ബംഗാളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല വന്ദേമാതരം; രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കുന്നവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം: അമിത്ഷാ

ചില അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെയാണ് വിഷയത്തില്‍ മറുപടിയുമായി അമിത് ഷാ രംഗത്തെത്തിയത്. 'വന്ദേമാതരം' ദേശീയ ഗീതത്തിന്റെ 150-ാം വാര്‍ഷികത്തെക്കുറിച്ച് രാജ്യസഭയില്‍ സംസാരിക്കവെയാണ് അമിത്ഷായുടെ പ്രസ്താവന

author-image
Biju
New Update
amit shah

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവച്ച് 'വന്ദേമാതരം' ഗാനം. വന്ദേമാതരം ബംഗാളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും അതിര്‍ത്തിയിലുള്ള സൈനികര്‍ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്യുമ്പോള്‍ ഉയര്‍ത്തുന്ന മുദ്രവാക്യമാണ് അതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ പറഞ്ഞു. 

വന്ദേമാതരത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ ആവശ്യകതയെക്കുറിച്ച് ചില അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതോടെയാണ് വിഷയത്തില്‍ മറുപടിയുമായി അമിത് ഷാ രംഗത്തെത്തിയത്.  'വന്ദേമാതരം' ദേശീയ ഗീതത്തിന്റെ 150-ാം വാര്‍ഷികത്തെക്കുറിച്ച് രാജ്യസഭയില്‍ സംസാരിക്കവെയാണ് അമിത്ഷായുടെ പ്രസ്താവന.

''വന്ദേമാതരത്തെക്കുറിച്ചുള്ള ചര്‍ച്ചയുടെ ആവശ്യകത, വന്ദേമാതരത്തോടുള്ള സമര്‍പ്പണത്തിന്റെ ആവശ്യകത, അന്ന് അതിന് പ്രധാന്യമുണ്ടായിരുന്നു. ഇപ്പോഴും അത് ആവശ്യമാണ്. 2047-ല്‍ നമ്മള്‍ വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അത് എല്ലായിപ്പോഴും പ്രധാനമാണ്. ബംഗാളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഈ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ചിലര്‍ കരുതുന്നു. ഈ ചര്‍ച്ചകളെ ബംഗാള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തരുത്. 

അങ്ങനെ ചെയ്യുന്നവര്‍ നമ്മുടെ ദേശീയ ഗീതത്തിന്റെ മഹത്വത്തെ താഴ്ത്തിക്കെട്ടാന്‍ ആഗ്രഹിക്കുകയാണ്. വന്ദേമാതരത്തിന്റെ രചയിതാവ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി ബംഗാളില്‍ നിന്നുള്ളയാളാണെന്നത് ശരിയാണ്, ആനന്ദ് മഠത്തിന്റെ ഉത്ഭവം ബംഗാളിലാണെന്നതും ശരിയാണ്, പക്ഷേ വന്ദേമാതരം ബംഗാളിലോ രാജ്യത്തിന്റെ അതിര്‍ത്തിയിലോ മാത്രമായി ഒതുങ്ങി നിന്നില്ല. അതിര്‍ത്തിയിലുള്ള സൈനികരോ കാവല്‍ നില്‍ക്കുന്ന പൊലീസുകാരോ രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിക്കുമ്പോള്‍, വന്ദേമാതരം മാത്രമാണ് അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം''  അമിത് ഷാ പറഞ്ഞു.