി. ചെന്നൈയിലെ ഓഫീസ് ബോംബ് സ്‌ഫോടനം നടത്തി തകര്‍ക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. ഡിഎംകെ മന്ത്രി കെ എന്‍ നെഹ്‌റുവിനെതിരെ കേസെടുത്താല്‍ സ്‌ഫോടനം നടക്കും എന്നാണ് ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ബോംബ് ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് ഓഫീസിന്റെ സുരക്ഷ കേന്ദ്ര ഏജന്‍സി ശക്തമാക്കി. ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള ശാസ്ത്രി ഭവനിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആസ്ഥാനത്തേക്ക് വന്ന ഇമെയില്‍ സന്ദേശത്തിലാണ് ബോംബ് ഭീഷണി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തമിഴ്നാട് ഡിജിപിയുടെ ഇമെയില്‍ ഐഡിയിലേക്കും ഇതേ സന്ദേശം എത്തിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

തമിഴ്‌നാട് സര്‍ക്കാരിലെ മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍, നഗര, ജലവിതരണ മന്ത്രിയാണ് കെ എന്‍ നെഹ്റു. ജോലി നല്‍കുന്നതിനായി പണം വാങ്ങി അഴിമതി നടത്തിയതിന്റെ പേരിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നത്. നെഹ്റുവിന്റെ കീഴിലുള്ള എംഎഡബ്ല്യുഎസിലേക്കുള്ള ജോലി നിയമന പ്രക്രിയയില്‍ ക്രമക്കേടുകള്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ നെഹ്റുവിനും മറ്റ് രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.