ഐശ്വര്യമാവട്ടെ പുതുവര്‍ഷം

എങ്ങും പൂക്കളും അവയെ ചുറ്റിപ്പറ്റി ശലഭങ്ങളും എവിടെയും നയനമനോഹരങ്ങളായ കാഴ്ചകള്‍. പാടങ്ങളും ഒട്ടു പിന്നിലല്ല, സ്വര്‍ണവര്‍ണത്തില്‍ കണ്ണെത്താ ദൂരത്തേക്ക് വിളഞ്ഞു കിടക്കുന്ന നെല്‍പാടങ്ങള്‍ ഒരു പൗഡി തന്നെയാണ്. കേരളക്കരയുടെ വിളവെടുപ്പ് മഹോത്സവം ആണല്ലോ ഓണം.

author-image
Biju
New Update
chigam 1

''പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ..'
പൂവിളികളും പൂക്കളവുമൊരുക്കാന്‍ പൊന്നിന്‍ ചിങ്ങമിങ്ങെത്തി... നിറപറയും നിലവിളക്കുമായി ഒരു ഓണക്കാലം കൂടി വരവായി...

'' ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ... കോടിയുടുത്തല്ലോ തുള്ളിച്ചാടി നടന്നല്ലോ'' ഇന്ന് മോളുടെ ഈ പാട്ട് കേട്ടപ്പോള്‍ മുതല്‍ മനസ് എന്നോ നഷ്ടപ്പെട്ടുപോയ കുട്ടിക്കാല ഓണഓര്‍മകളിലേക്ക് ചെന്നെത്തി നിന്നു. പുണ്യമാസവും എന്നാല്‍ പഞ്ഞ മാസവുമായ കര്‍ക്കടകത്തിന്റെ കാറൊഴിഞ്ഞ് ചിങ്ങപ്പുലരി വിരിയുമ്പോള്‍ പ്രകൃതിപോലും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയായി... അതെ എങ്ങും തുമ്പയും മുക്കുറ്റിയും ചെത്തിയും ശംഖുപുഷ്പവും പിന്നെ പേരറിയാത്ത ഒത്തിരിയൊത്തിരി പൂക്കളുമായി പ്രകൃതിതന്നെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കും. എങ്ങും പൂക്കളും അവയെ ചുറ്റിപ്പറ്റി ശലഭങ്ങളും എവിടെയും നയനമനോഹരങ്ങളായ കാഴ്ചകള്‍. പാടങ്ങളും ഒട്ടു പിന്നിലല്ല, സ്വര്‍ണവര്‍ണത്തില്‍ കണ്ണെത്താ ദൂരത്തേക്ക് വിളഞ്ഞു കിടക്കുന്ന നെല്‍പാടങ്ങള്‍ ഒരു പൗഡി തന്നെയാണ്. കേരളക്കരയുടെ വിളവെടുപ്പ് മഹോത്സവം ആണല്ലോ ഓണം.

അത്തം മുതല്‍ പിന്നെ പരീക്ഷ തീരാനുള്ള കാത്തിരുപ്പാണ്. പിന്നീടങ്ങോട്ട് ഓണലഹരിയില്‍ ആറാട്ട്. ഊഞ്ഞാല്‍ കെട്ടലും ഓണക്കളികളുമൊക്കെയായി. ഊഞ്ഞാലും ഓണക്കളികളും ഇല്ലാതെ എന്ത് ഓണം. ഓണവെയില്‍ എന്ന് മനസ്സില്‍ ഓര്‍ത്താല്‍ തന്നെ ഒരു സുഖമുള്ള ഓര്‍മയാണ്. ഓണത്തിന്റെ പ്രധാന ആകര്‍ഷണം പൂക്കളമൊരുക്കലാണല്ലോ. അത്തം മുതല്‍ തിരുവോണം വരെ പത്ത് ദിവസം, വേലിയിലും പടര്‍പ്പിലും കയറി പൂക്കള്‍ ശേഖരിച്ച് അത്തം ഇട്ടിരുന്നപ്പോള്‍ കിട്ടിയിരുന്ന സംതൃപ്തി ഇന്നത്തെ റെഡിമെയ്ഡ് അത്തങ്ങള്‍ക്ക് തരാന്‍ കഴിയില്ല. കുട്ടികളുടെ ഓണം പൂക്കളമിടലും ഓണക്കോടി ഉടുക്കലും ഓണക്കളികള്‍ സംഘടിപ്പിക്കലും ആണെങ്കില്‍ മുതിര്‍ന്നവര്‍ക്ക് ഓണം എന്നത് വീണ്ടും ഒരുമിക്കലിന്റെ ഓര്‍മപ്പെടുത്തലാണ്. 

ലോകത്തിന്റെ ഏത് കോണിലായാലും ഓണനാളില്‍ എല്ലാവരും എന്ത് തിരക്കും മാറ്റിവെച്ചും പിറന്ന മണ്ണിലേക്കെത്തി അച്ഛനമ്മമാരെയും സഹോദരങ്ങളെയും ചേര്‍ത്ത് പിടിക്കും. ഉത്രാട പാച്ചില്‍ എന്നത് വെറും ഒരു പറച്ചില്‍ മാത്രമല്ല അതൊരു പാച്ചില്‍ തന്നെയാണ്. വൈകിട്ട് ഉത്രാട വിളക്ക് വയ്ക്കുന്നതുവരെ ഓട്ടം ആണ്. തിരുവോണനാളില്‍ സസ്യജീവജാലങ്ങളെ ഒന്നും വേദനിപ്പിക്കാന്‍ പാടില്ല എന്നാണ് പ്രമാണം. അതുകൊണ്ടുതന്നെ തിരുവോണനാളിലേക്കുള്ള പൂപറിക്കല്‍, സദ്യക്കുള്ള ഇല തയ്യാറാക്കല്‍ ഉള്‍പ്പെടെ എല്ലാം ഉത്രാടനാളിലെ ജോലികളില്‍ പെടുന്നതാണ്. തിരുവോണനാളില്‍ രാവിലെ പൂക്കളം ഒരുക്കി തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചു കഴിഞ്ഞാല്‍ ഒരുമിച്ചിരുന്ന് പ്രഭാതഭക്ഷണം. പിന്നെ അടുക്കളയില്‍ ഒരു മത്സരമാണ്. 

ഇഞ്ചി, നാരങ്ങ, പച്ചടി, കിച്ചടി, ഓലന്‍, കാളന്‍, ഉപ്പേരി, അവിയല്‍ അങ്ങനെ നീളുന്നു ലിസ്റ്റ് ഒടുവില്‍ അല്പം മധുരവും നുണഞ്ഞു സദ്യക്ക് വിട. വൈകിട്ടോടു കൂടി ബന്ധു വീടുകളില്‍ ഒക്കെ സന്ദര്‍ശനം. അതുവരുന്ന അവിട്ടം നാളിലും ചതയം നാളിലും തുടരും.

പ്രിയ വായനക്കാര്‍ക്ക് പുതുവത്സരാശംസകള്‍...