ചൊവ്വ തുലാം രാശിയില്‍, മൂലം മുതല്‍ രേവതി വരെ

ക്രൂരഗ്രഹം അഥവാ പാപഗ്രഹമായി ചൊവ്വ വിശേഷിപ്പിക്കപ്പെടുന്നു. ഗ്രഹങ്ങളില്‍ ആദിത്യന്‍, ചന്ദ്രന്‍, വ്യാഴം എന്നിവ ചൊവ്വയുടെ മിത്രങ്ങള്‍. ശുക്രനും ശനിയും തുല്യര്‍. ബുധന്‍ ശത്രുവാണ്. മേടം, വൃശ്ചികം എന്നിവ ചൊവ്വയുടെ സ്വക്ഷേത്രങ്ങള്‍. മകരം ഉച്ചരാശിയും കര്‍ക്കടകം നീചരാശിയുമാകുന്നു.

author-image
Biju
New Update
horo

 2025 സെപ്തംബര്‍ 13 ന് (1201 ചിങ്ങം 28)  ചൊവ്വ അഥവാ കുജന്‍ (Mars) കന്നിരാശിയില്‍ നിന്നും തുലാം രാശിയിലേക്ക് സംക്രമിക്കുന്നു. ഒക്ടോബര്‍ 27 തുലാം 10 വരെ ചൊവ്വ തുലാം രാശിയില്‍ സഞ്ചരിക്കും. ചിത്തിര നക്ഷത്രത്തിലാണ് ഇപ്പോള്‍ ചൊവ്വ. സെപ്തംബര്‍ 24ന്  ചോതി നക്ഷത്രത്തില്‍ പ്രവേശിക്കും. ഒക്ടോബര്‍ 13 ന് വിശാഖത്തിലേക്ക് സംക്രമിക്കുന്നതാണ്. ചിത്തിര 3, 4 പാദങ്ങള്‍, ചോതി മുഴുവന്‍ 4 പാദങ്ങള്‍, വിശാഖം 1, 2, 3 എന്നീ നക്ഷത്രപാദങ്ങളാണ് തുലാം രാശിയിലുള്ളത് എന്നോര്‍മ്മിക്കാം.

 ചൊവ്വയും തുലാം രാശിയുടെ അധിപനായ ശുക്രനും സമന്മാരാണ്. ഗുണം, ദോഷം എന്നിവ സമമായ അവസ്ഥയെന്ന് പറയാം. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഇതിനെ Neutrality എന്നു വിശേഷിപ്പിക്കുന്നത് ഉചിതമായിരിക്കും. ചുവന്ന നിറത്താല്‍ ചൊവ്വ (ലോഹിതന്‍/ അംഗാരകന്‍) എന്ന പേരുണ്ടായ ചൊവ്വ ഭൂമിപുത്രനായും വിശേഷിപ്പിക്കപ്പെടുന്നു. ഭൗമന്‍, കുജന്‍, മാഹേയന്‍ തുടങ്ങിയ പേരുകളുടെ പൊരുളതാണ്. മംഗലന്‍, വക്രന്‍, കുമാരന്‍, ആരന്‍, രക്തന്‍ തുടങ്ങിയ പേരുകളുമുണ്ട്.

ക്രൂരഗ്രഹം അഥവാ പാപഗ്രഹമായി ചൊവ്വ വിശേഷിപ്പിക്കപ്പെടുന്നു. ഗ്രഹങ്ങളില്‍ ആദിത്യന്‍, ചന്ദ്രന്‍, വ്യാഴം എന്നിവ ചൊവ്വയുടെ മിത്രങ്ങള്‍. ശുക്രനും ശനിയും തുല്യര്‍. ബുധന്‍ ശത്രുവാണ്. മേടം, വൃശ്ചികം എന്നിവ ചൊവ്വയുടെ സ്വക്ഷേത്രങ്ങള്‍. മകരം ഉച്ചരാശിയും കര്‍ക്കടകം നീചരാശിയുമാകുന്നു. പവിഴം ചൊവ്വയുടെ രത്‌നം. തുവരയാണ് ധാന്യം. ചുവപ്പ് നിറമുള്ള വസ്ത്രം ചൊവ്വയുമായി ബന്ധപ്പെട്ടതാണ്.  രക്തത്രികോണാകൃതിയാണ് ചൊവ്വയുടെ ഇരിപ്പിടത്തിന്. ആടാണ് വാഹനം. ശക്തി അഥവാ വേലാണ് ആയുധം. യുദ്ധത്തിന്റെ കാരകന്‍ ചൊവ്വയാണ്. അതിനാല്‍ 'ഗ്രഹങ്ങളുടെ സേനാനായകന്‍' എന്ന പദവി ചൊവ്വ വഹിക്കുന്നു.

