'അമ്മുക്കുട്ട്യമ്മേടെ മാല ആദ്യം ചാർത്തുന്നത് ഒരു സുഖാണ്. കണ്ണനും അതാ ഇഷ്ടം'; ശ്രീ കൃഷ്ണ കഥകൾ...

ഒരു കൊച്ചു ഗ്രാമത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് കൃഷ്ണഭക്തയായ ഒരമ്മൂമ്മ താമസിച്ചിരുന്നു. അമ്മൂമ്മയുടെ വീടിനു മുന്നിൽ വലിയ നെൽപ്പാടമാണ്. അതിന്റെ മറുകരയിലാണ് കൃഷ്ണ ക്ഷേത്രം. അമ്മൂമ്മയ്ക്ക് സ്വന്തമെന്നു പറയാൻ ആരും ഉണ്ടായിരുന്നില്ല. ഒറ്റയ്ക്കാണ് താമസം. സദാ പുഞ്ചിരി തൂകുന്ന അമ്മൂമ്മയെ കാണുന്നതു തന്നെ എല്ലാവര്‍ക്കും സന്തോഷമാണ്. അമ്മൂമ്മ എന്നും രാവിലെ നേരത്തെ എഴുന്നേററ് വീടും പരിസരവും വൃത്തിയാക്കി കുളിച്ചു വന്ന് തുളസിയും തെച്ചിയും പിച്ചകവും പറിച്ച് കണ്ണന് അതിമനോഹരമായ മാലകെട്ടും. കണ്ണന് മാലകെട്ടാനായി അമ്മൂമ്മ ഇതെല്ലാം സ്വന്തം വീട്ടുമുറ്റത്ത് നട്ടു വളർത്തിയതാണ്. ആ മാലയും കൊണ്ട് കൃഷ്ണനാമങ്ങൾ ഉരുവിട്ടുകൊണ്ട് വയൽ വരമ്പിലൂടെ നടന്ന് ക്ഷേത്രത്തില്‍ എത്തും. അമ്മൂമ്മയുടെ മാലയും കാത്ത് ശാന്തിക്കാരന്‍ തിരുമേനി അക്ഷമയോടെ നില്ക്കുന്നുണ്ടാവും.

author-image
Web Desk
New Update
'അമ്മുക്കുട്ട്യമ്മേടെ മാല ആദ്യം ചാർത്തുന്നത് ഒരു സുഖാണ്. കണ്ണനും അതാ ഇഷ്ടം'; ശ്രീ കൃഷ്ണ കഥകൾ...

ഒരു കൊച്ചു ഗ്രാമത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് കൃഷ്ണഭക്തയായ ഒരമ്മൂമ്മ താമസിച്ചിരുന്നു. അമ്മൂമ്മയുടെ വീടിനു മുന്നിൽ വലിയ നെൽപ്പാടമാണ്. അതിന്റെ മറുകരയിലാണ് കൃഷ്ണ ക്ഷേത്രം. അമ്മൂമ്മയ്ക്ക് സ്വന്തമെന്നു പറയാൻ ആരും ഉണ്ടായിരുന്നില്ല. ഒറ്റയ്ക്കാണ് താമസം. സദാ പുഞ്ചിരി തൂകുന്ന അമ്മൂമ്മയെ കാണുന്നതു തന്നെ എല്ലാവര്‍ക്കും സന്തോഷമാണ്. അമ്മൂമ്മ എന്നും രാവിലെ നേരത്തെ എഴുന്നേററ് വീടും പരിസരവും വൃത്തിയാക്കി കുളിച്ചു വന്ന് തുളസിയും തെച്ചിയും പിച്ചകവും പറിച്ച് കണ്ണന് അതിമനോഹരമായ മാലകെട്ടും. കണ്ണന് മാലകെട്ടാനായി അമ്മൂമ്മ ഇതെല്ലാം സ്വന്തം വീട്ടുമുറ്റത്ത് നട്ടു വളർത്തിയതാണ്. ആ മാലയും കൊണ്ട് കൃഷ്ണനാമങ്ങൾ ഉരുവിട്ടുകൊണ്ട് വയൽ വരമ്പിലൂടെ നടന്ന് ക്ഷേത്രത്തില്‍ എത്തും. അമ്മൂമ്മയുടെ മാലയും കാത്ത് ശാന്തിക്കാരന്‍ തിരുമേനി അക്ഷമയോടെ നില്ക്കുന്നുണ്ടാവും.

