മകം തൊഴുതാല്‍ മംഗല്യഭാഗ്യം; ചോറ്റാനിക്കര മകം മാര്‍ച്ച് 2ന്

ഓരോ ദിവസവും പ്രത്യേകം ആറാട്ട് എന്ന സവിശേഷതയും ഇവിടെയുണ്ട് . ഇതില്‍ ഏഴാം നാള്‍ ഉച്ചതിരിയുമ്പോഴാണ് സ്ത്രീകള്‍ മകം തൊഴുത് ആഗ്രഹസാഫല്യം നേടുന്നത്. ഇക്കുറി മകംതൊഴല്‍ മാര്‍ച്ച് 2 തിങ്കളാഴ്ചയാണ്

author-image
Biju
New Update
makam

കൊച്ചി: മംഗല്യഭാഗ്യത്തിനും നെടുമംഗല്യത്തിനും സര്‍വ്വകാര്യ സിദ്ധിക്കും ചോറ്റാനിക്കര മകം തൊഴല്‍ വിശേഷമാണ് നൂറ്റെട്ട് ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഒന്നാണ് ചോറ്റാനിക്കര. ആദിപരാശക്തി പ്രപഞ്ച പരിപാലകനായ മഹാവിഷ്ണുവിനോടൊപ്പം പരിലസിക്കുന്ന ഇവിടെ കുംഭത്തിലെ രോഹിണി നാളിലാണ് കൊടിയേറ്റ് . ഉത്രത്തിന് ആറാട്ടോടെ ഉത്സവം സമാപിക്കും.  ഓരോ ദിവസവും പ്രത്യേകം ആറാട്ട് എന്ന സവിശേഷതയും ഇവിടെയുണ്ട് . ഇതില്‍ ഏഴാം നാള്‍ ഉച്ചതിരിയുമ്പോഴാണ് സ്ത്രീകള്‍ മകം തൊഴുത് ആഗ്രഹസാഫല്യം നേടുന്നത്. ഇക്കുറി മകംതൊഴല്‍ മാര്‍ച്ച് 2 തിങ്കളാഴ്ചയാണ്.

താമസ  രാജസ  സാത്വിക ഭാവങ്ങളില്‍ ചോറ്റാനിക്കര അമ്മ സരസ്വതി, മഹാലക്ഷ്മി , ദുര്‍ഗ്ഗ എന്നീ ഭാവങ്ങളില്‍ വര്‍ത്തിക്കുന്നു. ആദിപരാശക്തിയുടെ ദുര്‍ഗ്ഗാ സങ്കല്പത്തിനാണ് കൂടുതല്‍ പ്രാധാന്യം. ദേവന്മാര്‍ പോലും ദുരിതങ്ങള്‍ക്ക് അടിമപെട്ടു പോകുമ്പോള്‍ ദേവിയെ ആരാധിക്കുകയും ഭജിക്കുകയും ചെയ്യാറുള്ളതായി പുരാണം പറയുന്നു.

ദേവിയുടെ രൂപ സ്വഭാവ സങ്കല്പങ്ങളെ പ്രതിനിധാനം ചെയ്തു കൊണ്ട് ചോറ്റാനിക്കരയിലെ മേല്‍ക്കാവ് ക്ഷേത്രത്തില്‍ രാവിലെ വെള്ളപ്പട്ടും ഉച്ചയ്ക്ക് ചുമന്ന പട്ടും വൈകുന്നേരം നീലപ്പട്ടും ചാര്‍ത്തി ഭഗവതിയെ അലങ്കരിച്ചു വരുന്നു. ചെഞ്ചോരപ്പട്ട് ധരിച്ച് മരുവുന്ന ദേവിക്ക് അസുര നിഗ്രഹം കഴിഞ്ഞ് സാത്വിക ഭാവത്തിലേക്ക് മടങ്ങി വരുന്ന സങ്കല്പമാണ്. പൂര്‍ണ്ണമായും ഘോരരൂപം വെടിഞ്ഞിട്ടില്ലെന്നു സാരം. നിര്‍മ്മാല്യ ദര്‍ശനം മുതല്‍ രാവിലത്തെ പൂജ വരെ ഇവിടെ സരസ്വതീ ഭാവത്തില്‍ ദേവി അനുഗ്രഹം വര്‍ഷിച്ച് വര്‍ത്തിക്കുന്നു. 

