ലൈഫ് ഈസ് കളർഫുൾ; വിരമിച്ച ശേഷമുള്ള ജീവിതത്തെ 'വരച്ച വരയിൽ' നിർത്തി ശക്‌തിധരൻ.

ജീവൻ തുളുമ്പുന്ന മുഖങ്ങൾ ഒട്ടേറെയുണ്ട് ശക്തിധരന്റെ ചിത്രശേഖരത്തിൽ.

author-image
Devina
New Update
555


പാലക്കാട് : കുട്ടികൾ വരയ്ക്കുന്ന ചിത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. അവരുടെയുള്ളിലെ കൗതുകമാണ് ചിത്രമായി മാറുന്നത് .അങ്ങനെ നോക്കുമ്പോൾ പാലക്കാട് സ്വദേശി വി.ശക്തിധരൻ നായരും ഒരു കുട്ടിയാണ്. 91 വയസ്സുള്ള 'കൊച്ചുകുട്ടി'. വിരമിച്ചശേഷം വരയിൽ തോന്നിയൊരു കൗതുകമാണ് അദ്ദേഹത്തെ ഒരു മുഴുവൻസമയ ചിത്രകാരനാക്കിയത്.എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന ശക്തിധരൻ ജോലിയിൽ നിന്നു വിരമിച്ചിട്ട് 30 വർഷത്തോളമായി. വിശ്രമജീവിതത്തിലേക്കു കടക്കുമ്പോഴും സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നായിരുന്നു തീരുമാനം. അങ്ങനെയാണ്  ചിത്രരചനയിലേക്കു തിരിഞ്ഞത്. വർഷങ്ങൾക്കു മുൻപ് ഉപേക്ഷിച്ച പെൻസിലുകളും ചായങ്ങളും വീണ്ടും സന്തതസഹചാരിയായി.

കൺമുന്നിലെ ജീവിതം വരച്ച്
ചെന്നൈ താംബരത്തെ വീട്ടിലായിരുന്നു അന്നു താമസം. ജനിച്ചു വളർന്ന പാലക്കാട്ടെ മുണ്ടൂരിലെ വീടിന്റെ ചിത്രമാണ് ആദ്യമായി ഓർമയിൽനിന്ന് കടലാസിലേക്കു പകർത്തിയത്. പിന്നീടങ്ങോട്ട് ചുറ്റും കാണുന്നതെന്തും പകർത്താൻ തുടങ്ങി. അവയ്ക്കെല്ലാം നിറങ്ങളിലൂടെ ജീവൻ പകർന്നു സൂക്ഷിച്ചു. ദിവസവും ചിത്രരചനയിൽ ഏർപ്പെടും. ഉച്ചയ്ക്കു ശേഷവും രാത്രിയുമാണ് ഇഷ്ട സമയങ്ങൾ. വരച്ച ചിത്രങ്ങൾ പാലക്കാട്ട് ശേഖരിപുരത്തു നടന്ന എക്സിബിഷനുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ജീവൻ തുളുമ്പുന്ന മുഖങ്ങൾ ഒട്ടേറെയുണ്ട് ശക്തിധരന്റെ ചിത്രശേഖരത്തിൽ. അതിൽ കൂടുതലും പലപ്പോഴായി പരിചയപ്പെട്ടവരാണ്. വരച്ച ചിത്രങ്ങൾ സമ്മാനിക്കുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷമാണ് തന്റെ പ്രചോദനമെന്ന് ശക്‌ധരൻ. വീടുമുഴുവൻ അലങ്കരിച്ചിരിക്കുന്നത് ശക്തിധരൻ വരച്ച ചിത്രങ്ങളുപയോഗിച്ചാണ്. ചുമരിൽ വരയ്യ്ക്കാനായി മണിക്കൂറുകൾ നിൽക്കേണ്ടിയും ഇരിക്കേണ്ടിയും വരുമ്പോൾ പ്രായത്തെ തോൽപിക്കുന്ന ഊർജം കൈവരും.
ചെറുപ്പമാകാൻ കുട്ടിക്കൂട്ട്

ഭാര്യ ഭാരതീദേവിയോടൊപ്പം പാലക്കാട്ടാണ് ഇപ്പോൾ താമസം. റസിഡൻഷ്യൽ ഏരിയയിലെ കുട്ടികളാണ് ശക്തിധരന്റെ സുഹൃത്തുക്കൾ. അവർക്കുവേണ്ടി മാഗസിനുകൾ സൗജന്യമായി തയാറാക്കി നൽകുന്നുണ്ട്. കുട്ടികൾ വരച്ച ചിത്രങ്ങളും എഴുതിയ കവിതകളുമാണ് മാഗസിന്റെ ഉള്ളടക്കം. അവ ഭംഗിയായി ക്രമീകരിച്ച് സ്വന്തമായി നിർമിച്ച പുറംചട്ടയോടു കൂടി വിതരണം ചെയ്യും.
ഡയറിയിലെ ജീവിതം...

വരച്ച ചിത്രങ്ങളെപ്പോലെ പ്രിയപ്പെട്ട മറ്റൊന്നു കൂടിയുണ്ട് ഈ തൊണ്ണൂറ്റിയൊന്നുകാരന്റെ പക്കൽ. വർഷങ്ങളായുള്ള എല്ലാ സംഭവങ്ങളും എഴുതി സൂക്ഷിച്ചിരിക്കുന്ന ഡയറി. വായനാശീലമുള്ള ശക്തിധരൻ എഴുത്തും വശത്താക്കാൻ വേണ്ടി തുടങ്ങിയതാണ് ഡയറി എഴുതുന്ന ശീലം. ഇപ്പോൾ വിലമതിക്കാനാകാത്ത തന്റെ സമ്പാദ്യമാണ് ഈ ഡയറികളെന്ന് ശക്തിധരൻ പറയുന്നു. ഒഴിവു സമയങ്ങളിൽ വെറുതേ ഡയറിയുടെ താളുകൾ മറിച്ചാൽ പിന്നിട്ട കാലങ്ങൾ ഒന്നുകൂടി ജീവിക്കാം. പത്രങ്ങളിലും പുസ്തകങ്ങളിലും കാണുന്ന വാചകങ്ങളിൽ ഇഷ്ടമാകുന്നവ എഴുതിയിടും. അവയിൽ നിന്ന് ഇനിയും ജീവിത പാഠങ്ങൾ പഠിക്കാനുണ്ടെന്നാണ് ശക്തിധരന്റെ അഭിപ്രായം.