"അമ്മുക്കുട്ട്യമ്മേടെ മാല ആദ്യം ചാർത്തുന്നത് ഒരു സുഖാണ്. കണ്ണനും അതാ ഇഷ്ടം" എന്ന് അദ്ദേഹം ഒരിക്കൽ പറയേണ്ടായീണ്ട്. അപ്പോഴും അമ്മൂമ്മ അതിമനോഹരമായി ചിരിക്കും. കണ്ണനെ തൊഴുത് വളരെ നേരം നില്ക്കും. അവരുടെ മുഖഭാവം കണ്ടാൽ കണ്ണന്റെ പല പല ഭാവങ്ങളും കുറുമ്പുകളും ആ അമ്മൂമ്മ കാണുന്നുണ്ട് ന്ന് തോന്നും. ആ അനുഭൂതിയും നുകർന്നുകൊണ്ട് വീട്ടിലേക്കു മടങ്ങും. അപ്പോഴും നാവിൽ കൃഷ്ണനാമങ്ങളുണ്ടാവും. ചെന്ന ഉടനെ ഭാഗവതം എടുത്ത് വായിക്കും. അതിനു ശേഷേ എന്തെങ്കിലും കഴിക്ക്യ പതിവുള്ളൂ. എന്തെങ്കിലും അല്ല കണ്ണന് നേദിച്ച പടച്ചോറെന്യാണ് അമ്മൂമ്മയുടെ ഭക്ഷണം. ചിലപ്പോള്‍ അടുത്തുള്ള കുഞ്ഞുങ്ങള്‍ വരും. അമ്മൂമ്മേ കണ്ണന്റെ കഥ പറയോ...? കണ്ണന്റെ കഥ പറയാൻ തുടങ്ങ്യാൽ അമ്മൂമ്മ എല്ലാം മറക്കും. കണ്ണന്റേം യശോദേടേം കഥ പറയുമ്പോൾ അമ്മൂമ്മ യശോദയാവും. ബ്രാഹ്മണസ്ത്രീകൾ കണ്ണനെ കാണാൻ പോയതു പറയുമ്പോൾ ബ്രാഹ്മണസ്ത്രീയാവും. ഗോപികമാരുടെ കഥപറയുമ്പോൾ ഗോപികയാവും. പഴം വില്പനക്കാരിയുടെ കഥ പറഞ്ഞാൽ അവരാകും. നല്ല രസാണ് അമ്മൂമ്മേടെ കഥ കേൾക്കാൻ. ഇങ്ങിനെ അമ്മൂമ്മയുടെ ദിവസങ്ങള്‍ കടന്നുപോയി.

ഒരു ദിവസം എന്തുകൊണ്ടോ അമ്മൂമ്മ എണീക്കാൻ അല്പം വൈകി. മാലയും കൊണ്ടു ചെന്നപ്പോൾ കണ്ണന്റെ അലങ്കാരം കഴിഞ്ഞു. പക്ഷേ ഇത്തിരി വൈക്യാലും ശാന്തിക്കാരൻ കാത്തു നില്ക്കാറുള്ളതാണ്. ഇന്നെന്തു പറ്റി? അപ്പോഴാണ് കണ്ടത് പുതിയ ആളാണ് ശാന്തിക്കാരൻ. അയാൾക്ക് അമ്മൂമ്മയുടെ പതിവ് അറിയാത്തതിനാൽ നേരത്തെ തന്നെ അലങ്കാരം കഴിച്ചു. അമ്മൂമ്മയ്ക്ക് വിഷമം തോന്നി. അമ്മൂമ്മ മാല തൃപ്പടിയിൽ വച്ചു. നിറകണ്ണുകളോടെ കണ്ണനെ നോക്കി. പെട്ടെന്നു അമ്മൂമ്മയ്ക്ക് തലേന്ന് കുട്ടികളോട് പറഞ്ഞ കഥ ഓർമ്മ വന്നു. ഗോപികമാർക്ക് കണ്ണന് എന്നോട് നല്ല ഇഷ്ടമാണ് ന്ന് തോന്നിയപ്പോൾ കണ്ണൻ അവരെ വിട്ടു പോയി. കണ്ണന് ഒരു കള്ളച്ചിരി. മനസ്സിലായി കണ്ണാ.. എനിക്കും ഉള്ളിൽ ചെറിയൊരു അഹങ്കാരം ണ്ടായിരുന്നു. അത് മനസ്സിലാക്കിത്തന്നതാണ് ല്ലേ..