വ്യാപാരരാശിയാണ് തുലാം രാശി. ത്രാസ്സ് അഥവാ തുലാസ്സ് കൈയ്യില്‍ ധരിച്ച് അങ്ങാടിയില്‍ ഇരിക്കുന്ന ഒരു കച്ചവടക്കാരനാണ് തുലാം രാശിയുടെ സ്വരൂപം. ലോകമെങ്ങും ഇപ്പോള്‍ കച്ചവടവും തല്‍സംബന്ധമായ ചുങ്കവും തര്‍ക്ക കോലാഹലത്തിലാണല്ലോ? ചൊവ്വ തുലാം രാശിയില്‍ സഞ്ചരിക്കുമ്പോള്‍ പ്രസ്തുതവിഷയം കൂടുതലാവാനാണ് സാധ്യതയുള്ളത്! ഏതാണ്ട് ഒന്നരമാസം ചൊവ്വ തുലാം രാശിയില്‍ സഞ്ചരിക്കുന്നു.

മൂലം മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ രാശിഫലം ചൊവ്വയുടെ തുലാം രാശി സഞ്ചാരത്തെ അവലംബമാക്കി ഇവിടെ വിശദീകരിക്കുന്നു.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

പത്താം ഭാവത്തില്‍ നിന്നും പതിനൊന്നാം ഭാവത്തിലേക്ക് ചൊവ്വ മാറുന്നു. നവഗ്രഹങ്ങളും ഗുണപ്രദന്മാരായി മാറുന്ന ഒരുഭാവം പതിനൊന്നാമെടമാണ്. ലാഭസ്ഥാനം, സര്‍വ്വാഭീഷ്ടഭാവം എന്നെല്ലാം പതിനൊന്നാമെടത്തെ സംബോധന ചെയ്യുന്നത് അതിനാലാവണം. ധനുക്കൂറുകാര്‍ക്ക് ന്യായമായ ആഗ്രഹങ്ങള്‍ സഫലമാവുന്ന കാലമായിരിക്കും. തടസ്സങ്ങള്‍ താനേ അകലുന്നതാണ്. പദവികള്‍ ലഭിക്കാം. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം വരും. വേതനവര്‍ദ്ധനവിനും അവസരം വന്നേക്കും.

ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ നിഷ്പ്രഭമാക്കുന്നതാണ്. ആത്മവിശ്വാസം ഊന്നുവടി പോലെ ഏതുദുര്‍ഘടങ്ങളിലും കൂട്ടിനുണ്ടാവും. ബിസിനസ്സില്‍ നിന്നും ആദായം അധികരിക്കുന്നതാണ്. ഭൂമിലാഭത്തിന് സാധ്യതയുണ്ട്. മത്സരങ്ങളില്‍ വിജയമുണ്ടാവും. വലിയ കരാറുകള്‍ നേടിയെടുക്കും. പ്രണയികള്‍ ഭാവി സംബന്ധിച്ച കൃത്യമായ തീരുമാനം കൈക്കൊള്ളും. ദാമ്പത്യത്തിലും സൗഖ്യം പ്രതീക്ഷിക്കാവുന്നതാണ്. ചിട്ടി, നറുക്കെടുപ്പ്, ഇന്‍ഷ്വറന്‍സ് മുതലായവയിലൂടെ ധനാഗമം വന്നെത്തുന്നതാണ്.

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1,2 പാദങ്ങള്‍)

ഒമ്പതാമെടത്തില്‍ നിന്നും പത്താം ഭാവത്തിലേക്ക് ചൊവ്വ സംക്രമിക്കുന്നു. തൊഴിലിടത്തില്‍ സംതൃപ്തി കുറയാനിടയുണ്ട്. കരുതിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞേക്കില്ല. ആസൂത്രണ മികവ് ഫലിച്ചുകൊള്ളണമെന്നില്ല. പുതിയ കാര്യങ്ങളുടെ നിര്‍വഹണത്തില്‍ വിഘ്‌നം ഭവിക്കും. ബിസിനസ്സ് യാത്രകള്‍ കൊണ്ട് പ്രതീക്ഷിച്ച നേട്ടം കൈവന്നേക്കില്ല. സരളമായും സുഗമമായും അനുഭവപ്പെട്ടിരുന്ന കാര്യങ്ങള്‍ സങ്കീര്‍ണ്ണമായി തോന്നും.

വിദ്യാര്‍ത്ഥികളുടെയും പഠന നിലവാരത്തില്‍ അദ്ധ്യാപകര്‍ ആശങ്കരേഖപ്പെടുത്താം.  ഗവേഷകര്‍ക്ക് 'ഇരുട്ടില്‍ തപ്പുന്ന' പ്രതീതിണ്ടാവുന്നതാണ്. തീര്‍ത്ഥാടനത്തില്‍ നിന്നും പിന്മാറാനിടയുണ്ട്. എത്ര കിണഞ്ഞു ശ്രമിച്ചാലും  ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടാത്തതില്‍ വിഷമമുണ്ടാവും. ഭൂമിവാങ്ങാനോ/ ഗൃഹനിര്‍മ്മാണം ആരംഭിക്കാനോ കാത്തിരിക്കേണ്ടി വരുന്നതാണ്. അനുരാഗികള്‍ക്കിടയില്‍ 'ego' യുണ്ടാവും. തന്മൂലം താത്കാലികമായെങ്കിലും ശൈഥില്യം ഏര്‍പ്പെടാം.

