/kalakaumudi/media/media_files/2026/01/19/kumba2-2026-01-19-08-47-26.jpg)
തിരുനാവായ: രാവിലെ 11നു കൊടി ഉയരുന്നതോടെ നിളയില്‍ കേരള കുംഭമേള തുടങ്ങും. ഉത്തരേന്ത്യയില്‍ കുംഭമേള നടത്തുന്ന ജുനാ അഘാഡയുടെ നേതൃത്വത്തിലാണ് തിരുനാവായയിലും മഹാമാഘ മഹോത്സവം എന്ന പേരില്‍ കുംഭമേള നടത്തുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള സന്യാസിമാരും വിശ്വാസികളും ഇന്നലെ വൈകുന്നേരത്തോടെ തിരുനാവായയില്‍ എത്തിത്തുടങ്ങി. മാഘ ഗുപ്ത നവരാത്രി ആരംഭദിനമായ രാവിലെ മുതല്‍ നിളയില്‍ സ്‌നാനം തുടങ്ങും.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് ധ്വജാരോഹണം നടത്തുന്നത്. ഇതിനായി 47 അടിയുള്ള ധ്വജവും ധ്വജസ്തംഭവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയില്‍ നിന്ന് ഇന്നലെ വൈകിട്ട് തിരുനാവായയിലെത്തിച്ചു. ചടങ്ങില്‍ ജുനാ അഘാഡയുടെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഉള്‍പ്പെടെ പങ്കെടുക്കും.
ഇന്ന് വൈകിട്ട് നിളാ ആരതി തുടങ്ങും. കാശിയിലെ ദശാശ്വമേധ ഘട്ടില്‍ ഗംഗാ ആരതി നടത്തുന്ന പണ്ഡിറ്റുകള്‍ തന്നെയാണ് നിളാ ആരതിയും നടത്തുന്നത്. കുംഭമേള അവസാനിക്കുന്ന ഫെബ്രുവരി 3 വരെ ദിവസവും വൈകിട്ട് നിളാ ആരതിയുണ്ടാകും.
ഇന്നലെ വൈകിട്ട് കുംഭമേളയുടെ പ്രായശ്ചിത്ത കര്‍മങ്ങളുടെ ഭാഗമായി കാലചക്രം ബലി എന്ന പ്രത്യേക പൂജ നടന്നു. നൂറ്റാണ്ടിനു ശേഷമാണ് ഇത്തരമൊരു പൂജ നടത്തുന്നത്.
തമിഴ്‌നാട്ടിലെ തിരുമൂര്‍ത്തി മലയില്‍നിന്ന് ശ്രീചക്രം വഹിച്ചുള്ള രഥയാത്ര ഇന്ന് ആരംഭിക്കും. 22ന് രഥം തിരുനാവായയിലെത്തും. ഇതോടെ ഇവിടെ തിരക്കേറും. തുടര്‍ന്നുള്ള പൂജകളും കര്‍മങ്ങളും ഭാരതപ്പുഴയില്‍ പ്രത്യേകം ക്രമീകരിക്കുന്ന യജ്ഞശാലയിലേക്കു മാറ്റും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