അമ്മൂമ്മ പുഞ്ചിരിച്ചുകൊണ്ട് പതുക്കെ തിരികെ നടന്നു. തിരുമേനി ആ മാലയെടുത്ത് മറ്റു മാലകളുടെ കൂട്ടത്തിൽ ചാർത്തി. വീട്ടിൽ ചെന്ന് അമ്മൂമ്മ പതിവു പോലെ ഭാഗവതഗ്രന്ഥമെടുത്തു വായിക്കാനിരുന്നു. ശരിക്കു വായിക്കാനാവുന്നില്ല. കണ്ണന്റെ കള്ളച്ചിരി ഓരോ അക്ഷരത്തിലും കാണുന്നു. ന്റെ കണ്ണാ...ഹരേ.. ഹരേ ..

പെട്ടന്നൊരു വിളി

അമ്മൂമ്മേ..

ഇന്ന് കുട്ടികള്‍ നേരത്തേ വന്നോ. ? അമ്മൂമ്മ

എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നപ്പോൾ ആറെഴു വയസ്സുമാത്രം പ്രായം തോന്നിക്കുന്ന ഒരു കുട്ടി.

കറുത്തതാണെങ്കിലും നല്ല അഴക്. കഴുത്തുവരെ എത്തുന്ന ഇടതൂർന്നു ചുരുണ്ട തലമുടി അലസമായി നെറ്റിയിലേക്ക് വീണുകിടക്കുന്നതു കാണാൻ എന്തു കൌതുകം. ഒരു കള്ളത്തരത്തോടെയുള്ള തീഷ്ണമായ നോട്ടം ഉള്ളിലേക്ക് ആഴ്ന്നിറങ്ങി കൊളുത്തി വലിക്കുന്നതുപോലെ. ചുണ്ടിലും ഒരു കള്ളച്ചിരി. കഴുത്തിൽ ഒരു ചരടിൽ ഒരു പുലിനഖം. ചെറിയ ഒരു തോർത്തുമുണ്ട് ഉടുത്തിരിക്കുന്നു. കയ്യിലെ വടി തോളത്ത് വച്ച് രണ്ടു കയ്യും അതിന്മേല്‍ പിണച്ച് കുസൃതിയോടെ നില്ക്കുന്നു.

കണ്ണാ... നീ ഏതാണ് ഇതിനു മുൻപ് കണ്ടീട്ടേ ഇല്യാലോ? അമ്മൂമ്മ എല്ലാ കുട്ടികളേയും കണ്ണ കൃഷ്ണാ ന്നാണ് വിളിക്കുക. അവന് ആ വിളി നന്നേ ബോധിച്ചതുപോലെ പുഞ്ചിരിച്ചു. അമ്മൂമ്മ വീണ്ടും പറഞ്ഞു. "പക്ഷേ നിന്നെ നോക്കി നില്ക്കുമ്പോൾ നിത്യ പരിചയം ഉള്ളതുപോലെ തോന്നുന്നു" അവൻ ചിരിച്ചുകൊണ്ട് അകലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

"അമ്മൂമ്മേ ഞാനാ വയലിനക്കരെ ഉള്ളതാണ്. നമ്മള്‍ എന്നും കാണാറുണ്ടല്ലോ. ഈ വയലെല്ലാം നോക്കാൻ വന്നതാണ് ഞാൻ. എനിക്ക് വല്ലാതെ വിശക്കുന്നു ...വല്ലതും കഴിക്കാൻ തരാമോ?"

