അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ പാല്‍പ്പായസം ഇനി പടുകൂറ്റന്‍ വാര്‍പ്പില്‍

1,810 കിലോ ഗ്രാം ഭാരമുള്ള ഭീമന്‍ വാര്‍പ്പിന്റെ നിര്‍മാണ ചെലവ്, 28,96,000 രൂപയാണ്. മാന്നാര്‍ സ്വദേശി അനന്തന്‍ ആചാരിയുടെ നേതൃത്വത്തില്‍ ആയിരുന്നു വെള്ളോടിന്റെ നിര്‍മാണം

author-image
Biju
New Update
temple

അമ്പലപ്പുഴ: അമ്പലപ്പുഴയിലെ ഉണ്ണിക്കണ്ണന് മധുരമേറിയ പാല്‍പ്പായസം തയ്യാറാക്കാന്‍ പുതിയ ഭീമന്‍ വാര്‍പ്പ് തയ്യാറായി. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് 1,500 ലിറ്റര്‍ ശേഷിയുള്ള കൂറ്റന്‍ വാര്‍പ്പ് എത്തിച്ചത്. നൂറു കണക്കിന് ഭക്തരാണ് ക്ഷേത്രസന്നിധിയില്‍ വാര്‍പ്പ് കാണാനും ചിത്രം പകര്‍ത്താനുമെത്തിയത്.

പ്രതിദിനം 225 ലിറ്റര്‍ പാല്‍പ്പായസമാണ് നിലവില്‍ അമ്പലപ്പുഴയില്‍ തയ്യാറാക്കുന്നത്. വ്യാഴവും, ഞായറും, മറ്റ് വിശേഷ ദിവസങ്ങളിലും ഇത് 300 ലിറ്റര്‍ ആകും. പാല്‍പ്പായസത്തിന് ആവശ്യക്കാര്‍ ഏറിയതോടെ ഈ അളവ് 225ല്‍ നിന്ന് 350 ലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചു. ഇതിനായാണ് പുതിയ വാര്‍പ്പ് നിര്‍മിച്ചത്.

1,810 കിലോ ഗ്രാം ഭാരമുള്ള ഭീമന്‍ വാര്‍പ്പിന്റെ നിര്‍മാണ ചെലവ്, 28,96,000 രൂപയാണ്. മാന്നാര്‍ സ്വദേശി അനന്തന്‍ ആചാരിയുടെ നേതൃത്വത്തില്‍ ആയിരുന്നു വെള്ളോടിന്റെ നിര്‍മാണം.

നിലവില്‍ 1 ലിറ്റര്‍ പാല്‍പ്പായസത്തിന് 160 രൂപയാണ് വില. ഇത് 260 രൂപയാക്കി വര്‍ധിപ്പിക്കാനാണ് ബോര്‍ഡ് തീരുമാനം. പുതിയ അളവില്‍ ഗുണനിലവാരം ഉയര്‍ത്തിക്കൊണ്ട് പാല്‍പ്പായസം ഒരുക്കാനാണ് പുതിയ വാര്‍പ്പ്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ക്രെയിനുപയോഗിച്ച് തിടപ്പള്ളിയിലെ അടുപ്പിലേക്ക് വാര്‍പ്പ് മാറ്റിയത്. താന്ത്രിക വിധി പ്രകാരം ശുദ്ധികലശം നടത്തിയതിന് ശേഷം പുതിയ വാര്‍പ്പില്‍ പാല്‍പ്പായസം തയ്യാറാക്കി തുടങ്ങും.