ഈ ആഴ്ച (05-10-2025, 11-05-2025) നിങ്ങള്‍ക്ക് എങ്ങനെ

ശനി മീനം രാശിയില്‍ വക്രഗതി തുടരുന്നു. പൂരൂരുട്ടാതി നക്ഷത്രത്തിലാണ് ശനി. വ്യാഴം മിഥുനം രാശിയില്‍ പുണര്‍തം നക്ഷത്രത്തിലാണ്. രാഹുവും കേതുവും യഥാക്രമം കുംഭം-ചിങ്ങം രാശികളില്‍ തുടരുന്നു. ഈ ഗ്രഹനിലയെ മുന്‍നിര്‍ത്തി അശ്വതി മുതല്‍ രേവതി വരെയുള്ള നാളുകാരുടെ വാരഫലം വിശകലനം ചെയ്യുന്നു.

author-image
Biju
New Update
horo 7

ആദിത്യന്‍ കന്നിരാശിയില്‍ അത്തം ഞാറ്റുവേലയിലാണ്. ചന്ദ്രന്‍ വാരാദ്യം വെളുത്തപക്ഷത്തില്‍. തിങ്കളും ഭാഗികമായി ചൊവ്വാഴ്ചയും ആയി 'ആശ്വിനപൗര്‍ണമി' വരും. തുടര്‍ന്ന്  കൃഷ്ണപക്ഷം ആരംഭിക്കുന്നു. ചതയം മുതല്‍ രോഹിണി വരെ നക്ഷത്രമണ്ഡലങ്ങളിലാണ് ചന്ദ്രസഞ്ചാരം.

ചൊവ്വ തുലാം രാശിയില്‍ ചോതി നക്ഷത്രത്തിലാണ്. ബുധനും തുലാം രാശിയില്‍ ചിത്തിര-ചോതി നക്ഷത്രങ്ങളില്‍ സഞ്ചരിക്കുന്നു. ശുക്രന്‍ ചിങ്ങം രാശിയിലാണ്. ഒക്ടോബര്‍ 9 ന് നീചക്ഷേത്രമായ കന്നിരാശിയില്‍ പ്രവേശിക്കും. 

ശനി മീനം രാശിയില്‍ വക്രഗതി തുടരുന്നു. പൂരൂരുട്ടാതി നക്ഷത്രത്തിലാണ് ശനി. വ്യാഴം മിഥുനം രാശിയില്‍ പുണര്‍തം നക്ഷത്രത്തിലാണ്. രാഹുവും കേതുവും യഥാക്രമം കുംഭം-ചിങ്ങം രാശികളില്‍ തുടരുന്നു. ഈ ഗ്രഹനിലയെ മുന്‍നിര്‍ത്തി അശ്വതി മുതല്‍ രേവതി വരെയുള്ള നാളുകാരുടെ വാരഫലം വിശകലനം ചെയ്യുന്നു.

അശ്വതി

ഊര്‍ജ്ജസ്വലമായ വാരമായിരിക്കും. ഔദ്യോഗിക ജീവിതത്തില്‍ കാര്യങ്ങള്‍ക്കൊത്ത് ഒഴുകാനാവും.  കരുതിയാല്‍ ഒഴുക്കിനെതിരേയും നീന്തല്‍ സാധ്യമാകുന്നതാണ്. ആരോടായാലും തനിക്ക് പറയാനുള്ളത് ഭംഗിയായി വിശദീകരിക്കും. ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്യുവാന്‍ സന്നദ്ധതയുണ്ടാവും. തൃപ്തികരമായിരിക്കും, ധനസ്ഥിതി.  വ്യക്തിപരമായി അല്പം സുഖക്കുറവ് വന്നേക്കും. മൗനം വലിയ തോതില്‍ രക്ഷ നല്‍കുന്നത് അനുഭവിച്ചറിയും. പ്രണയികള്‍ക്കും ദമ്പതികള്‍ക്കും ഏഴിലെ ചൊവ്വയും ശുക്രന്റെ നീചവും തടസ്സങ്ങളും അനൈക്യവും സൃഷ്ടിക്കുന്നതാണ്. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ കരുതലുണ്ടാവണം.

