ദേവീപ്രീതിക്കായി പൗര്‍ണ്ണമി വ്രതം; 18 മാസം നോറ്റാൽ ഇഷ്ടകാര്യസിദ്ധി ഉറപ്പ്

എല്ലാ മാസവും പൗർണമി ദിവസം വീട്ടിൽ വിളക്ക് തെളിയിച്ചു ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യത്തിനും ദാരിദ്ര്യ ദു:ഖശമനത്തിനും ഉത്തമമാണ്.

author-image
Vishnupriya
New Update
durga
Listen to this article
0.75x 1x 1.5x
00:00 / 00:00

ദേവീപ്രസാദത്തിന് ഏറ്റവും അത്ഭുതകരമായ ദിവസമാണ് പൗര്‍ണ്ണമി. എല്ലാ മാസവും പൗർണമി ദിവസം വീട്ടിൽ വിളക്ക് തെളിയിച്ചു ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യത്തിനും ദാരിദ്ര്യ ദു:ഖശമനത്തിനും ഉത്തമമാണ്. ഈ ദിവസം ഒരിക്കൽ വ്രതമെടുത്ത് പൗർണ്ണമി വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. ഉച്ചയ്ക്ക് മാത്രം ഊണും രണ്ട് നേരം പഴവര്‍ഗ്ഗവുമാണ് ഒരിക്കൽ കൊണ്ട് ഉദ്ദേശിക്കുന്ന ഭക്ഷണസമ്പ്രദായം. മത്സ്യ മാംസാദികൾ ഒഴിവാക്കണം.

ചന്ദ്രദശാദോഷം അനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ ഉത്തമമാണ് പൗർണ്ണമി വ്രതാനുഷ്ഠാനം. പൗര്‍ണ്ണമിയുടെ പിറ്റേദിവസം രാവിലെ ക്ഷേത്രത്തിലെ തീര്‍ത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കാം. 18 മാസം ചിട്ടയായി പൗർണ്ണമി നോൽക്കുന്നത് ദുരിതശാന്തിക്കും ഇഷ്ടകാര്യസിദ്ധിക്കും ഗുണകരമാണ്.

പൗർണ്ണമി വ്രതം അനുഷ്ഠിക്കുന്നവർ സൂര്യോദയത്തിന് മുമ്പ് കുളിച്ച് ശുദ്ധിയോടെ ക്ഷേത്രദര്‍ശനം നടത്തി ദേവീ സ്തുതികൾ ജപിക്കണം. സന്ധ്യയ്ക്ക്‌ നിലവിളക്ക് കൊളുത്തി ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക. ദേവീപ്രീതിക്ക് ഗുണകരമായ ഭഗവതി സേവയ്ക്ക് ഏറെ വിശേഷദിവസമാണ് പൗർണ്ണമി. ദേവീപ്രീതിക്ക് എന്ന് പറയുന്നുവെങ്കിലും സര്‍വ്വദേവതാ പ്രീതിക്കും ഏറ്റവും ഉത്തമമാണ് പൗര്‍ണ്ണമി ദിനാചരണം.

ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിനും ഓരോ ഫലം ലഭിക്കുമെന്നാണ് ആചാര്യന്മാർ കല്പിച്ചിട്ടുള്ളത്. മീനത്തിൽ നോൽക്കുന്ന പൗർണ്ണമി വ്രതം ശുഭചിന്തകൾ വർദ്ധിപ്പിക്കുന്നതിനും പ്രതീക്ഷാനിർഭരമായി ജീവിതത്തിൽ മുന്നേറുന്നതിനും കാര്യസിദ്ധിക്കും ഉത്തമമാണ്. മറ്റ് മാസങ്ങളിലെ പൗർണ്ണമി വ്രത ഫലം. ചിങ്ങം: കുടുംബഐക്യം. കന്നി: സമ്പത്ത് വർദ്ധന. തുലാം: വ്യാധിനാശം. വൃശ്ചികം: സത്കീർത്തി. ധനു: ആരോഗ്യവർദ്ധന. കുംഭം: ദുരിത നാശം. മേടം: ധാന്യവർദ്ധന. ഇടവം: വിവാഹതടസം മാറും. മിഥുനം: പുത്രഭാഗ്യം. കർക്കടകം: ഐശ്വര്യ വർദ്ധന.

ഈ ദിവസം ചെയ്യുന്ന ഏതൊരു ദേവീ ഉപാസനയും പൂജാകര്‍മ്മങ്ങളും അതിവേഗം ഗുണം നല്കും. ശൈവ–വൈഷ്ണവ–ശാക്തേയമായ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും പൗർണ്ണമിനാൾ ഉത്തമമാണ്. ലളിതാ സഹസ്രനാമജപം, ദേവീമൂലമന്ത്രജപം എന്നിവ നടത്തി പ്രാര്‍ത്ഥിക്കുന്നത് ഏതൊരു ഇഷ്ടസിദ്ധിക്കും ഗുണകരമാണ്. ലളിതാ സഹസ്രനാമം പൂർണ്ണമായും ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനം മാത്രമായും ചൊല്ലാം.

full moon fasting