ഇനിയും പുഴയൊഴുകും .. ഇനിയും കുളിർകാറ്റാടി വരും ...

1985 ജനുവരിയിലാണ് (ഞാൻ പത്താം ക്‌ളാസിൽ) ആദ്യമായി ജയേട്ടനെ തൊട്ടടുത്ത് കാണുന്നത്, വല്യോപ്പോളുടെ വീട്ടിൽ, കൊടുങ്ങല്ലൂരിൽ (അച്ഛന്റെ ചേച്ചി, വല്ലത്തു ദേവകിഅമ്മ). വീട്ടിലെ അയ്യപ്പൻ വിളക്കിനു ഭക്തിഗാനസുധ അവതരിപ്പിക്കാൻ വന്നിരിക്കുന്നു

author-image
Rajesh T L
New Update
hhh

1985 ജനുവരിയിലാണ് (ഞാൻ പത്താം ക്‌ളാസിൽ) ആദ്യമായി ജയേട്ടനെ തൊട്ടടുത്ത് കാണുന്നത്,വല്യോപ്പോളുടെ വീട്ടിൽ, കൊടുങ്ങല്ലൂരിൽ (അച്ഛന്റെ ചേച്ചി, വല്ലത്തു ദേവകിഅമ്മ).വീട്ടിലെ അയ്യപ്പൻ വിളക്കിനു ഭക്തിഗാനസുധ അവതരിപ്പിക്കാൻ വന്നിരിക്കുന്നു, അച്ഛൻ പെങ്ങളുടെ മക്കളായ രവി ചേട്ടൻ (ഇന്നില്ല), ശശി ചേട്ടൻ എന്നിവരുടെ കൂട്ടുകാരനാണ്, അവരാണെന്നു കേട്ടിട്ടുണ്ട് ആദ്യമായി ശ്രീ ജയചന്ദ്രനെ യൂ .എ .ഇ സന്ദർശനത്തിന് എഴുപതുകളിൽ കൊണ്ടുപോയത്, ഇരിഞ്ഞലകുട ക്രൈസ്റ്റ് കോളേജ് കാലം തൊട്ടുള്ള പരിചയമാണ് തമ്മിൽ.അതിനു മുൻപ് പലപ്പോഴും തിരുവമ്പാടി അംബല  പരിസരത്തു വെച്ച് അകലെ നിന്നും കണ്ട ഓർമയും ഉണ്ട്. അന്ന് ദീപാരാധന കഴിഞ്ഞു ജയേട്ടൻ പാടിത്തുടങ്ങി...

ശ്രീ ശബരീശ ദീന ദയാള... 
വിഗ്നേശ്വര ജന്മ നാളികേരം...
നെയാറ്റിങ്കര വാഴും കണ്ണാ നിൻ മുന്നിലൊരു...
വടക്കുനാഥന് സുപ്രഭാതം പാടും... 
മണ്ഡല മാസ പുലരികൾ പൂക്കും... 

ആരാധന എന്നിൽ ഭക്തിയായി മാറി,അങ്ങനെ ഒരു വ്യക്തിയോട് ഭക്തി പാടുമോ എന്ന കൗമാരക്കാരന്റെ സംശയത്തിന് വിരാമമിട്ടു എന്റെ യൗവ്വനം ആരംഭിച്ചു, ജയചന്ദ്രൻ എന്നിൽ ജയേട്ടനായി മാറി, ജീവിതത്തെ പ്രണയം കൊണ്ട് ഞാൻ അലങ്കരിക്കാൻ തുടങ്ങിയപ്പോൾ...ആ റൊമാന്റിക് സ്വരധാര കേട്ടാൽ മറ്റെന്തു !

singer

'ആദ്യം തമ്മിൽ കണ്ടു 
അറിയാതെ ഒന്ന് ചിരിച്ചു 
ആത്‌മാവിനുള്ളിൽ അതുവരെ 
ഇല്ലാത്തൊരനുഭൂതിയായിരുന്നു!'
(രഘുകുമാർ, ഗിരീഷ് പുത്തഞ്ചേരി, ഗാനപൗര്ണമി)