ഭരണി

ഔദ്യോഗികമായി ഗുണകരമായ വാരമാണ്. ചുമതലകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ആലോചനകളെ ക്രിയകളാക്കാന്‍ തടസ്സമുണ്ടാവില്ല. ഒപ്പമുള്ളവരുടെ സഹകരണം തുടരപ്പെടും. പുതിയതായി എന്തെങ്കിലും പഠിച്ചറിയാന്‍ അവസരം സംജാതമാകും. ആഢംബരച്ചെലവുകള്‍ അനിവാര്യമാവും.  അനുഭവങ്ങളില്‍ നിന്നും പലതും പഠിക്കും. വിശ്രമിക്കാന്‍ സമയം കുറയും. ഉറക്കക്കുറവ് ക്ഷീണമേകും. ദാമ്പത്യത്തിലും പ്രണയത്തിലും സൈ്വരം കുറയാനിടയുണ്ട്. തര്‍ക്കങ്ങളില്‍ നിശബ്ദത നയമാക്കുന്നത് ഗുണകരമാവും.

കാര്‍ത്തിക

പ്രതാപശാലിയാണെന്ന് തോന്നും. ഭൂതകാല മഹിമകളിലാവും മനസ്സ്. തീരുമാനങ്ങളില്‍ സ്ഥിരത്വം കുറയുന്നതാണ്. കാര്യനിര്‍വഹണത്തിന് പരാശ്രയത്വമുണ്ടാവും. സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന് പറയാനാവില്ല. അമിത ചിലവുകള്‍ കുറയ്ക്കാന്‍ തയ്യാറാകേണ്ടതുണ്ട്. ഒപ്പമുള്ളവരെ പഴിക്കുന്നത് ശത്രുത വളര്‍ത്തിയേക്കാം. നിസ്സാര കാര്യങ്ങളില്‍ അനാവശ്യമായ ഉത്കണ്ഠ വരാം. ദേഹാരോഗ്യം പോലെ മാനസികാരോഗ്യവും പ്രധാനമെന്നറിയണം. എന്നാല്‍ അശ്രദ്ധ ഒഴിവാക്കപ്പെടണം. വാരമധ്യത്തിലെ മൂന്നാലു ദിവസങ്ങള്‍ കൂടുതല്‍ മേന്മയുള്ളതായിരിക്കും. 

രോഹിണി

പരോപകാരത്താല്‍ ധന്യത അനുഭവപ്പെടും. മനസ്സമാധാനം അഭംഗുരമായി തുടരും. ജോലിസ്ഥലത്ത് കാര്യവിജയമുണ്ടാവും. പുതിയ സൗഹൃദം ഉടലെടുക്കാം.  വാക്കുകള്‍ ആദരവ് നേടിത്തരുന്നതാണ്. മക്കളുടെ കാര്യത്തില്‍ ചില ഉല്‍ക്കണ്ഠകള്‍ ഉണ്ടാവാനിടയുണ്ട്. പഠനത്തിന് സാങ്കേതിക സഹായം കൂടുതലായി വേണ്ടി വന്നേക്കാം. കൃത്യാന്തരങ്ങള്‍ കാരണം കടമകള്‍ നിര്‍വഹക്കാന്‍ തടസ്സമുണ്ടാവും. ബിസിനസ്സുകാര്‍ക്ക് ഗ്രൂപ്പായി നടത്തുന്ന ചിട്ടിയില്‍ നിന്നും ആദായം കൈവരാം. കലാപരിപാടികള്‍ക്ക് അവസരം കിട്ടിത്തുടങ്ങും. ഒരേ മേഖലയില്‍ നിന്നും വെല്ലുവിളികള്‍ ഉയരുന്നതാണ്.

മകയിരം

പഴയകാര്യങ്ങള്‍ ഓര്‍മ്മയില്‍ വന്നുകൊണ്ടിരിക്കും. ചിലപ്പോള്‍ നഷ്ടബോധം അനുഭവപ്പെടാം. ഭാവിയെക്കുറിച്ച്  ആശങ്കയുണ്ടാവുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റക്കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നതാണ്. ചെറുയാത്രകള്‍ സന്തോഷകരമാവും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതാണ്. സുഹൃത്തുക്കളുടെ പിന്തുണയില്‍ സന്തോഷിക്കും. ആരംഭിച്ച കാര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സമ്മര്‍ദ്ദമുണ്ടാവും. ബിസിനസ്സില്‍ ലാഭം കുറയുന്നതായി തോന്നും.  സാമൂഹ്യമാദ്ധ്യമങ്ങളില്‍ സക്രിയമായ സാന്നിദ്ധ്യം പുലര്‍ത്തും.

