ദീപാവലിയെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി യുനെസ്‌കോ

യുനെസ്‌കോയുടെ 20-ാമത് സാംസ്‌കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിലാണ് സുപ്രധാന തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകുമെന്ന് ഡല്‍ഹി കല, സാംസ്‌കാരിക, ഭാഷാ മന്ത്രി കപില്‍ മിശ്ര പറഞ്ഞു

author-image
Biju
New Update
deepavali 2

ന്യൂഡല്‍ഹി: ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി യുനെസ്‌കോ. യുനെസ്‌കോയുടെ 20-ാമത് സാംസ്‌കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിലാണ് സുപ്രധാന തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകുമെന്ന് ഡല്‍ഹി  കല, സാംസ്‌കാരിക, ഭാഷാ മന്ത്രി കപില്‍ മിശ്ര പറഞ്ഞു.

'ഇന്ത്യയുടെ പ്രധാന സാംസ്‌കാരിക ഉത്സവമായ ദീപാവലിയെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സുപ്രധാന തീരുമാനമാണ് യുനെസ്‌കോ എടുത്തിട്ടുള്ളത്. ഈ തീരുമാനം ഇന്ത്യന്‍ സമൂഹത്തിനും സാംസ്‌കാരിക പൈതൃകത്തിനും അഭിമാന നിമിഷമാണ്', കപില്‍ മിശ്ര കൂട്ടിച്ചേര്‍ത്തു.ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ എന്നിവര്‍ക്കൊപ്പം കേന്ദ്ര സാംസ്‌കാരിക -ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, യുനെസ്‌കോയുടെ ഡയറക്ടര്‍ ജനറല്‍ ഡോ ഖാലിദ് അല്‍ എനാനി, യുനെസ്‌കോയുടെ ഇന്ത്യന്‍ പ്രതിനിധി വിശാല്‍ വി ശര്‍മ്മ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയ സഹകരണത്തോടെയാണ് ഡല്‍ഹിയില്‍ പൈതൃക സമ്മേളനം നടക്കുന്നത്. 2025 ഡിസംബര്‍ 13 വരെയാണ് നടക്കുന്നത്. സംസ്‌കാരങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരത്തേക്കാള്‍ അവയുടെ സംരക്ഷണത്തിനുള്ള ആഹ്വാനമാണ് യുനെസ്‌കോയുടെ പട്ടിക എന്ന് യുനെസ്‌കോ അറിയിച്ചിരുന്നു.

യുനെസ്‌കോയുടെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. 'ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരും  യുനെസ്‌കോയുടെ പ്രഖ്യാപനത്തില്‍ ആവേശഭരിതരാണ്. ദീപാവലി രാജ്യത്തിന്റ സംസ്‌കാരവുമായി അടുത്ത ബന്ധമുള്ളതാണ്. അത് നമ്മുടെ നാഗരികതയുടെ ആത്മാവാണ്. അത് പ്രകാശത്തെയും നീതിയെയും വ്യക്തിപരമാക്കുന്നു. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ദീപാവലി ഉള്‍പ്പെടുത്തുന്നത് ഉത്സവത്തിന്റെ ആഗോള ജനപ്രീതിക്ക് കൂടുതല്‍ സംഭാവന നല്‍കും.'- മോദി എക്‌സില്‍ കുറിച്ചു.