ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; കലാപരിപാടികള്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും

ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്‌ക്കാരം മോഹന്‍ലാലിന് സമ്മാനിക്കും. നന്ദഗോവിന്ദം ഭജന്‍സിന്റെ കലാ പരിപാടികളുമുണ്ടാകും. മാര്‍ച്ച് മൂന്നിനാണ് പൊങ്കാല

author-image
Biju
New Update
ponkala

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച മുതലാണ്. കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹന്‍ലാല്‍ നിര്‍വ്വഹിക്കും. ആറ്റുകാല്‍ ക്ഷേത്രം ട്രസ്റ്റിന്റെ അംബാ പുരസ്‌ക്കാരം മോഹന്‍ലാലിന് സമ്മാനിക്കും. നന്ദഗോവിന്ദം ഭജന്‍സിന്റെ കലാ പരിപാടികളുമുണ്ടാകും. മാര്‍ച്ച് മൂന്നിനാണ് പൊങ്കാല.

പൊങ്കാല മഹോത്സവം പ്രമാണിച്ച് ഭക്തര്‍ക്കായി വിപുലമായ യാത്രാ സൗകര്യങ്ങളൊരുക്കി റെയില്‍വേ. മാര്‍ച്ച് 3-ന് നടക്കുന്ന പൊങ്കാലയോടനുബന്ധിച്ച് പ്രത്യേക ട്രെയിനുകള്‍, അധിക സ്റ്റോപ്പുകള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ റെയില്‍വേ പ്രഖ്യാപിച്ചു.

പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

പൊങ്കാല ദിവസം വിവിധ റൂട്ടുകളിലായി അഞ്ച് പ്രത്യേക അണ്‍റിസര്‍വ്ഡ് ട്രെയിനുകള്‍ സര്‍വീസ് നടത്തും.

    തിരുവനന്തപുരം - നാഗര്‍കോവില്‍ സ്‌പെഷ്യല്‍ (06121): മാര്‍ച്ച് 2-ന് രാത്രി 10.55-ന് പുറപ്പെട്ട് രാത്രി 11.20-ന് നാഗര്‍കോവിലിലെത്തും.
    നാഗര്‍കോവില്‍ - തിരുവനന്തപുരം സ്‌പെഷ്യല്‍ (06122): മാര്‍ച്ച് 3-ന് പുലര്‍ച്ചെ 1.40-ന് പുറപ്പെട്ട് 3.30-ന് തിരുവനന്തപുരത്തെത്തും.
    എറണാകുളം - തിരുവനന്തപുരം സ്‌പെഷ്യല്‍ (06123): മാര്‍ച്ച് 3-ന് പുലര്‍ച്ചെ 1.20-ന് പുറപ്പെട്ട് 6.30-ന് തിരുവനന്തപുരത്തെത്തും. (കോട്ടയം വഴി)
    തിരുവനന്തപുരം - എറണാകുളം സ്‌പെഷ്യല്‍ (06123): മാര്‍ച്ച് 3-ന് ഉച്ചയ്ക്ക് 3.10-ന് പുറപ്പെട്ട് രാത്രി 8.15-ന് എറണാകുളത്തെത്തും.
    തിരുവനന്തപുരം - എറണാകുളം അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ (06124 - ആലപ്പുഴ വഴി): മാര്‍ച്ച് 3-ന് ഉച്ചയ്ക്ക് 2.40-ന് പുറപ്പെട്ട് രാത്രി 7.10-ന് എറണാകുളത്തെത്തും.

അധിക സ്റ്റോപ്പുകള്‍

ചെന്നൈ എക്‌സ്പ്രസ് (കഴക്കൂട്ടം, ചിറയിന്‍കീഴ്), പുനലൂര്‍ - മധുര എക്‌സ്പ്രസ് (പള്ളിയാടി, ബാലരാമപുരം), അമൃത എക്‌സ്പ്രസ് (ചിറയിന്‍കീഴ്), ജനശതാബ്ദി, വന്ദേ ഭാരത് എക്‌സ്പ്രസ് (തിരുവനന്തപുരം പേട്ട) എന്നീ ട്രെയിനുകള്‍ക്ക് പൊങ്കാല ദിവസം അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു.
തിരുവനന്തപുരം സെന്‍ട്രലിലെ ക്രമീകരണങ്ങള്‍

കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പ്ലാറ്റ്ഫോം 1, 2, 3, 4 എന്നിവയില്‍ നിന്നും നാഗര്‍കോവില്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പ്ലാറ്റ്ഫോം 5-ല്‍ നിന്നും പുറപ്പെടും. തിരക്ക് ഒഴിവാക്കാന്‍ അധിക ടിക്കറ്റ് കൗണ്ടറുകളും ക്യൂആര്‍ കോഡ് സൗകര്യത്തോടു കൂടിയ യുടിഎസ് കൗണ്ടറുകളും ഏര്‍പ്പെടുത്തി. ആര്‍.പി.എഫ്, ജി.ആര്‍.പി, ലോക്കല്‍ പോലീസ് എന്നിവര്‍ക്കൊപ്പം മെഡിക്കല്‍ ടീമിനെയും വിവിധ പോയിന്റുകളില്‍ വിന്യസിക്കും.
സുരക്ഷാ നിര്‍ദ്ദേശങ്ങള്‍

    റെയില്‍വേ പരിസരത്ത് ഒരിടത്തും പൊങ്കാല അടുപ്പുകള്‍ കൂട്ടാന്‍ അനുവദിക്കില്ല.
    പ്ലാറ്റ്ഫോമുകളിലോ മേല്‍പ്പാലങ്ങളിലോ കൂട്ടം കൂടരുത്.
    ട്രെയിന്‍ പാളങ്ങള്‍ മുറിച്ചുകടക്കുന്നത് കര്‍ശനമായി നിരോധിച്ചു; മേല്‍പ്പാലങ്ങള്‍ മാത്രം ഉപയോഗിക്കുക.

കൂടാതെ, പൊങ്കാല ദിവസം ഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ്, നാഗര്‍കോവില്‍ പാസഞ്ചര്‍, കൊട്ടാരം എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ നിശ്ചിത സമയത്തേക്കാള്‍ വൈകി മാത്രമേ സര്‍വീസ് നടത്തൂ എന്നും റെയില്‍വേ അറിയിച്ചു.

തിരുവനന്തപുരം നഗരത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാറി കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ മഹോത്സവമായ ആറ്റുകാല്‍ പൊങ്കാല പ്രസിദ്ധമാണ്.

കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിന് തുടക്കമാവുന്നത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ. കണ്ണകി, അന്നപൂര്‍ണേശ്വരി തുടങ്ങിയ ഭാവങ്ങളിലും ആദിപരാശക്തിയെ സങ്കല്‍പ്പിക്കുന്നു. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് വരെ നിരവധി സ്ത്രീകള്‍ എത്തും. ഈ ദിവസം തിരുവനന്തപുരം നഗരം പൊങ്കാല അര്‍പ്പിക്കാനും ഭഗവതിയെ തൊഴാനും എത്തുന്ന ഭക്തരാല്‍ നിറയും.

ആറ്റുകാല്‍ ക്ഷേത്രം ഐതീഹ്യം

ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടില്‍ തറവാട്. അവിടുത്തെ പരമസാത്വികനായിരുന്ന കാരണവര്‍ ഒരു ദിവസം കിള്ളിയാറ്റില്‍ കുളിക്കവെ ഒരു ബാലിക പ്രത്യക്ഷപ്പെട്ടു. തന്നെ ആറിന് അക്കര എത്തിക്കാമോയെന്ന് ബാലിക കാരണവരോട് ചോദിച്ചു. കാരണവര്‍ ആറ് മുറിച്ചു ബാലികയെ അക്കരെ എത്തിച്ചു. സമീപത്തുള്ള തന്റെ ഭവനത്തിലേക്ക് കാരണവര്‍ ബാലികയെ കൂട്ടിക്കൊണ്ടുപോയി. കാരണവര്‍ ഭക്ഷണം ഒരുക്കുന്നതിനിടെ ബാലിക അപ്രത്യക്ഷമായി.

