/kalakaumudi/media/media_files/2025/11/24/ram-2025-11-24-16-20-21.jpg)
ലഖ്നൗ : അയോധ്യ രാമക്ഷേത്രത്തിന്റെ ഔദ്യോഗിക പതാക ആദ്യമായി ഉയര്‍ത്തുന്ന ധ്വജാരോഹണ ചടങ്ങ് നാളെ നടക്കും. രാമക്ഷേത്രത്തിന്റെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചതിന്റെ വിളംബരം കൂടിയാണ് ധ്വജാരോഹണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിലെ വിശിഷ്ടാതിഥി. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി 5000 സ്ത്രീകള്‍ അണിനിരക്കുന്ന പ്രത്യേക സംഘമാണ് തയ്യാറെടുത്തിരിക്കുന്നത്. രാം മന്ദിറിന്റെ പരിശുദ്ധ ധ്വജാരോഹണ ചടങ്ങില്‍ ആയിരത്തിലേറെ സന്യാസിമാരും പങ്കെടുക്കും.
രാമക്ഷേത്രത്തില്‍ ഉയര്‍ത്തേണ്ട പതാകയുടെ ആചാരപരമായ മഹാപൂജ ഞായറാഴ്ച നടന്നു. ധ്വജാരോഹണ ചടങ്ങിനായി 100 ടണ്‍ പൂക്കള്‍ എത്തിച്ചാണ് അയോധ്യ രാമക്ഷേത്രവും പരിസരവും അലങ്കരിച്ചിരിക്കുന്നത്. ഞായറാഴ്ച നടന്ന ധ്വജ പൂജയില്‍ അന്തസ്സിന്റെയും സംസ്‌കാരത്തിന്റെയും ശാശ്വത പാരമ്പര്യത്തിന്റെയും പ്രതീകമായ പതാക പൂര്‍ണ്ണ വേദ ആചാരങ്ങളോടെ യാഗപീഠത്തില്‍ സ്ഥാപിച്ചു. വിഷ്ണു സഹസ്രനാമത്തിന്റെയും ഗണേശ അഥര്‍വ്വശീര്‍ഷത്തിന്റെയും മന്ത്രങ്ങളോടെ പൂജകള്‍ അര്‍പ്പിച്ചിരുന്ന ഒരു വീശിഷ്ട യജ്ഞ കുണ്ഡമായിരുന്നു ധ്വജ പൂജയ്ക്കായി തയ്യാറാക്കിയിരുന്നത്.
നവംബര്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന്റെ മുകളില്‍ ഈ പരിശുദ്ധ കാവി പതാക ഉയര്‍ത്തി ധ്വജാരോഹണ ചടങ്ങ് പൂര്‍ത്തീകരിക്കും. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വിമാനത്താവളത്തില്‍ നിന്ന് സാകേത് കോളേജിലേക്ക് ഹെലികോപ്റ്ററില്‍ മോദി എത്തും. സാകേത് കോളേജില്‍ നിന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലേക്ക് ഒരു ഗംഭീര റോഡ് ഷോയും സംഘടിപ്പിക്കുന്നുണ്ട്.
റോഡ് ഷോ നടക്കുന്ന ഒരു കിലോമീറ്റര്‍ നീളമുള്ള രാംപഥ് എട്ട് സോണുകളായി തിരിച്ചിട്ടുണ്ട്. ഓരോ സോണിലും, സ്വയം സഹായ ഗ്രൂപ്പുകളിലെ സ്ത്രീകള്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കുന്നതിനായി അണിനിരക്കും. 5000ത്തിലേറെ സ്ത്രീകളാണ് പ്രധാനമന്ത്രി മോദിയെ വരവേല്‍ക്കുന്നതിനായി അണിനിരക്കുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് നിലവില്‍ അയോധ്യ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
