/kalakaumudi/media/media_files/2025/12/03/dhanu-2025-12-03-13-27-00.jpg)
ആദിത്യന്‍ ധനുരാശിയില്‍ സഞ്ചരിക്കുന്ന കാലമാണ് ധനുമാസമായി അറിയപ്പെടുന്നത്. മൂലം, പൂരാടം എന്നീ ഞാറ്റുവേലകള്‍ പൂര്‍ണമായും, ഉത്രാടം ഞാറ്റുവേല ഭാഗികമായും ധനുമാസത്തില്‍ വരുന്നു.
ശനി മീനം രാശിയില്‍ പൂരൂരുട്ടാതി നക്ഷത്രത്തിലും വ്യാഴം വക്രഗതിയായി മിഥുനം രാശിയില്‍ പുണര്‍തം നക്ഷത്രത്തിലും തുടരുന്നു. രാഹുവും കേതുവും യഥാക്രമം കുംഭം രാശിയില്‍ ചതയം നക്ഷത്രത്തിലും, ചിങ്ങം രാശി പൂരം നക്ഷത്രത്തിലും തുടരുകയാണ്.
ചൊവ്വ മാസം മുഴുവന്‍ ധനുരാശിയിലാണ്. മൗഢ്യാവസ്ഥയ്ക്ക് മാറ്റമില്ല. ബുധന്‍ ധനു 14 വരെ വൃശ്ചികം രാശിയിലും തുടര്‍ന്ന് ധനുരാശിയിലുമാണ്. ശുക്രന്‍ വൃശ്ചികം രാശിയിലാണ്. ധനു 5ന് ധനുരാശിയിലേക്ക് സംക്രമിക്കും. ശുക്രന് മൗഢ്യകാലമാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തില്‍ മൂലം മുതല്‍ രേവതി വരെയുള്ള ഒന്‍പത് നാളുകളില്‍ ജനിച്ചവരുടെ സമ്പൂര്‍ണ്ണ ധനുമാസഫലം ഇവിടെ അപഗ്രഥിക്കുന്നു.
മൂലം
ജന്മരാശിയില്‍, ജന്മനക്ഷത്രത്തില്‍ ആദിത്യനും ചൊവ്വയും സഞ്ചരിക്കുകയാല്‍ ദേഹക്ലേശവും മനക്ലേശവുമണ്ടാവു ന്നതാണ്. ആകസ്മികയാത്രകള്‍ ഉണ്ടാവും. വിഷമം പിടിച്ച ദൗത്യങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കും. ബിസനസ്സുകാര്‍ക്ക് ഉപഭോക്താക്കളുടെ അപ്രീതി നേരിടേണ്ടിവരുന്നതായിരിക്കും. പ്രൈവറ്റ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് സഹപ്രവര്‍ത്തകരുമായി ഇണങ്ങിപ്പോവുക വിഷമകരമാവും. ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ചെലവധികരിക്കും. തന്മൂലം കുടുംബത്തില്‍ കലഹങ്ങള്‍ വരാം. പൊതുരംഗത്തുള്ളവര്‍ക്ക് സാമൂഹികമായി പിന്തുണ ഉയരുന്ന കാലമാണ്. പ്രണയാനുഭവങ്ങള്‍ മനസ്സിനെ തരളമാക്കാം. ഭാവികാര്യങ്ങളില്‍ വ്യക്തത വരുന്നതാണ്. ഫലപ്രദമായ സാമ്പത്തിക നിക്ഷേപങ്ങള്‍ നടത്താനാവും.