തിരുവാതിര

വാരാദ്യ ദിവസങ്ങളില്‍ സ്വസ്ഥത കുറയും. കാര്യസാധ്യത്തിനായി അലച്ചിലുണ്ടാവും. പണം കൂടുതല്‍ ചെലവാകുന്നതാണ്. ബുധന്‍ മുതല്‍ കാര്യങ്ങള്‍ വരുതിയിലാകും. ബന്ധുക്കളുടെ തീരുമാനങ്ങളോട് വിയോജിപ്പറിയിക്കും. കരാര്‍പണിയില്‍ കിട്ടേണ്ട കുടിശിക ഭാഗമായി കിട്ടും. സഹോദരന് സാമ്പത്തിക സഹായം ചെയ്യേണ്ടി വരുന്നതാണ്. ചികില്‍സാ മാറ്റത്താല്‍ രോഗോപദ്രവത്തിന് ശമനം കണ്ടുതുടങ്ങും. ഗൃഹത്തില്‍ കുളിമുറി, ഡ്രെയിനേജ് ഇവ സംബന്ധിച്ച അറ്റകുറ്റപ്പണി വേണ്ടിവരുന്നതാണ്. മകന്റെ ശാഠൃശീലം മനക്ലേശമുണ്ടാക്കാം.

പുണര്‍തം

പാരമ്പര്യ തൊഴിലുകളില്‍ വിജയിക്കാനാവും. പുതിയ ജോലി തേടുന്നവര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നതാണ്. തിടുക്കത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ദോഷത്തിനിടവരുത്തും. ബന്ധുക്കളുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കും. കുടുംബ ജീവിതത്തില്‍ സാമാന്യമായ സംതൃപ്തി പ്രതീക്ഷിക്കാം. ചെറുപ്പക്കാര്‍ക്ക് തൊഴിലിടത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ഉയരാം. പ്രണയജീവിതത്തില്‍ അസംതൃപ്തി വരും. വാരാദ്യ ദിവസങ്ങളില്‍ പുതുകാര്യങ്ങള്‍ തുടങ്ങരുത്.  പഴയ കൈവായ്പ മടക്കിക്കിട്ടിയേക്കും.

പൂയം

ഗൗരവമുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചിന്തിക്കത്തക്ക അഭിപ്രായം പറയുകയും ചെയ്യും. ആത്മവിശ്വാസം കുറയാം. എന്നാല്‍ ഒപ്പമുള്ളവരില്‍ വിശ്വാസം ജനിപ്പിക്കും. വീട്ടുകാര്യങ്ങളില്‍ ശ്രദ്ധ കുറയാം. മകന്റെ പഠിപ്പില്‍ ആശങ്കയുണ്ടാവും. പുതുവാഹനം വാങ്ങാന്‍ അനുകൂല സമയമല്ല. സഹായ വാഗ്ദാനങ്ങള്‍ ജലരേഖകളായേക്കും. പണം ചെലവാക്കുന്നതില്‍  പുലര്‍ത്തും. ഏജന്‍സി പ്രവര്‍ത്തനം തുടങ്ങാന്‍ ചിലരുടെ സഹായം സിദ്ധിക്കുന്നതാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സൈ്വരക്കേടുണ്ടാവാം.

ആയില്യം

നക്ഷത്രാധിപനായ ബുധന്  ചൊവ്വയുമായി യോഗം വരുന്നതിനാല്‍ അനാവശ്യ കാര്യങ്ങളില്‍ കലഹമേര്‍പ്പെടാം.  ചിന്താപരത കൂടുകയാല്‍ മനസ്സുഖം കുറയുന്നതായി രിക്കും. വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കരുത്. സ്ത്രീകളുടെ സഹായം ലഭിക്കുന്നതാണ്. കര്‍മ്മമേഖല ഉണരുവാന്‍ സാധ്യതയുണ്ട്. പ്രൈവറ്റ് സ്ഥാപനത്തില്‍ വേതന വര്‍ദ്ധനയ്ക്ക് പരിഗണന ലഭിക്കാം. കഴിവതും പണയപ്പലിശ മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കും. വൈദ്യപരിശോധനകളില്‍ അമാന്തമരുത്. ആത്മീയ കാര്യങ്ങള്‍ക്ക് നേരം കണ്ടെത്തുന്നതാണ്. പുതിയ തലമുറയോട് പൊരുത്തപ്പെടാന്‍ വിഷമിക്കും.

