മന:ശാന്തിക്കും രോഗ മുക്തിക്കും ധന്വന്തരി മൂർത്തിയെ ഭജിക്കുക

ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരിയെ വേദങ്ങളും പുരാണങ്ങളും വർണ്ണിക്കുന്നത് ആയൂർവേദത്തിന്റെ ആചാര്യനായാണ്.

author-image
Vishnupriya
New Update
mahavishnu
Listen to this article
0.75x 1x 1.5x
00:00 / 00:00

മാനസിക ആശ്വാസത്തിനും ആയുരാരോഗ്യത്തിനും പാലാഴി മഥന വേളയിൽ ദേവന്മാർക്ക് അമരത്വം നൽകാൻ അമൃത കലശവുമായി ഉയർന്നുവന്ന  ധന്വന്തരി മൂർത്തിയെ ഭജിക്കുന്നത് ഉത്തമമാണ്. ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരിയെ വേദങ്ങളും പുരാണങ്ങളും വർണ്ണിക്കുന്നത് ആയൂർവേദത്തിന്റെ ആചാര്യനായാണ്.  

ആയുസിന്റെയും ആരോഗ്യത്തിന്റെയും ദേവനായാതിനാലാണ്  രോഗികളും ചികിത്സകരും ധന്വന്തരിയെ ഒരുപോലെ ആരാധിക്കുന്നത്.  ചതുർബാഹു രൂപത്തിൽ പൂജിക്കുന്ന ധന്വന്തരിയുടെ കൈകളിൽ ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയാണുള്ളത്. കൃഷ്ണതുളസിയും തെറ്റിയും മന്ദാരവുമാണ് ഭഗവാന്റെ പൂജാപുഷ്പങ്ങൾ. കദളിപ്പഴവും പാൽപായസവുമാണ് നിവേദ്യങ്ങൾ.

ആശങ്ക, ഭയം, തുടങ്ങിയവയാലുണ്ടാകുന്ന മന: സംഘർഷങ്ങൾ മനോ വിഷമങ്ങൾ എന്നിവയൊക്കെ പരിഹരിക്കുന്നതിന് ഏറ്റവും നല്ലതാണ് ഔഷധ സേവയോട് കൂടെയുള്ള ധന്വന്തരി മന്ത്രജപം. ഈ മൂർത്തിയെ ഭജിക്കുന്ന മന്ത്രങ്ങൾ ദിവസവും കുറഞ്ഞത്  9 തവണ ജപിക്കണം. 36 തവണ ജപിക്കുന്നത് അത്യുത്തമം. രോഗമുക്തിക്കും ഭയാശങ്കകൾ ഒഴിഞ്ഞ്  നവോന്മേഷവും ശുഭപ്രതീക്ഷയും കൈവരുന്നതിനും ഈ മന്ത്ര ജപം നല്ലതാണ്.

ദീപാവലിയോട് അടുത്തു വരുന്ന ആശ്വനി മാസത്തിലെ കറുത്ത പക്ഷ ത്രയോദശി തിഥിയാണ് ധന്വന്തരി  ജയന്തിയായി ആചരിക്കുന്നത്. ഈ ദിവസമാണത്രേ ഭഗവാൻ ക്ഷീരസാഗരത്തിൽ നിന്നും അമൃതകലശവുമായി ഉയർന്നുവന്നത്. നാലു വർഷമായി ധന്വന്തരി ത്രയോദശി  ദേശീയ ആയൂർവേദ ദിനമായി ഭാരത സർക്കാർ ആചരിക്കുന്നു.ആയുരാരോഗ്യ സൗഖ്യത്തിനും രോഗമുക്തിക്കും ധന്വന്തരിയെ ഭജിക്കുന്നത് സർവസാധാരണമാണ്.

ധന്വന്തരി മന്ത്രജപം

ഓം നമോ ധന്വന്തരയേ
വിശ്വരൂപാത്മനേ ശ്രീം
ധന്വന്തരയേ ജ്ഞാനായ
ജ്ഞാനമാര്‍ഗ്ഗായ സര്‍വ്വ
രോഗശമനം കുരുകുരു സ്വാഹ

ഓം നമോ ഭഗവതേ
വാസുദേവായ
ധന്വന്തരീമൂര്‍ത്തയെ
അമൃതകലശഹസ്തായ
സര്‍വാമയവിനാശായ
ത്രൈലോക്യനാഥായ
മഹാവിഷ്ണുവേ നമഃ

ധന്വന്തരീ മഹം വന്ദേ
വിഷ്ണുരൂപം ജനാര്‍ദ്ദനം
യസ്യ കാരുണ്യ ഭാവേന
രോഗമുക്താ ഭവേഞ്ജനാ

ഓം ആദിവൈദ്യായ വിദ്മഹേ
ആരോഗ്യ അനുഗ്രഹ ധീമഹീ
തന്വേ ധന്വന്തരി പ്രചോദയാത്

dhanwanthari manthra