പൂരാടം
ധനുരാശിയിലൂടെ ആദിത്യനും ചൊവ്വയും സഞ്ചരിക്കുന്നു. അതിനാല്‍ ആയാസം, വിഭവനാശം, അമിതാദ്ധ്വാനം ഇവയുണ്ടാവും. ലഘുകാര്യങ്ങള്‍ സ്വന്തമാക്കാന്‍ കൂടുതല്‍ പ്രയത്‌നം ആവശ്യമായി വന്നേക്കും. ശുക്രന്‍ ജന്മരാശിയിലൂടെ കടന്നുപോവുന്ന കാലമാകയാല്‍ സുഖഭോഗങ്ങള്‍, രുചിഭക്ഷണയോഗം, പ്രണയാനുഭവങ്ങള്‍ ഇവയും പ്രതീക്ഷിക്കാം. കണ്ടകശനിക്കാലത്തിന്റെ പ്രശ്‌നങ്ങള്‍ ഇടക്കിടെ കടന്നുവന്ന് മനസ്സിന്റെ സൈ്വരം നഷ്ടപ്പെടുത്താം. ഏഴിലെ വ്യാഴം യാത്രകള്‍ മൂലം നേട്ടം, കൂട്ടുകച്ചവടത്താല്‍ അഭ്യുദയം, ദാമ്പത്യസൗഖ്യം എന്നിവയെ സൂചിപ്പിക്കുന്നു. മൂന്നിലെ രാഹു ബലവാനാകയാല്‍ ശക്തമായ പിന്തുണകള്‍ പ്രതിസന്ധികളില്‍ തുണയായെത്തുന്നതായിരിക്കും.
ഉത്രാടം
ധനു - മകരം കൂറുകളിലായി വരുന്ന നക്ഷത്രമാണ് ഉത്രാടം. ആദിത്യനും ചൊവ്വയും പ്രതികൂല ഭാവത്തിലാണ്. സര്‍ക്കാര്‍ കാര്യങ്ങളില്‍ തടസ്സം അനുഭവപ്പെടും. ഉന്നതാധികാരികളുടെ അപ്രീതി നേടാം. ചെറിയ നേട്ടങ്ങള്‍ക്കായി ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടി വരുന്നതാണ്. രാഷ്ട്രീയ ഇച്ഛകള്‍ക്ക് മങ്ങലുണ്ടാവും. ശുക്രനും ബുധനും പഠനത്തില്‍ ശ്രദ്ധ, കലകള്‍ കൊണ്ട് നേട്ടം, ബിസിനസ്സില്‍ ലാഭം, പ്രണയ പുഷ്ടി എന്നിവ സൃഷ്ടിക്കാം. സാഹസകര്‍മ്മങ്ങള്‍ക്ക് മുതിരരുത്. ഗൃഹത്തില്‍ സമാധാനവും സമാധാനക്കേടുമുണ്ടാവുന്നതാണ്. കരാര്‍ പണികള്‍ ഗുണമുണ്ടാക്കും. വിദേശ യാത്രകള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അവസരം കൈവരും. ഗൃഹനിര്‍മ്മാണം മെല്ലെയാവും. പുതിയ കടം വാങ്ങി കടബാധ്യത പെരുക്കാന്‍ ഇടവരുത്തരുത്.
തിരുവോണം
പന്ത്രണ്ടാം ഭാവത്തില്‍ ആദിത്യനും ചൊവ്വയും രണ്ടില്‍ രാഹുവും സഞ്ചരിക്കുകയാല്‍ മാനസിക സംഘര്‍ഷം ഉയരുന്നതാണ്. സജ്ജനങ്ങളുമായി കൂട്ടുകൂടാനാവില്ല. ദുര്‍ബോധനങ്ങള്‍ കേള്‍ക്കും. പ്രവര്‍ത്തന സ്വാതന്ത്ര്യം കുറയും. നിരര്‍ത്ഥകമായ ചിന്തകള്‍ കൂടുന്നതാണ്. സാമ്പത്തിക അച്ചടക്കമുണ്ടാവില്ല. ദുര്‍വ്യയം അനുഭവപ്പെടും. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും മുന്നേറാന്‍ തടസ്സങ്ങള്‍ വരുന്നതാണ്. സുഖാനുഭവങ്ങള്‍ വിരളമാവും. ഉദ്യോഗസ്ഥര്‍ ദുര്‍ഘട ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ബാധ്യസ്ഥരായേക്കും. ചെറുകിട സംരംഭങ്ങള്‍ വിജയിക്കാം. സഹോദരാനുകൂല്യം സന്തോഷമേകും. ഉത്സവങ്ങളില്‍ പങ്കെടുക്കാനും തീര്‍ത്ഥയാത്രകള്‍ക്കും സാഹചര്യം വന്നെത്തുന്നതാണ്.