മകം

അനുകൂല സാഹചര്യങ്ങളാണ് എല്ലാമെന്ന് പറയാനാവില്ല. അധ്വാനം കൂടുന്നതാണ്. മേലധികാരികളെ ചിലതൊക്കെ ബോധിപ്പിക്കേണ്ടി വരുന്നതായിരിക്കും. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന് അല്പം കൂടി കാത്തിരിക്കുകയാവും ഉത്തമം. സാമ്പത്തിക ഇടപാടുകള്‍ക്ക് കണക്ക് സൂക്ഷിക്കുക ഉചിതമായിരിക്കും. എതിര്‍ചോദ്യങ്ങള്‍ക്ക് മൗനം അവലംബിക്കേണ്ടി വന്നേക്കും. ശുപാര്‍ശകള്‍ക്ക് പ്രതീക്ഷിച്ച ഫലം കിട്ടുന്നതാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അഷ്ടമരാശിക്കൂറില്‍ ചന്ദ്രന്‍ സഞ്ചരിക്കുകയാല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടേക്കാം.

പൂരം

അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. കര്‍മ്മരംഗത്ത് ഉണര്‍വ്വുണ്ടാവും. ഔദ്യോഗിക ചുമതലകള്‍ കൂടുന്നതാണ്. പുതിയ സഹായികളെ ലഭിക്കുന്നതിനാല്‍ കുറച്ചാശ്വാസം പ്രതീക്ഷിക്കാം. ഗവേഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനാവും. നിഗമനങ്ങള്‍ എഴുതി സൂക്ഷിക്കും. ഉറ്റവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിയും. അവസരോചിത നീക്കങ്ങള്‍ ഗുണം ചെയ്യും. പ്രശംസിക്കപ്പെടാം. ആവശ്യത്തിനുപരി ആഡംബരത്തിനും പണച്ചെലവുണ്ടാവും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പുതുകാര്യങ്ങള്‍ തുടങ്ങരുത്.

ഉത്രം

ചുറുചുറുക്കും സന്നദ്ധതയും കര്‍മ്മമേഖലയില്‍ ഗുണാനുഭവങ്ങള്‍ സൃഷ്ടിക്കാം. എന്നാല്‍ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പമെത്താന്‍ കഴിഞ്ഞേക്കില്ല. വ്യാപാരികള്‍ക്ക് ആദായത്തില്‍ കുറവുണ്ടാവില്ല. എന്നാല്‍ അധികം മുതല്‍മുടക്കിന് ഇപ്പോള്‍ മുതിരരുത്. ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖങ്ങളില്‍ ശോഭിക്കുന്നതാണ്. ചെറുയാത്രകള്‍ പ്രയോജനകരമാവും. പ്രണയികളുടെ ഹൃദയബന്ധം ദൃഢമാകുന്നതാണ്. ദാമ്പത്യത്തില്‍ സംതൃപ്തിയുണ്ടാവും. സാഹിത്യ പ്രവര്‍ത്തനം മുന്നോട്ടുപോകും. ഭാവികാര്യങ്ങള്‍ ചിന്തിക്കും. ആഴ്ചയുടെ മധ്യഭാഗത്തിന് മേന്മ കുറയാം.

അത്തം

ആത്മവിശ്വാസം കുറയില്ല. ഉപജീവനരംഗം ഉന്മേഷമുള്ളതാവും. മനസ്സില്‍ പുതിയ ആശയങ്ങള്‍ നിറയും. അവ അതേ ആവേശത്തോടെ ഒപ്പമുള്ളവര്‍ സ്വീകരിക്കണമെന്നില്ല. ചെറുതടസ്സങ്ങളില്‍ വ്യാകുലരാവും. ഗാര്‍ഹികസൗഖ്യം പ്രതീക്ഷിക്കാം. ജീവിതപങ്കാളിക്ക് വീട്ടിനടുത്ത് ജോലികിട്ടാം. വസ്ത്രാഭരണങ്ങള്‍ പാരിതോഷികമായി ലഭിച്ചേക്കാം. ചെറുകിട സംരംഭങ്ങള്‍ പുഷ്ടിപ്പെടുന്നതാണ്. കടബാധ്യത ഗഡുക്കളായി തീര്‍ക്കാന്‍ സാധിക്കും. വ്യാഴം, വെള്ളി ദിവസങ്ങള്‍ക്ക് ഗുണം കുറയുന്നതാണ്.

