കുമാരസ്വാമി കേരളത്തിലേയ്ക്ക്; തിരക്കൊഴിഞ്ഞ തിരുനടയില്‍ കച്ചവടക്കാര്‍ ത്രിശങ്കുവില്‍

പൂവാര്‍: നവരാത്രി പൂജകള്‍ക്കായി തക്കല വേളിമല കുമാര കോവിലിലെ കുമാരസ്വാമി കേരളത്തിലേക്ക് പോയതോടെ തിടപ്പള്ളിയില്‍ നടയടച്ചു. ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കുമെങ്കിലും ദര്‍ശനത്തിനെത്തുന്നവര്‍ വിരളം. ഭക്തജനത്തിരക്കില്ലാതായതോടെ കോവില്‍ പരിസരത്ത് പൂജാദ്രവ്യങ്ങളും മറ്റ് അനുബന്ധ സാധനങ്ങളും കച്ചവടം നടത്തി ജീവിച്ചിരുന്ന അറുപതിലധികം കച്ചവടക്കാര്‍ക്ക് നിത്യവൃത്തിക്ക് വേറെ വഴി തേടുകയാണ്. ഇവരില്‍ പൂക്കച്ചവടം ചെയ്യുന്നവരാണധികവും. കുമാരസ്വാമിക്ക് കാഴ്ച്ച വക്കുന്ന പഴവര്‍ഗ്ഗങ്ങളും പൂജാ സാധനങ്ങളുമടങ്ങിയ തട്ട കച്ചവടക്കാരും തുണിത്തരങ്ങള്‍, പച്ചക്കറി, മറ്റ് കുടില്‍ വ്യവസായ ആഹാരസാധനങ്ങള്‍ എന്നിവ വിറ്റ് ഉപജീവനം നടത്തിയിരുന്നവരുമാണ് മറ്റ് തൊഴിലുകള്‍ കണ്ടെത്തേണ്ട സ്ഥിതിയിലായത്.

New Update

വേളിമലയും പരിസരങ്ങളും കാക്കുന്ന കുമാരസ്വാമിയുടെ താല്‍ക്കാലിക വേര്‍പാടിന്റെ വേദനയും ഉപജീവനം മുടങ്ങിയ വേദനയും ഉള്ളിലൊതുക്കി കടകളടച്ച് നിത്യവൃത്തിക്ക് താല്‍ക്കാലികമായ മറ്റ് വഴികള്‍ തേടുകയാണ് പലരും. എല്ലാ വര്‍ഷത്തെയും കുമാരസ്വാമിയുടെ കേരളത്തിലേക്കുള്ള എഴുന്നള്ളത്തിന് ചില കച്ചവടക്കാര്‍ പൂക്കളും പൂജാദ്രവ്യങ്ങളുമായി കളിയിക്കാവിള വരെ എഴുന്നള്ളത്തിന് മുന്നേ സഞ്ചരിക്കുക പതിവായിരുന്നു. ഇത്തവണ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുമാരസ്വാമിയോടൊപ്പം കൂടാനാകില്ലെന്ന് മാത്രമല്ല രോഗ ഭീതി നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്ര ദര്‍ശനത്തിനും ഭക്തജനത്തിരക്കില്ലായിരുന്നു.

ക്ഷേത്രത്തെ ആശ്രയിച്ച് ജീവിച്ചിരുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് പുറമെ ക്ഷേത്രത്തിലെ താല്‍ക്കാലിക ജീവനക്കാരും വേതനമില്ലാതെ വലയുന്ന സ്ഥിതിയിലാണ്. മൂന്ന് മാസത്തിലേറെക്കാലമായി വിശേഷ വെള്ളിയാഴ്ച്ചകളും, വിശാഖ, ഷഷ്ഠി ദിനങ്ങളും ജനത്തിരക്കില്ലാതെ കടന്നു പോയി. മാത്രമല്ല ക്ഷേത്ര ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര മടച്ച് ദര്‍ശനമനുവദിക്കാതെയും കുറച്ചു നാള്‍ കടന്നുപോയി. കുമാരസ്വാമി ഇത്തവണ നവരാത്രി ആഘോഷങ്ങള്‍ക്കായി വേളിമല വിട്ടപ്പോള്‍ 18 നുള്ള വിശാഖ നക്ഷത്ര പൂജയും 22 നുള്ള ഷഷ്ഠിപൂജക്ക് പുറമെ 23 വെള്ളിയാഴ്ച്ചയുള്ള സപ്തമി 27 ലെ ഏകാദശി തുടങ്ങി ഭക്തജനത്തിരക്കേറിയ നാല് വിശേഷ ദിവസങ്ങളാണ് കുമാര കോവിലില്‍ നഷ്ടമായതെന്ന് കച്ചവടക്കാര്‍ പറയുന്നു.

Kumaraswamy to visit Kerala Merchants lurk in the busy Thirunada velimala kumara kovil temple tamilnadu