അവിട്ടം
നക്ഷത്രനാഥനായ ചൊവ്വയ്ക്ക് മൗഢ്യാവസ്ഥ തുടരുന്നതിനാല്‍ പുതിയ കാര്യങ്ങള്‍ തുടങ്ങാനുള്ള ആത്മവിശ്വാസം കുറയും. വിശേഷിച്ചും മകരക്കൂറുകാര്‍ക്ക്. പന്ത്രണ്ടിലെയും രണ്ടാം ഭാവത്തിലെയും പാപഗ്രഹ സാന്നിദ്ധ്യം തടസ്സങ്ങള്‍, ദുസ്സാഹസം, അധികാരികളുടെ അപ്രീതി ഇവ സൃഷ്ടിക്കാം. അല്പലാഭം കൊണ്ട് സന്തോഷിക്കേണ്ടി വരുന്നതാണ്. എന്നാല്‍ കുംഭക്കൂറുകാര്‍ക്ക് പതിനൊന്നില്‍ ആദിത്യനും ചൊവ്വയും സഞ്ചരിക്കുന്നതിന്റെ ആനുകൂല്യം സിദ്ധിക്കുന്നതാണ്. രാഷ്ട്രീയാധികാരം നേടിയെടുക്കും. വെല്ലുവിളികളെ ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കാന്‍ കഴിയുന്നതാണ്. സ്വന്തം സ്ഥാപനത്തിന് പുതിയശാഖ തുറക്കാനായേക്കും. ഗാര്‍ഹികമായി സംതൃപ്തിയുണ്ടാവുന്നതാണ്.
ചതയം
ജന്മനക്ഷത്രത്തില്‍ രാഹു സഞ്ചരിക്കുന്നു. രണ്ടാം നക്ഷത്രത്തില്‍ ശനിയുമുണ്ട്. ആലസ്യം പിടികൂടുന്നതാണ്. ആത്മവിശ്വാസത്തിന് ഭംഗം വരാം. കൂട്ടുകെട്ടുകളില്‍ ജാഗ്രത വേണം. വ്യാഴാനുകൂല്യമുള്ളതിനാല്‍ സാമ്പത്തിക ക്ലേശങ്ങളെ മറികടക്കുന്നതാണ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങും. മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തും. ആദിത്യനും ചൊവ്വയും പതിനൊന്നിലാകയാല്‍ ഉദ്യോഗസ്ഥര്‍ക്ക് വളര്‍ച്ചയുണ്ടാവും. മേലധികാരികള്‍ കഴിവുകളെ പ്രശംസിക്കുന്നതാണ്. ഭൂമി വില്‍പ്പനയിലെ തടസ്സങ്ങള്‍ നീങ്ങും. കമ്മീഷന്‍ വ്യാപാരം പുരോഗമിക്കും. പ്രണയത്തില്‍ സന്തോഷിക്കും. ഗാര്‍ഹികാന്തരീക്ഷംമക്കളുടെ ശ്രേയസ്സിനാല്‍ സമാധാനം നിറഞ്ഞതാവും.