ചിത്തിര

മത്സരബുദ്ധിയുണ്ടാവും. പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നതാണ്. കരിയര്‍ ഗ്രാഫ് ഉയരാത്തതില്‍ വിഷമിക്കും. മേലധികാരികളുടെ അപ്രീതി തുടരന്നതാണ്. കുടുംബാന്തരീക്ഷം മോശമാവില്ല. മകന്റെ ശാഠ്യശീലം കൊണ്ട് പുതിയ ബൈക്ക് വാങ്ങാന്‍ തീരുമാനിക്കുന്നതാണ്. ഏജന്‍സി/ ഡീലെര്‍ഷിപ്പ് മെച്ചപ്പെടും. ഉപഭോക്താക്കളെ സ്വാധീനിക്കാനാവും. ഗ്രഹങ്ങള്‍ ജന്മനക്ഷത്രത്തിലും മുന്നിലും പിന്നിലുമായി സഞ്ചരിക്കുകയാല്‍ സമ്മര്‍ദ്ദം ഉണ്ടായിക്കൊണ്ടിരിക്കും. സ്വയം ശാന്തരാവേണ്ടതുണ്ട്. വാരാദ്യദിനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാവും.

ചോതി

ജന്മനക്ഷത്രത്തിലൂടെ ചൊവ്വ കടന്നുപോവുന്നതിനാല്‍ കാര്യനിര്‍വഹണത്തില്‍ ശ്രദ്ധയുണ്ടാവണം. ലാഘവബുദ്ധി ഉപേക്ഷിക്കപ്പെടേണ്ടതുണ്ട്. ക്ഷോഭവും മുന്‍കോപവും നിയന്ത്രിക്കാന്‍ ശ്രമിക്കണം. ഭാഗ്യാനുഭവങ്ങള്‍ വഴിമാറുന്നതായി തോന്നിയേക്കാം. ആദിത്യന്‍ പന്ത്രണ്ടില്‍ സ്ഥിതി ചെയ്യുകയാല്‍ അധികാരികളുടെ സമ്മതം കിട്ടാതെ വരും. സ്വാശ്രയമായ ജോലികളില്‍ ലാഭം വര്‍ദ്ധിക്കാനിടയുണ്ട്. സുഹൃത്തിന് സമയോചിതമായ ഉപദേശം നല്‍കുന്നതാണ്. പ്രണയത്തിലും ദാമ്പത്യത്തിലും വിട്ടുവീഴ്ച ഉണ്ടാവേണ്ടതുണ്ട്.

വിശാഖം

വിദ്യാഭ്യാസം, ഗവേഷണം, ലേഖനമെഴുത്ത് ഇവകളില്‍ ശോഭിക്കുന്നതാണ്. പൊതുവേ ബൗദ്ധികമായി മെച്ചമുണ്ടാവുന്ന കാലമാണ്. ഉദ്യോഗസ്ഥര്‍ക്ക് അല്പം പിരിമുറുക്കം അനുഭവിക്കാറാകും. വിദേശജോലിക്കായുള്ള പരിശ്രമത്തില്‍ തടസ്സങ്ങളേര്‍പ്പെടും. ശുക്രന്‍ കന്നിയില്‍ നീചസ്ഥിതിയിലാകയാല്‍ ഭൗതിക കാര്യങ്ങളില്‍ അസംതൃപ്തി വരുന്നതാണ്. ആത്മീയ സാധനകള്‍ നടത്താനാവും. കൂട്ടുകച്ചവടം ലാഭത്തിലെത്തും. സന്താനങ്ങളെക്കൊണ്ട് മനക്ലേശം വരാം.  ഭൂമിവില്‍പ്പന തടസ്സപ്പെടുന്നതാണ്.