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങള്‍, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങള്‍)

അഷ്ടമത്തില്‍ നിന്നും ചൊവ്വ മാറുന്നത് വലിയ ആശ്വാസമാണ്. എങ്കിലും ചിലദോഷഫലങ്ങള്‍ ഭവിക്കാം. ഒമ്പതിലെ ചൊവ്വ ഭാഗ്യഭ്രംശം ഉണ്ടാക്കും. സ്വയം പ്രതീക്ഷിച്ച സ്ഥാനക്കയറ്റം സഹപ്രവര്‍ത്തകന് ലഭിക്കുന്നതില്‍ വിഷമിക്കും. നല്ല അവസരങ്ങള്‍ 'കപ്പിനും ചുണ്ടിനുമിടയില്‍' ഊര്‍ന്നുപോകാം. കലാകാരന്മാരുടെ കഴിവുകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചേക്കില്ല. സാമ്പത്തിക തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. തറവാടിന്റെ  ഭാഗം നടന്നേക്കും. എന്നാല്‍ അര്‍ഹതയുള്ളത് ലഭിക്കാന്‍ തര്‍ക്കിക്കേണ്ടി വരുന്നതാണ്.

മാതാപിതാക്കളുടെ ആരോഗ്യകാര്യത്തില്‍ കരുതലുണ്ടാവണം. ഉപാസനാദികള്‍ തടസ്സപ്പെടുന്നതിന് സാധ്യത കാണുന്നു. പൊതുപ്രവര്‍ത്തകര്‍ അപവാദങ്ങളെ നേരിടും. ബിസിനസ്സില്‍ ഉണര്‍വുണ്ടായേക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ പ്രതീക്ഷിച്ചത്ര മാര്‍ക്ക് ലഭിക്കില്ല. കരാര്‍ പണികളില്‍ സന്ദിഗ്ധതയുണ്ടാവും. സഹോദരാനുകൂല്യം കുറയാം. പരുക്കന്‍ സ്വഭാവത്താല്‍ സുഹൃത്തുക്കള്‍ വിരോധികളായേക്കും. വരുമാനമാര്‍ഗങ്ങള്‍ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് മാന്ദ്യം നേരിടും.

മീനക്കൂറിന് (പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)

ചൊവ്വ തുലാംരാശിയില്‍ സഞ്ചരിക്കുമ്പോള്‍ ദോഷഫലങ്ങള്‍ കൂടുതലായി വന്നുചേരുക തുലാക്കൂറുകാര്‍ക്കും വൃശ്ചികക്കൂറുകാര്‍ക്കും പിന്നെ മീനക്കൂറുകാര്‍ക്കും ആണ്. മീനക്കൂറില്‍ ജനിച്ചവര്‍ ഇപ്പോള്‍ ഒരുവിധത്തിലുള്ള സാഹസങ്ങള്‍ക്കും മുതിരരുത്. മൗനം ഭൂഷണം എന്നത് ആപ്തവാക്യം പോലെ മുറുകെ പിടിക്കണം.

വാഹനം, അഗ്‌നി, യന്ത്രം, വൈദ്യുതി ഇവ ഉപയോഗിക്കുമ്പോള്‍ നല്ലവണ്ണം കരുതല്‍ വേണ്ടതുണ്ട്. ആരോഗ്യപരിരക്ഷ യ്ക്ക് പ്രാമുഖ്യം നല്‍കണം. ചെറുതോ വലുതോ ആയ കാര്യങ്ങളില്‍ പോലും ആസൂത്രണവും ഏകോപനവും കുറ്റമറ്റതാവണം. എങ്കില്‍ തന്നെയും തടസ്സങ്ങള്‍ ഉണ്ടായേക്കാം. നവസംരംഭങ്ങള്‍ തുടങ്ങരുത്. നവജാതശിശുക്കള്‍ക്ക് ബാലാരിഷ്ടയേറും. നിയമ വ്യവസ്ഥകള്‍ ഉറപ്പായും പാലിക്കണം. കളവ് പോകാനിടയുള്ളതിനാല്‍ പേഴ്‌സ്, ബാങ്കിംഗ് കാര്‍ഡുകള്‍, മൊബൈല്‍ ഇത്യാദികള്‍ സൂക്ഷിക്കണം. ജാതകമനുസരിച്ച് അനുകൂലമായ സമയമാണെങ്കില്‍ ചൊവ്വയുടെ ഗോചരഫലത്തിലുള്ള ദോഷങ്ങള്‍ ലഘൂകരിക്കപ്പെടും.