അന്ന് രാത്രി കാരണവര്‍ ബാലികയെ സ്വപ്നത്തില്‍ ദര്‍ശിച്ചു. ബാലിക ആദിപരാശക്തിയായ പ്രപഞ്ച നാഥയാണെന്നും താന്‍ അടയാളപ്പെടുത്തുന്ന സ്ഥലത്ത് തന്നെ കുടിയിരുത്തണമെന്നും അങ്ങനെ ചെയ്താല്‍ അഭിവൃദ്ധി വന്നുചേരുമെന്നും പരാശക്തി അരുളിചെയ്തു. പിറ്റേ ദിവസം കാവിലെത്തിയ കാരണവര്‍ ദേവി തന്റെ തൃശൂലത്താല്‍ രേഖപ്പെടുത്തിയ അടയാളം കണ്ട സ്ഥത്ത് ക്ഷേത്രം നിര്‍മിച്ചു എന്നാണ് വിശ്വാസം.

ആറ്റുകാല്‍ പൊങ്കാല

തമിഴ്‌നാട്ടിലെ ദേവീക്ഷേത്രങ്ങളിലാണ് സാധാരണയായി പൊങ്കാല പതിവുള്ളത്. 'പൊങ്ങുക' എന്ന തമിഴ് വാക്കില്‍ നിന്നാണ് പൊങ്കാല രൂപപ്പെട്ടു വന്നത് എന്ന് ഭാഷാ ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ദൈവത്തിന് മുന്നിലെ ആത്മസമര്‍പ്പണമാണ് പൊങ്കാലയെന്ന് ഭക്തകോടികള്‍ വിശ്വസിച്ച് പോരുന്നു.

മധുര നഗരം ചുട്ടെരിച്ച കണ്ണകിയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ആറ്റുകാല്‍ പൊങ്കാലയുടെ ഐതിഹ്യം എന്നാണ് വിശ്വാസം. തന്റെ കണ്ണില്‍ നിന്നും പുറപ്പെട്ട അഗ്‌നിയില്‍ മധുര കത്തിച്ചാമ്പലാക്കിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കുന്നതിനായി ജനങ്ങള്‍ പൊങ്കാല നല്‍കി എതിരേറ്റു. അതിന്റെ ഓര്‍മ്മയിലാണ് പൊങ്കലയെന്നാണ് ഒരു വിശ്വാസം.

ആറ്റുകാലിലും പൊങ്കാല ചടങ്ങുകള്‍ പാരമ്പര്യത്തനിമയോടെയാണ് നടത്തിവരുന്നത്. മറ്റൊരു വിശ്വാസം അനുസരിച്ച് മഹിഷാസുരനെ വധിച്ച ദേവിയെ ജനങ്ങള്‍ പൊങ്കാല നല്കിയാണത്രെ സ്വീകരിച്ചത്. കോപിഷ്ഠയായ ഭഗവതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് പൊങ്കാല അര്‍പ്പിക്കുന്നതെന്ന വിശ്വാസവും ശക്തമാണ്. പാര്‍വ്വതി ദേവി ഒറ്റക്കാലില്‍ നിന്നു തപസ്സ് ചെയ്തതിന്റെ കഥയും പൊങ്കാല ആഘോഷത്തോടൊപ്പം വിശ്വാസികള്‍ ചേര്‍ത്തു വായിക്കുന്നു. മഹിഷാസുരമര്‍ദ്ദിനിയായ ദുര്‍ഗയുടെ തല്‍സ്വരൂപമാണ് ഭക്തര്‍ക്ക് ആറ്റുകാല്‍ ഭഗവതി. കലിയുഗത്തില്‍ ദുഷ്ടനിഗ്രഹത്തിനുള്ള അവതാരമായും ഭഗവതിയെ ഭക്തര്‍ കണ്ടു വണങ്ങുന്നു.

വ്രതം

കൃത്യമായ അനുഷ്ഠാനങ്ങളോടെ വ്രതമെടുത്തു മാത്രമേ പൊങ്കാല അര്‍പ്പിക്കാവു എന്നാണ് വിശ്വാസം. പൊങ്കാലയ്ക്ക് മുന്‍പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസവും രണ്ടുനേരം കുളിച്ച്, മത്സ്യം, മുട്ട, മാംസം എന്നിവ ഒഴിവാക്കി സസ്യാഹാരം മാത്രമേ കഴിക്കാവൂ. കൂടാതെ മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക എന്നിങ്ങനെ പോകുന്നു ആചാരങ്ങള്‍.