അനിഴം

ആദരിക്കേണ്ടവരെ ആദരിക്കും. നിലപാടുകളില്‍ മയമുണ്ടാവില്ല. പുതിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴും പാരമ്പര്യത്തെ തള്ളിപ്പറയില്ല. വാരാദ്യം ആശയക്കുഴപ്പം നേരിടും. കര്‍മ്മപരാങ്മുഖത്വം ഭവിക്കാം. ദേഹസുഖക്കുറവ് അനുഭവപ്പെടുന്നതാണ്. ക്രമേണ കാര്യസിദ്ധിയുണ്ടാവും. വരുമാനം ന്യായമായ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കും. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് സുഗമമായ തൊഴില്‍ സാഹചര്യം ഉണ്ടാവും. ഭോഗസുഖമുണ്ടായിരിക്കും. പ്രണയം അഭംഗുരമായി മുന്നേറുന്നതാണ്.

തൃക്കേട്ട

ആസൂത്രണ വൈഭവം ചിലപ്പോള്‍ വേണ്ടത്ര ഫലവത്തായില്ലെന്ന് വരാം. പരാശ്രയത്വം ഉണ്ടായേക്കും. എന്നാല്‍ തൊഴിലിടത്തില്‍ സമാധാനമുണ്ടാവും. സഹപ്രവര്‍ത്തകരുടെ പിന്‍ബലം  പ്രതീക്ഷിക്കാം. സന്താനങ്ങളുടെ വിദ്യാഭ്യാസം സുഗമമാവുന്നതില്‍ തൃപ്തിയുണ്ടാവും. പുതിയ വ്യാപാരത്തെപ്പറ്റി ഗാഢമായ ആലോചനയില്‍ ഏര്‍പ്പെടും. ഗാര്‍ഹികമായ അന്തരീക്ഷം സുഖകരമാവും. ഗൃഹനിര്‍മ്മാണം തടസ്സപ്പെടാതെ മുന്നേറിയേക്കും. വാരാദ്യത്തിലെ സ്വസ്ഥതക്കുറവൊഴിച്ചാല്‍ പൊതുവേ മെച്ചപ്പെട്ട വാരമാവും.

മൂലം

ചന്ദ്രന്‍ ഉപചയരാശികളിലൂടെ സഞ്ചരിക്കുകയാല്‍ മനസ്സമാധാനം ഉണ്ടാവുന്നതാണ്. ആലോചിച്ചുറപ്പിച്ച കാര്യങ്ങള്‍ യഥാവിധി പ്രാവര്‍ത്തികമാക്കാന്‍ കഴിയും. ബന്ധുക്കള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ഉചിതമായ പോംവഴി നിര്‍ദ്ദേശിക്കും. ജോലിസ്ഥലത്ത് സ്വസ്ഥതയുണ്ടാവും. സാങ്കേതിക കാര്യങ്ങളിലുള്ള സംശയം വിദഗ്ദരില്‍ നിന്നും പരിഹരിക്കുന്നതാണ്.  ഭാവിയില്‍ പ്രയോജനം ചെയ്യുന്ന ലഘുനിക്ഷേപങ്ങള്‍ നടത്തുവാനാവും. കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദത്തിനും, പുറമേ നിന്നും ഭക്ഷണം, ഷോപ്പിംഗ് തുടങ്ങിയവയ്ക്കും അവസരം വരും.

പൂരാടം

പതിനൊന്നാം ഭാവത്തിലെ കുജബുധയോഗം ശത്രുക്കളെ നിശബ്ദരാക്കും. കര്‍മ്മമേഖലയില്‍ സ്വാധീനം ഉയരുന്നതാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കും. വ്യാപാരത്തില്‍ നല്ല പുരോഗതിയുണ്ടാവും. ഭൂമിയില്‍ നിന്നും ആദായം പ്രതീക്ഷിക്കാം. പുതിയ കാര്യങ്ങളില്‍ അറിവ് വളര്‍ത്തുന്നതാണ്. സാഹിത്യ മേഖലയില്‍ പ്രശസ്തി കൈവരും. കടബാധ്യതകള്‍ സംബന്ധിച്ച പരിഹാരത്തിന് വഴിതെളിയുന്നതാണ്.  വായ്പകള്‍ കൃത്യമായി അടയ്ക്കും. ഉയര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച വിജയം കാണും.

