ശ്രീരാമഭക്തി പവിത്ര ഭാവമാണ് ശ്രീഹനുമാന്‍ സ്വാമി. ശ്രീരാമദേവനോടുള്ള ഹനുമാൻ സ്വാമിയുടെ ഭക്തിയിൽ സന്തോഷവതിയായ സീതാദേവിയാണ് ശ്രീ ഹനുമാനെ ചിരഞ്ജീവിയായിരിക്കാന്‍ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം എന്നും എപ്പോഴും ഹനുമാന്‍ സന്നിഹിതനാകുമെന്നാണ് വിശ്വാസം.
അതുകൊണ്ട്തന്നെ, ശ്രീരാമനാമം ജപിക്കുന്നവർക്കെല്ലാം ഹനുമാൻ സ്വാമിയുടെ അനുഗ്രഹം അതിവേഗം ലഭിക്കും. ഹനുമദ് പ്രീതി ലഭിക്കുന്നതിനുള്ള ഏറ്റവും എളുപ്പവഴി മനസ്സ് ശുദ്ധമാക്കി നിരന്തരം ശ്രീരാമജയം, ശ്രീരാമജയം എന്ന് പ്രാർത്ഥിക്കുകയാണ്. എത്ര കൂടുതൽ ശ്രീരാമജയം ജപിക്കുന്നുവോ അത്രവേഗം ഫലം ലഭിക്കും. തന്നെ വിളിച്ച് പ്രാർത്ഥിക്കുന്നതിലും ഹനുമാൻ ഭഗവാന് ഇഷ്ടം ശ്രീരാമനാമ ജപമാണ്. കഴിയുമെങ്കിൽ ഹനുമദ് ക്ഷേത്രത്തിൽ നിന്ന് തന്നെ ശ്രീരാമജയം ജപിക്കുക.
നിഷ്ഠയോടെ ഹനുമാന്‍ സ്വാമിയെ ഉപാസിച്ചാല്‍ ഫലം ഉറപ്പാണ്. ജീവിതത്തിലെ എല്ലാ ദു:ഖങ്ങളും വേദനകളും അകന്നുപോകും. മാനസികമായ വിഷമങ്ങള്‍ മാത്രമല്ല ശാരീരിക ക്ലേശങ്ങളും മാറും. മന്ത്രജപം, നാമജപം, രാമായണപാരായണം എന്നിവയിലൂടെ ആഞ്ജനേയ സ്വാമിയെ പ്രീതിപ്പെടുത്താവുന്നതാണ്. അഞ്ജനയുടെ പുത്രനായത് കൊണ്ടാണ് ഹനുമാന്‍ സ്വാമി ആഞ്ജനേയനായത്.