തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം

എല്ലാ മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തേജസ്വി യാദവിന് വലിയ ഭാവിയുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു

author-image
Biju
New Update
thejaswi

പട്‌ന: മഹാസഖ്യത്തിന്റെ ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര്‍ജെഡി നേതാവും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിഹാറിലെ കോണ്‍ഗ്രസ് നിരീക്ഷകന്‍ അശോക് ഗെഹ്ലോട്ട് ആണ് ഇന്ത്യ സഖ്യത്തിന്റെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയത്. എല്ലാ മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തേജസ്വി യാദവിന് വലിയ ഭാവിയുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു.

സഖ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കഴിഞ്ഞ ദിവസമാണ് ഗെഹ്ലോട്ടിനെ സംസ്ഥാനത്തേക്ക് അയച്ചത്. അതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. നേരത്തെ അദ്ദേഹം ലാലുപ്രസാദ് യാദവ് അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു.

രാഘവ്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് തേജസ്വി ജനവിധി തേടുന്നത്. പെണ്‍കുട്ടികള്‍ക്ക് തൊഴിലും പഠനവും ഉറപ്പാക്കുമെന്നതാണ് തേജസ്വി മുന്നോട്ട് വച്ചിട്ടുള്ള ഏറ്റവും വലിയ വാഗ്ദാനം. ഇതിന് പുറമെ സ്ഥിരജോലിയും യുവാക്കള്‍ക്ക് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നു. ഇതിന് പുറമെ വീട്, ആവശ്യത്തിന് റേഷന്‍, വനിതകള്‍ക്ക് വരുമാനം തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. സഖ്യത്തില്‍ യാതൊരു പ്രതിസന്ധിയുമില്ലെന്നും തേജസ്വി വ്യക്തമാക്കി. 

ബിഹാറിന്റെ വികസനത്തിനാകും തങ്ങള്‍ മുന്‍തൂക്കം നല്‍കുക, അല്ലാതെ കേവലം സര്‍ക്കാര്‍ രൂപീകരണത്തിനല്ലെന്നും തേജസ്വി പറഞ്ഞു. ഞങ്ങള്‍ ഒത്തൊരുമിച്ച് മുന്നോട്ട് പോകും. എന്‍ഡിഎയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനെ താഴെയിറക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഈ ഇരട്ട എന്‍ജിനിലൊന്ന് അഴിമതിയും മറ്റേത് കുറ്റകൃത്യങ്ങളുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ ബിഹാറിലെ മത്സ്യത്തൊഴിലാളികള്‍ക്കിടില്‍ കാര്യമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് വിഐപി. പിന്നാക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് മുകേഷ് സാഹ്നിയുടെ ഉപമുഖ്യമന്ത്രിപദ വാഗ്ദാനം.