ഉത്രാടം

കൂട്ടുബിസിനസ്സില്‍ നിന്നും പിന്മാറാനാഗ്രഹിക്കും. സ്വന്തം സംരംഭത്തിന് സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതാണ്. സ്ഥലം മാറ്റ ഉത്തരവ് പ്രാബല്യത്തില്‍ വരും. സന്ധിസംഭാഷണത്തില്‍ വിജയിക്കുന്നതാണ്. ജോലിയുമായി ബന്ധപ്പെട്ട യാത്രകള്‍ ഉണ്ടായേക്കും. എതിര്‍പ്പുകളെ തമസ്‌കരിക്കാനാവും. പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധയുണ്ടാവണം.  അഭിമുഖത്തില്‍ ശോഭിക്കുന്നതാണ്. മത്സരാധിഷ്ഠിത കരാറുകളില്‍ പങ്കെടുക്കും. മനസ്സിന്റെ മേല്‍ നിയത്രണം കുറയാം. ബുധനാഴ്ച മുതല്‍ കൂടുതല്‍ ഗുണഫലങ്ങളുണ്ടാവും.

തിരുവോണം

പ്രൊബേഷന്‍ കാലാവധി കഴിഞ്ഞ് ജോലിയില്‍ സ്ഥിരീകരണം കിട്ടാം. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മടിക്കില്ല. പൂര്‍വ്വികസ്വത്തിന്മേല്‍ സഹോദരരുമായി തര്‍ക്കം തുടരുന്നതാണ്. സുഹൃല്‍ബന്ധം പ്രണയമായി മാറാന്‍ സാധ്യതയുണ്ട്. ഭൗതികചിന്തകളും ആഗ്രഹങ്ങളും കൂടും.  പുതുവാഹനം വാങ്ങാനിടയുണ്ട്. കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉയരാനിടയുണ്ട്. കൗമാരക്കാരുടെ കാര്യത്തില്‍ നിരീക്ഷണം വേണം. ഊഹക്കച്ചവടത്തില്‍ നഷ്ടം വന്നേക്കാം. ജീവിതശൈലീ രോഗങ്ങളില്‍ ജാഗ്രതയുണ്ടാവണം. ഞായര്‍, വെള്ളി, ശനി ദിവസങ്ങളില്‍ സമ്മര്‍ദ്ദം ഭവിക്കാം.

അവിട്ടം

തൊഴിലില്‍ വളര്‍ച്ച പ്രതീക്ഷിക്കാം. ഉന്നതോദ്യോഗസ്ഥര്‍ പിന്തുണക്കുന്നതാണ്.  അപ്രസക്ത കാര്യങ്ങള്‍ക്കായി സമയവും ഊര്‍ജ്ജവും ചെലവഴിക്കേണ്ടി വന്നേക്കും. ആരോഗ്യകാര്യത്തിലെ ലാഘവം ഒഴിവാക്കപ്പെടണം. മനസ്സിനിഷ്ടമില്ലാത്ത വാര്‍ത്തകള്‍ കേള്‍ക്കാം. പൊതുവേ സാമ്പത്തിക നില ഉയരുന്നതാണ്. വരുമാന സ്രോതസ്സുകളിലെ തടസ്സങ്ങള്‍ നീക്കാനായേക്കും. സമൂഹത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം  ലഭിക്കുന്നതാണ്. ദാമ്പത്യത്തില്‍ ഒട്ടൊക്കെ സമാധാനം പുലരും. മകന്റെ ജോലിക്കാര്യത്തില്‍ ഉറപ്പ് ലഭിക്കാം.

ചതയം

മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ വീണ്ടും ജോലിക്ക് ക്ഷണമുണ്ടാവും. ഭാഗ്യാനുഭവങ്ങള്‍ കൂടുന്നതായി തോന്നാം. ജീവകാരുണ്യത്തിന് നേരം കണ്ടെത്തും. വ്യവഹാരങ്ങള്‍ക്കായി സമയം കളയാതിരിക്കുന്നത് അഭികാമ്യം. പാര്‍ട്ണര്‍മാരുമായി ഡീലര്‍ഷിപ്പ് തുടങ്ങാന്‍ തീരുമാനിക്കുന്നതാണ്. കൃഷിക്കാര്യത്തില്‍ മനസ്സിന് മടുപ്പുണ്ടാവും. സുഹൃത്തുക്കളുമായി യാത്ര പോകാന്‍ തീരുമാനിച്ചേക്കും. തറവാടിന്റെ നവീകരണം പുരോഗമിക്കുന്നതാണ്. ഏകോപനം പ്രശംസിക്കപ്പെടും. ആദര്‍ശനിഷ്ഠ കുറയുകയാണോ എന്നതില്‍ ആത്മപരിശോധനയുണ്ടാവും.