"ന്റെ കൃഷ്ണാ... അതിനെന്താ കണ്ണാ.... ഇങ്ങോട്ടു കയറി ഇരിക്കൂ...."

അമ്മൂമ്മ അകത്തുപോയി കുറച്ചവിലെടുത്ത് ശർക്കര ചേർത്ത് പഴം നുറുക്കിയിട്ട് അല്പം നെയ്യും ചേർത്തിളക്കി ഒരിലയിൽ എടുത്ത് പുറത്തേയ്ക്കു വന്നു. കഥ കേൾക്കാൻ വരുന്ന കുട്ടികളുടെ ഇഷ്ട വിഭവാണ് ഇത്. നോക്കിയപ്പോൾ ആ കുട്ടിയെ അവിടെ കണ്ടില്യ.

കണ്ണാ നീ എവിടെപ്പോയി?...

മറുപടിയില്യ. പാവം ഞാൻ വരാൻ താമസിച്ചപ്പോള്‍ തിരിച്ചുപോയോ? കയ്യിലെ ഇല തിണ്ണയിൽ വച്ച് മുറ്റത്തിറങ്ങി നോക്കി. വയൽ വരമ്പിലോന്നും കാണാല്യാലോ..ഇനീപ്പോൾ അകത്തെങ്ങാനും ണ്ടാവോ? അങ്ങന്യാച്ചാൽ വിളിച്ചാല്‍ കേൾക്കണ്ടേ...ഇതെവിടെ പോയി? തിരികെ അകത്തു വന്നു നോക്കുമ്പോളുണ്ട് താൻ എന്നും വായിക്കുന്ന ആ ഭാഗവതഗ്രന്ഥം ഒരു മാല കൊണ്ടലങ്കരിച്ചിരിക്കുന്നു. സൂക്ഷിച്ച് നോക്കി. ങേ......ഇത് ഞാൻ ഇന്ന് രാവിലെ കണ്ണന് കെട്ടികൊണ്ടുപോയ മാലയല്ലേ...?

ഇതെങ്ങിനെ ഇവിടെ വന്നു? ആ കുട്ടി കൊണ്ടന്നതാവുമോ? തിരുമേനി ആ മാല ചാർത്താതെ പുറത്തു വച്ചത് ഇവനെടുത്തതാവുമോ? വീണ്ടും ഉമ്മറത്തു വന്ന് നോക്കിയപ്പോള്‍ തിണ്ണയിൽ വച്ച അവിലിന്റെ ഇല കാണാനില്യ. ഇത് അവന്റെ പണി തന്നെ. ഇതിനാണ് പതുങ്ങി നിന്നത് ല്ലേ കുറുമ്പൻ. ഉണ്ണക്കണ്ണനേപ്പോലെ വികൃത്യെന്നെ.

അന്നു മുഴുവൻ അതാലോചിച്ച് അമ്മൂമ്മ ആനന്ദത്തിൽ ഇരുന്നു.

രാത്രി ഉറങ്ങിയപ്പോൾ അമ്മൂമ്മ സ്വപ്നത്തിൽ കണ്ടു......ഉണ്ണിക്കണ്ണൻ താൻ കൊടുത്ത മാല കഴുത്തിലണിഞ്ഞ്, താൻ കൊടുത്ത അവിൽക്കൂട്ട് ആസ്വദിച്ചു കഴിക്കുന്നു. പെട്ടെന്ന് ഒരശരീരിപോലെ മാധുര്യമുള്ള മൊഴികേട്ടു.

