എല്ലാ ദുരിതങ്ങളും മാറ്റി ആഗ്രഹസാഫല്യവും സമ്പത് പ്രാപ്തിയും നൽകുന്നതാണ് ദേവീമാഹാത്മ്യ പാരായണം. മാർക്കണ്ഡേയ പുരാണത്തിലെ ഒരു ഭാഗമായ ദേവീമാഹാത്മ്യ ഗ്രന്ഥം വീട്ടിൽ സൂക്ഷിക്കുന്നത് തന്നെ അത്യുത്തമമാണ്. ആ ഗൃഹത്തിൽ അഹിതങ്ങൾ സംഭവിക്കില്ലെന്നാണ് ദേവീ ഭക്തർ വിശ്വസിക്കുന്നത്. അഷ്ടമംഗല്യ വസ്തുക്കളിൽപെട്ട ഗ്രന്ഥം ദേവീമാഹാത്മ്യമാണ്.
700 ശ്ലോകങ്ങളടങ്ങിയ പതിമൂന്ന് അദ്ധ്യായങ്ങളാണ് ദേവീമാഹാത്മ്യത്തിൽ ഉൾക്കൊണ്ടിട്ടുള്ളത്. ആദ്യത്തെ അദ്ധ്യായം പ്രഥമ ചരിത്രം. അടുത്ത മൂന്ന് അദ്ധ്യായങ്ങൾ മധ്യമ ചരിത്രം. അവസാനത്തെ ഒൻപത് അദ്ധ്യായങ്ങൾ ഉത്തമ ചരിത്രം. ഇതിൽ ഓരോ ദിവസവും ഒരോ ചരിത്രം എന്ന രീതിയിൽ മൂന്ന് ദിവസം കൊണ്ട് ദേവീമാഹാത്മ്യം പൂർണമായും പാരായണം ചെയ്യുന്നതാണ് ഒരു രീതി.
പാരായണം ചെയ്യുന്ന കാലത്ത് നിർബന്ധമായും മത്സ്യമാംസാദി ഭക്ഷണം ഉപേക്ഷിക്കണം. അർത്ഥം ഗ്രഹിച്ച് ശാന്തമായി പാരായണം ചെയ്യണമെന്നാണ് വിധി. ഗൃഹദോഷ ശാന്തിക്ക് 5 തവണയും ഭയമോചനത്തിന് 7 തവണയും ഐശ്വര്യത്തിന് 11 തവണയും ആഗ്രഹ സിദ്ധിക്ക് 12 തവണയും ശത്രുക്കൾ ഉൾപ്പെടെ ആരെയും വശീകരിക്കാൻ 14 തവണയും സന്താനഭാഗ്യത്തിന് 16 പ്രാവശ്യവും പാരായണം ചെയ്യണം.
സര്‍വമംഗള മംഗല്യേ എന്നു തുടങ്ങുന്ന പ്രസിദ്ധ ശ്ലോകം പതിനൊന്നാം അദ്ധ്യായത്തിലാണുള്ളതാണ്. ഇത് എന്നും ജപിക്കുന്നത് കാര്യസിദ്ധിക്ക് നല്ലതാണ്. യാ ദേവീ സര്‍വഭൂതേഷു എന്നു തുടങ്ങുന്ന സ്തുതികൾ ദേവീ മഹാത്മ്യം അഞ്ചാം അദ്ധ്യായത്തിലാണുള്ളത്. ഈ 21 ശ്ലോകങ്ങൾ നിത്യവും ജപിച്ചാൽ ഗൃഹത്തിൽ ഐശ്വര്യവും ശാന്തിയും നിറയും.