എന്നെ ജയേട്ടനോടടുപ്പിച്ചത് എന്റെ സഹോദര സുഹൃത്തും അരങ്ങിലെ പ്രചോദകനുമായ   ശ്രീ ജയരാജ് വാരിയരാണ്.അനുരാഗ ഗാനം പോലെ, അഴകിന്റെ അല പോലെ അപ്പോഴേക്കും എന്നിൽ ആ തിരുവാഭരണം ചാർത്തി വിടർന്ന തിരുവാതിര നക്ഷത്രം ഒരു മുല്ല പൂ മാല ചാർത്തി സ്ഥിര പ്രതിഷ്ട നേടിയിരുന്നു.അകലെ നിന്ന് കണ്ടപ്പോൾ അടുത്തെത്തിയാൽ തൊട്ടേനെ ഞാൻ കെട്ടിപിടിച്ചേനെ എന്ന് ആഗ്രഹിച്ചിട്ടുണ്ടായിരുന്നു, ഞാൻ സ്വപ്നലേഖയായി  സ്വയംവരപന്തലിലെ പുഷ്പകപല്ലക്കിൽ പറന്നിറങ്ങിയ അനുഭവം! 

jayachandran

ജയരാജ് വാരിയർ നൽകിയ അനുഗ്രഹത്തിൽ ഞാൻ അവതാരകനായി മാറി, ജയേട്ടനുമായി ആദ്യ വേദി ദുബായിലായിരുന്നു. സദസ്സിൽ ഇരുന്നു ആസ്വദിച്ചിട്ടുള്ള ആ റൊമാന്റിക് സ്വരത്തിനരികിൽ ഞാൻ അല്പം ഭയത്തോടെ...പക്ഷെ ആ മല്ലികാബാണൻ വില്ലെടുത്തു ഒരു  മന്ദാരമലർ കൊണ്ട് ശരം തൊടുത്തു എന്നെ അടുത്ത് നിർത്തി പറയാതെ പറഞ്ഞു, ഹൃദയേശ്വരി നിൻ നെടുവീർപ്പിൽ ഞാനൊരു മധുര സംഗീതം കേട്ടെന്നു!

പിന്നീട് കൂടുതൽ വേദികൾ, അതിലുപരി സ്വകാര്യ സദസുകൾ...ജയേട്ടൻ അലിഞ്ഞലിഞ്ഞു. 

പ്രാവാസിയായ എന്നിലേക്ക്‌ തേരിറങ്ങി വന്നു സ്വയംവരചന്ദ്രികയാക്കി ആലിലത്താലി ചാർത്തി കേരനിരകളാടും ഹരിത തീരത്തേക്ക് കൊണ്ട് പോയി എന്നും പാടി, "നീയൊരു പുഴയായ്  തഴുകുമ്പോൾ ഞാൻ പ്രണയം വിടരും കരയാകും".

ജയേട്ടൻ പാട്ടിന്റെ ഭാവജാലം സമ്മാനിച്ച് സ്വർണത്തേരേറി തങ്ക തിങ്കളായിരിക്കുന്നു...ദൂരെ ഒരു ആകാശനക്ഷത്രം!

"ഞാനിതാ തിരിച്ചെത്തി...
മൽസഖീ  പൊയ്പോയൊരെൻ 
ഗാനസാമ്രാജ്യത്തിന്റെ വീഥിയിൽ ഭിക്ഷക്കായ് ,
വീണ്ടുമെൻ നാദത്തിന്റെ ശക്തിയിലീസാമ്രാജ്യം,
വീണ്ടെടുക്കാനെനിക്കു ആശയിലെന്നാകിലും,
ഞാനൊരു പരദേശിയായിട്ടീ സ്വർഗത്തിന്റെ 
കോണിൽ ഒരരയാലിൻഛായയിൽ ശയിച്ചോട്ടെ!"

ജയേട്ടന് സ്നേഹാഞ്ജലി !!
by : മച്ചിങ്ങൽ രാധാകൃഷ്‌ണൻ, ദുബായ്

p jayachandran