ക്ഷേത്രങ്ങളിൽ നിന്നുള്ള പൂക്കളും കുങ്കുമവും പൂജാമുറിയിൽ സൂക്ഷിക്കാമോ

പൂർണമായി വിടർന്ന പൂക്കൾ മാത്രമെ എടുക്കാവൂ. കേടുള്ളവ, ചതവുള്ളതും വാടിയതുമായ പൂക്കൾ എന്നിവ പൂജയ്ക്ക് ഉപയോഗിക്കാറില്ല. പൂന്തോട്ടത്തിൽ വളർത്തുന്നതും വനത്തിൽ വളരുന്നതുമായ പൂക്കൾ ഉത്തമമാണ്.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

ക്ഷേത്രങ്ങളിൽ പൂജയ്ക്കുപയോഗിക്കുന്ന പുഷ്പങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. പൂജയ്ക്ക് എടുക്കുന്ന പൂക്കൾ സുഗന്ധമുള്ളവ ആയിരിക്കണം. വാടിയതോ ഒരിക്കൽ പൂജിച്ചതോ ആയ പൂക്കൾ വീണ്ടും ഉപയോഗിക്കരുത്. എന്നാൽ പൂജ കഴിഞ്ഞാലും വേണമെങ്കിൽ കഴുകി വീണ്ടും ഉപയോഗിക്കാം എന്ന പ്രത്യേകത തുളസിക്ക് മാത്രമാണുള്ളത്. ക്ഷേത്രത്തിൽ നിന്ന് പൂജിച്ച് കിട്ടുന്ന പൂക്കളും കുങ്കുമവും ഒക്കെ വീണ്ടും വീട്ടിലെ വിഗ്രഹങ്ങളിൽ ചാർത്തുകയോ പൂജാ മുറിയിൽ സൂക്ഷിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അതെല്ലാം നിർമാല്യം ആയാണ് കണക്കാക്കുന്നത്.

പൂജാപുഷ്പങ്ങളും പ്രാധാന്യവും

ഏറ്റവും ശ്രേഷ്ഠമായ പൂജാപുഷ്പമായി കണക്കാക്കുന്ന താമരയെയാണ്. ചെത്തി, മുക്കൂറ്റി, മന്ദാരം, തുമ്പ, പിച്ചകം ഇവയെല്ലാം സാധാരണ പൂജയ്കെടുക്കുന്ന പൂക്കളാണ്.പനിനീർ പൂക്കൾ അഥവാ റോസാപ്പൂക്കളും പൂജയ്ക്കായി ഉപയോഗിക്കുന്നു. കൂവളത്തില ശിവക്ഷേത്രങ്ങളിൽ മാത്രമാണ് ഉപയോഗിക്കുക. മുല്ലപ്പൂ വിഷ്ണുവിനും ശിവനും ദേവിക്കും പൂജയ്ക്കായി എടുക്കും. എങ്കിലും വളരെ പ്രധാന്യത്തോടെ എടുക്കുന്നത് ദേവിക്കാണ്. ഗണപതിഹോമത്തിനും ഗണപതിക്ക് ചാർത്താനായും കറുകപ്പുല്ല് ഉപയോഗിക്കുന്നു. ചെണ്ടുമല്ലി ഉൾപ്പെടെ മഞ്ഞപ്പൂക്കളാണ് സാധാരണ ഗണപതിക്ക് ചാർത്തുന്നത്. മഹാവിഷ്ണുവിനും മഞ്ഞപ്പൂക്കൾ ചാർത്തുന്നു. വെള്ള പൂക്കൾ ശിവനും ചുവന്ന പൂക്കൾ സൂര്യനും ഗണപതിക്കും ദേവിയ്ക്കും ഭൈരവനും പ്രിയപ്പെട്ടതാണ്

പൂർണമായി വിടർന്ന പൂക്കൾ മാത്രമെ എടുക്കാവൂ. കേടുള്ളവ, ചതവുള്ളതും വാടിയതുമായ പൂക്കൾ എന്നിവ പൂജയ്ക്ക് ഉപയോഗിക്കാറില്ല. പൂന്തോട്ടത്തിൽ വളർത്തുന്നതും വനത്തിൽ വളരുന്നതുമായ പൂക്കൾ ഉത്തമമാണ്. പുഷ്പങ്ങളെ അവയുടെ ഗന്ധം, രൂപം, നിറം, ഉൽഭവം എന്നിവയുടെ അടിസ്ഥാനത്തിൽ സാത്വികം, രാജസം, താമസം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. സാത്വികവും രാജസികവുമായ പുഷ്പങ്ങൾ നിത്യപൂജകൾക്കും താമസിക പുഷ്പങ്ങൾ വിശേഷാ‍‍വസരങ്ങളിലും ഉപയോഗിക്കുന്നു .

വിഷ്ണുപൂജയ്ക്ക് ഏറ്റവും വിശേഷമായത് തുളസിയും ശിവ പൂജയ്ക്ക് ഏറ്റവും വിശേഷമായത് കൂവളവുമാണ്.ചില പുഷ്പങ്ങൾ ചില ദേവതമാർക്ക് നിഷിദ്ധമാണ്.ഗണപതിക്ക് തുളസിപ്പൂവ് അർപ്പിക്കാൻ പാടില്ല. ശിവന് കൈതപ്പൂവും പാർവതിക്ക് എരിക്കിൻ പൂവും നെല്ലി പൂവും പാടില്ല. സൂര്യന് കൂവളം നിഷിദ്ധമാണ്. ഭൈരവന് നന്ദ്യാർവട്ടവും ശ്രീരാമന് അരളിപ്പൂവും പാടില്ല.

കൃഷ്ണ തുളസിയാണ് കൂടുതലും പൂജകൾക്ക് എടുക്കുന്നത്. എന്നാൽ രാമ തുളസിയും പൂജയ്ക്കെടുക്കാറുണ്ട്. ഗണപതിക്ക് കറുകമാലയും ഹനുമാന് വെറ്റില മാലയും പരമശിവന് കൂവള മാലയുമാണ് പതിവ്. ചെത്തിപ്പൂവും തുളസിയും എല്ലാ ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്നു ദേവീ ക്ഷേത്രങ്ങളിലും ഇവ തന്നെയാണ് പ്രധാനം. 

Astrology News