"ഇത്ര നല്ല അവിൽക്കൂട്ട് ഞാനിതുവരെ കഴിച്ചീട്ടില്യ." അമ്മൂമ്മ 'ന്റെ കൃഷ്ണാ' എന്നു വിളിച്ചുകൊണ്ട് ഞെട്ടി ഉണർന്നു. നേരം പുലർന്നിരിക്കുന്നു. എത്ര മനോഹരമായ സ്വപ്നം. എന്റെ കണ്ണാ സ്വപ്നത്തിലെങ്കിലും കാണാനുള്ള ഭാഗ്യണ്ടായീലോ...

അന്നും അമ്മൂമ്മ പതിവുപോലെ മാലയുമായി അമ്പലത്തിലേക്ക് നടന്നു. വഴിയിലെങ്ങാനും ഇന്നലെ വന്ന ആ ബാലൻ നില്പുണ്ടോ എന്നു നോക്കി. എവിടേയും കണ്ടില്ല.

ക്ഷേത്രത്തിലെത്തിയപ്പോൾ പതിവില്ലാതെ

എല്ലാവരും ശാന്തിക്കാരന്റെ ചുറ്റും നില്ക്കുന്നു.

ഇതെന്താപ്പൊ കഥ?

അമ്മൂമ്മയെ കണ്ടതും ശാന്തിക്കാരന്‍ പറഞ്ഞു

"ആ വന്നല്ലോ. ഈ അമ്മയുടെ കാര്യാണ് ഞാൻ പറഞ്ഞത്. "

അമ്മൂമ്മയ്ക്ക് വേവലാതിയായി.

ന്റെ കൃഷ്ണാ എന്തേണ്ടായേ തിരുമേനി?

ഇന്നലെ അമ്മ തന്ന മാല ഞാൻ കണ്ണന് ചാർത്തീതാണ്. ഇന്നിപ്പോള്‍ ആ മാല അവിടെ കാണാല്യ. മാത്രല്ല കണ്ണന്റെ മുന്നിൽ ഒരിലയിൽ അവിലും പഴോം കുഴച്ച് വച്ചിരിക്കുന്നു. ഇന്നലെ നടയടയ്ക്കുന്ന വരെ ഞാനാ അവിലും പഴവും കണ്ടിട്ടില്യ. ഞാനൊട്ട് നേദിച്ചിട്ടൂല്യ. ഇവിടെ രാവിലെ ഒരു നേരേ പൂജേള്ളൂ ന്ന് എല്ലാവര്‍ക്കും അറിയാലോ? ഞാൻ രാവിലെ പൂജ കഴിഞ്ഞു പൂട്ടി താക്കോലും കൊണ്ട് പോയീതാണ്.

പിന്നെങ്ങനെ അതവിടെ വന്നെന്ന് ഒരു നിശ്ചോല്യ....പുലർച്ചെകണ്ട സ്വപ്നം അമ്മൂമ്മയ്ക്ക് ഓർമ്മ വന്നു. ന്റെ കൃഷ്ണാ അപ്പോള്‍ ഇന്നലെ വന്നത്..... അമ്മൂമ്മ അത്ഭുതത്തോടെ ശ്രീലകത്തേക്കു നോക്കി. പെട്ടന്ന കണ്ടു.... ഇന്നലെ വന്ന ആ ബാലൻ തന്നെ നോക്കി ആരോടും പറയരുതെന്ന ഭാവത്തിൽ ശ്രീലകത്തിരുന്ന് കള്ളക്കണ്ണിറുക്കി കാട്ടുന്നു.

അമ്മൂമ്മ ഒന്നും മിണ്ടാനാവാതെ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ കയ്യിലെ മാല തൃപ്പടിയിൽ വച്ച് കണ്ണനു മുന്നിൽ നമസ്ക്കരിച്ചു.

ഇത്ര കാരുണ്യം വേറെ ആർക്കുണ്ട് കണ്ണാ

എന്റെ കാരുണ്യക്കടലേ....സ്നേഹസ്വരൂപാ...

എന്നെന്നും നിന്നിൽ ഭക്തിയുണ്ടാവണേ...

ആ അമ്മൂമ്മയെപ്പോലെ നമുക്കും പ്രാർത്ഥിക്കാം

കണ്ണാ....

lord sree krishna