പൂരൂരുട്ടാതി

പഴയ കടബാധ്യതകള്‍ അലട്ടിയേക്കും. പോംവഴി കണ്ടെത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ശനി ജന്മനക്ഷത്രത്തില്‍ പ്രവേശിച്ചതിനാല്‍ മനോവാക്കര്‍മ്മങ്ങളില്‍ ശ്രദ്ധയുണ്ടാവണം. ആത്മവിശ്വാസത്തിന് ഭംഗം വരാന്‍ സാധ്യതയുണ്ട്. മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടെടുക്കും. വിദ്യാര്‍ത്ഥികളെ ആലസ്യം പിടികൂടുന്നതാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ഇപ്പോള്‍ ആശാസ്യമാവില്ല. ചെറുകിട സംരംഭങ്ങളില്‍ നിന്നും തരക്കേടില്ലാത്ത വരുമാനം വരുമെന്നത് ആശ്വാസമാണ്. പ്രകോപനങ്ങളില്‍ മൗനം പാലിക്കണം. ബുധന്‍, വ്യാഴം, വെള്ളി കൂടുതല്‍ മേന്മയുള്ള ദിവസങ്ങളായിരിക്കും.

ഉത്രട്ടാതി

ജന്മനക്ഷത്രത്തില്‍ നിന്നും ശനി താത്കാലികമായി പിന്‍വാങ്ങിയത് ആശ്വാസത്തിന് കാരണമാകുന്നതാണ്. കുജന്‍ അഷ്ടമത്തില്‍ സഞ്ചരിക്കുന്നതിനാല്‍ ദേഹക്ഷീണം,വീഴ്ച, കാര്യതടസ്സം തുടങ്ങിയവ വരാം. കഠിനാധ്വാനം ലക്ഷ്യപ്രാപ്തിക്ക് ആവശ്യമാവും.  പുതിയ തൊഴിലിനുള്ള അഭിമുഖത്തില്‍ ശോഭിക്കുന്നതാണ്. രാഷ്ട്രീയ ചര്‍ച്ചകളില്‍ താത്പര്യമേറുന്നതാണ്. സുഹൃത്തുക്കളുടെ ആവശ്യത്തിനായി ഒരു ദിവസം മാറ്റിവെക്കും. ഉത്സവയോഗങ്ങളില്‍ സംബന്ധിക്കും. ഞായര്‍, വെള്ളി ദിവസങ്ങള്‍ക്ക് മേന്മ കുറയാം.

രേവതി

കഠിനാദ്ധ്വാനത്തിലൂടെ കാര്യനേട്ടമുണ്ടാവും. സര്‍ക്കാര്‍  കാര്യങ്ങളില്‍ തടസ്സം തുടരുന്നതാണ്. പകരക്കാരുടെ പ്രവൃത്തികള്‍ സല്‌പേരിന് വിഘാതം വരുത്തും. യാത്രകള്‍ കൊണ്ട് പറയത്തക്ക നേട്ടം ഉണ്ടാവണമെന്നില്ല. അവസരവാദികളെ തിരിച്ചറിയേണ്ടതുണ്ട്.  കമ്മീഷന്‍ വ്യാപാരം ലാഭകരമാവും. ഗൃഹത്തില്‍ സമാധാനം പ്രതീക്ഷിക്കാം. ഭൂമിയില്‍ വേലികെട്ടുക, കളപറിക്കുക തുടങ്ങിയ ജോലികള്‍ക്കായി ചെലവുണ്ടായേക്കും. ചര്‍ച്ച / പ്രസംഗം ഇവയ്ക്ക് വേണ്ട തയ്യാറെടുപ്പ് നടത്തും. വിമര്‍ശിക്കുന്നവരെ അവഗണിക്കുവാന്‍ തയ്യാറാവും. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ പതിവ് പരിശോധനകളില്‍ വൈമുഖ്യം കാട്ടരുത്.