ബീഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചേക്കും

പ്രതിസന്ധി മറികക്കുന്നതിന്റെ ഭാഗമായി സഖ്യത്തിനുള്ളിലെ സംഘര്‍ഷം ശമിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ബുധനാഴ്ച മുതിര്‍ന്ന പാര്‍ട്ടി നേതാവ് അശോക് ഗെലോട്ടും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായും തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്

author-image
Biju
New Update
tejaswi

പട്‌ന : ബീഹാറില്‍ ഇന്‍ഡി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രതിസന്ധി മറികക്കുന്നതിന്റെ ഭാഗമായി സഖ്യത്തിനുള്ളിലെ സംഘര്‍ഷം ശമിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ബുധനാഴ്ച മുതിര്‍ന്ന പാര്‍ട്ടി നേതാവ് അശോക് ഗെലോട്ടും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായും തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

അതിനിടെ തിരഞ്ഞെടുപ്പിനു മുന്‍പേ തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളിന് തിരിച്ചടി. പാര്‍ട്ടിയുടെ പിന്നാക്ക വിഭാഗ സെല്ലിലെ നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചു. പിന്നാക്ക വിഭാഗത്തിലെ 50ഓളം നേതാക്കളാണ് രാജിവെച്ചത്.

ടിക്കറ്റ് വിതരണത്തിലെ അവഗണനയും പക്ഷപാതവും ചൂണ്ടിക്കാട്ടിയാണ് ആര്‍ജെഡി പിന്നോക്ക വിഭാഗ സെല്ലിലെ നേതാക്കളുടെ കൂട്ടരാജി. രാജിവച്ചവരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഭോല സാഹ്നി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കുമാര്‍ ഗൗരവ്, പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ഗോപാല്‍ ലാല്‍ ദേവ്, ജില്ലാ ജനറല്‍ സെക്രട്ടറി ശ്യാം സുന്ദര്‍ കാമത്ത്, സംസ്ഥാന സെക്രട്ടറി സുശീല്‍ സാഹ്നി എന്നിവരും മറ്റ് നിരവധി പ്രമുഖ നേതാക്കളും ഉള്‍പ്പെടുന്നു.

ദര്‍ഭംഗയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ രാജിവെച്ച നേതാക്കള്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. വളരെ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആളുകള്‍ വര്‍ഷങ്ങളായി ആര്‍ജെഡിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും എന്നാല്‍ ടിക്കറ്റ് വിതരണത്തില്‍ അവരെ പൂര്‍ണ്ണമായും അവഗണിച്ചുവെന്നും നേതാക്കള്‍ വെളിപ്പെടുത്തി. പാര്‍ട്ടിക്ക് ഇപ്പോള്‍ ഒരു പ്രത്യയശാസ്ത്രവും ഇല്ലെന്നും സാമ്പത്തിക ശക്തികളാണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത് എന്നുള്ളതിനാല്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുകയാണെന്ന് പിന്നോക്ക വിഭാഗ നേതാക്കള്‍ അറിയിച്ചു.