തമിഴ്‌നാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 16 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്നാടിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുകയാണ്. ചെന്നൈ അടക്കം വടക്കന്‍ ജില്ലകളിലും ഡെല്‍റ്റ മേഖലയിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം

author-image
Biju
New Update
rain

ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് മഴ കനക്കും. 8 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ചെന്നൈ അടക്കം 16 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധിയാണ്. വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ അഞ്ച് തെക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്

കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്നാടിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുകയാണ്. ചെന്നൈ അടക്കം വടക്കന്‍ ജില്ലകളിലും ഡെല്‍റ്റ മേഖലയിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. പുതുച്ചേരി, കടലൂര്‍, വില്ലുപുരം തുടങ്ങിയ സ്ഥലങ്ങളില്‍ രാത്രിയില്‍ കനത്ത മഴ പെയ്തു. 

തെക്കന്‍ തമിഴ്നാട്, ഡെല്‍റ്റ ജില്ലകളില്‍ മഴയുടെ ശക്തി ഇന്ന് കുറയാനിടയുണ്ട്. അതേസമയം വടക്കന്‍ തീരദേശ തമിഴ്നാട്ടില്‍ മഴയുടെ തീവ്രത വര്‍ദ്ധിക്കാനിടയുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ ചെന്നൈയുടെ ചില ഭാഗങ്ങളില്‍ വ്യാപകമായി മഴ പെയ്യുന്നുണ്ട്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ട്രിച്ചി, ചെങ്കല്‍പട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍, റാണിപ്പേട്ട്, വില്ലുപുരം, കടലൂര്‍, തഞ്ചാവൂര്‍, മയിലാടുതുറൈ, തിരുവാരൂര്‍, കല്ലുറിച്ചി, ശിവഗംഗ, കാരയ്ക്കല്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയാണ്. ചെന്നൈയിലും പെരമ്പല്ലൂരിലും സേലത്തും സ്‌കൂളുകള്‍ക്ക് മാത്രം അവധിയാണ്. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.