പൂരൂരുട്ടാതി
ശനി ജന്മനക്ഷത്രത്തില്‍ സഞ്ചരിക്കുന്നതിനാല്‍ മനക്ലേശം, അകാരണഭയം ഇവ അനുഭവപ്പെടും. തെറ്റായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാധ്യതയുണ്ട്. ആദിത്യനും ചൊവ്വയും അനുകൂല ഭാവത്തിലാകയാല്‍ രാഷ്ട്രീയ നേട്ടങ്ങള്‍ കൈവരുന്നതാണ്. കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളുവാന്‍ കഴിയും. തുടങ്ങിയ സംരംഭവുമായി മുന്നോട്ടുപോകും. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാം. വീടുപണി തുടരുമെങ്കിലും ഇടയ്ക്കിടെ ധനക്ലേശം വരാം. സ്ത്രീസൗഹൃദം പുഷ്ടിപ്പെടും. വിദേശയാത്രകള്‍ക്ക് അനുമതിയാവും. സാമ്പത്തിക ഇടപാടുകളുടെ കണക്ക് സൂക്ഷിക്കുന്നത് നന്നായിരിക്കും. സത്കര്‍മ്മങ്ങള്‍ക്ക് ചെലവു ചെയ്യും. ശസ്ത്രക്രിയ മൂലം രോഗം ഭേദപ്പെടുന്നതാണ്.
ഉത്രട്ടാതി
മനശ്ചാഞ്ചല്യത്താല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ മടിക്കുന്നതാണ്. ആദര്‍ശത്തില്‍ വിശ്വസിക്കുകയാല്‍ പ്രായോഗികതയുടെ ഗൂഢതന്ത്രങ്ങളെ വെറുക്കും. എങ്കിലും തൊഴില്‍ മേഖലയില്‍ വിജയിക്കാനാവും. ഒപ്പമുള്ളവരുടെ പിന്തുണ ലഭിക്കും. വ്യവഹാരങ്ങളില്‍ നിന്നും പിന്‍തിരിയുന്നതാണ്. പുതുതലമുറയുടെ നിര്‍ബന്ധത്താല്‍ നവീന ഉല്പന്നങ്ങള്‍ വാങ്ങിനല്‍കും. ശത്രുതാ മനോഭാവമുള്ളവരോട് നിലപാടുകള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതാണ്. കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ കൂടും. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന് ഇപ്പോള്‍ ഉചിതസമയമല്ല. പിതൃസ്വത്തുക്കളില്‍ നിന്നും ആദായം പ്രതീക്ഷിക്കാം. ജീവിത പങ്കാളിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതാണ്. സാംക്രമിക രോഗങ്ങള്‍ ബാധിക്കാതിരിക്കാന്‍ ശ്രദ്ധയുണ്ടാവണം.
രേവതി
വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളില്‍ നിന്നും പിന്മാറും. സ്വാശ്രയ സ്ഥാപനത്തിന്റെ നടത്തിപ്പില്‍ പലതരം ക്ലേശങ്ങളെ അഭിമുഖീകരിക്കുന്നതാണ്. പുതിയ പാര്‍ട്ണര്‍മാരെ കണ്ടെത്താനുള്ള ശ്രമം വിജയിക്കണമെന്നില്ല. ലോണ്‍ അപേക്ഷ പരിഗണിക്കപ്പെടാം. പുതുതലമുറയുടെ രീതികളോട് പൊരുത്തപ്പെടാന്‍ ക്ലേശിച്ചേക്കും. വിട്ടുവീഴ്ചകള്‍ക്ക് മുതിരാത്തത് ദാമ്പത്യത്തെ കലുഷിതമാക്കും. അനാവശ്യമായ ആധിയും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും ഒഴിവാക്കുക തന്നെ വേണം. പുതുവാഹനം വാങ്ങുന്നതില്‍ തീരുമാനമുണ്ടാകും. ആദ്ധ്യാത്മിക കാര്യങ്ങളില്‍ ഉത്സുകതയേറും. കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചറിയാന്‍ ശ്രമം തുടരുന്നതാണ്. ബന്ധുക്കളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക കരണീയം. മൗനത്തിന്റെ വിലയറിയും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