അതിനു ശേഷം കൊല്ലൂര്‍ മൂകാംബികയിലേക്ക് മടങ്ങി പോകുന്നുവെന്ന് സങ്കല്പം. വെള്ളപ്പട്ട് കളങ്കം പുരളാത്ത ശുദ്ധ മനസ്സിന്റെ പ്രതീകമാണ്. ശുദ്ധമനസ്സിനു മാത്രമേ ജ്ഞാനം സമ്പാദിക്കാന്‍ കഴിയൂ. ദേവിയെ ജ്ഞാനസ്വരൂപിനിയായും വിദ്യാരൂപിണിയായും വന്ദിക്കാം. ആദിപരാശക്തിയുടെ ഒരു ഭാവമാണ് മഹാലക്ഷ്മി. മഹാലക്ഷ്മി  ശ്രീനാരായണബന്ധം ഭാര്യാഭര്‍ത്തൃ ബന്ധത്തെ കൂടുതല്‍ ഉറപ്പിക്കുന്നുവെന്ന് വിശ്വാസം. ശ്രീകോവിലില്‍ ദേവീ വിഗ്രഹത്തിനടുത്ത് ചെറിയ കൃഷ്ണശിലയാണ് വിഷ്ണു സങ്കല്പത്തിന്നാധാരം രണ്ടു വിഗ്രഹങ്ങളും ഒരുമിക്കുമ്പോള്‍ ലക്ഷ്മീ  നാരായണ സങ്കല്പം തെളിയുന്നു. ദേവി അഷ്ട ലക്ഷ്മീ ഭാവങ്ങളില്‍ നാരായണനൊപ്പം വര്‍ത്തിക്കുമ്പോള്‍ ഐശ്വര്യം വാരിവിതറുന്നതിന് മടികാണിക്കാത്തവളായി ശോഭിക്കുന്നു. ത്രയീ ഭാവങ്ങളിലുള്ള ദേവീ ദര്‍ശനം ജീവിതം ധന്യമാക്കുമെന്നും വിശ്വാസമുണ്ട്.

ഇരുപത്തിയേഴു നക്ഷത്രങ്ങളില്‍ പത്താമത്തെ നക്ഷത്രമാണ് മകം. സംസ്‌കൃതത്തില്‍ 'മ ഘാ' യെന്നു പറയുന്നു. മകം നാളിന്റെ ദേവത പിതൃക്കളാണ്. അതുകൊണ്ട് പിതൃക്കളുടെ പര്യായ വാചക ശബ്ദങ്ങളെല്ലാം നാളിന്റെ പര്യായങ്ങളായിട്ടും പ്രയോഗിക്കുന്നു. പെണ്‍കുട്ടികള്‍ മകം നാളില്‍ പുഷ്പിണി ( വയസ്സറിയിച്ചാല്‍ ) യായാല്‍ ഐശ്വര്യവും കുടുംബ വര്‍ദ്ധന ഫലവുമുണ്ടാകുമെന്ന് ജ്യോതിഷം പറയുന്നു. വിവാഹത്തിനും നല്ല നക്ഷത്രമാണ്. മകം പിറന്ന മങ്കയെന്ന ചൊല്ല് അന്വര്‍ത്ഥമാകുന്നു. മകം തൊഴല്‍ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. 

കുംഭ മാസത്തിലെ മകം നക്ഷത്ര ദിവസം മിഥുന ലഗ്‌ന സമയത്താണ് വില്വമംഗലം സ്വാമി ദേവിയെ ദര്‍ശിച്ചത് എന്നാണ് വിശ്വാസം. ആ സമയത്ത് തന്നെ ആണ് ഇന്നും മകം തൊഴല്‍ നടക്കുന്നത്. ഉച്ചപൂജ കഴിഞ്ഞ് നട അടച്ച ശേഷം പിന്നീട് രണ്ട് മണിക്ക് നട തുറക്കും. സര്‍വ്വാഭരണങ്ങളും സര്‍വാലങ്കാരങ്ങളും അണിഞ്ഞ് ശോഭിക്കുന്ന ദേവിയെ ഒരു നോക്ക് കണ്ട് തൊഴാനായി ഭക്തര്‍ വന്നു ചേരുന്നു. അവിവാഹിതകളുടെ വിവാഹം നടക്കാനും വിവാഹിതകള്‍ക്ക് സല്‍പുത്ര ഭാഗ്യമുണ്ടാകാനും ദീര്‍ഘ സുമംഗലിയാകാനും മകം തൊഴല്‍ വിശേഷം എന്ന് കരുതപ്പെടുന്നു. പൂരം നക്ഷത്ര ദിവസം ചോറ്റാനിക്കര ദര്‍ശനം പുരുഷന്മാര്‍ക്കുള്ളതാണ്.