ഈ ദേവന്‍ സര്‍വ്വനാശകാരി

കാലനില്ലാത്ത കാലം. ജീവജാലങ്ങള്‍ക്ക് മരണമില്ലാതായി. ഭാരം താങ്ങിതാങ്ങി നടുതളര്‍ന്ന ഭൂമിദേവി വിവശയായി. കാര്യമറിഞ്ഞ ശിവന്റെ മനമലിഞ്ഞു. ഇടതുതൃക്കാലിന്റെ പെരുവിരല്‍ നിലത്തമര്‍ന്നു. അത് പൊട്ടിപ്പിളര്‍ന്നു. അനര്‍ത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ഒരു ദേവന്‍ അവതരിച്ചു. അതാണ് സാക്ഷാല്‍ ഗുളികന്‍

author-image
Biju
New Update
gulikan

അരുതാത്ത കാര്യങ്ങള്‍ വല്ലതും പറയുമ്പോള്‍ ആളുകള്‍ പറയും നാക്കില്‍ ഗുളികന്‍ ഇരിക്കുന്നുണ്ടാവും, സൂക്ഷിച്ചു പറയണം എന്ന്. പറഞ്ഞത് അറം പറ്റിയതുപോലെ ഫലിക്കും എന്നാണ് ഇതിന്റെ വാച്യാര്‍ത്ഥം.
വെറും വാക്കിലൊതുങ്ങാത്ത അര്‍ത്ഥസാഗരമാണ് ഗുളികന്‍. 

ആ വാക്ക് സൂചിപ്പിക്കുന്ന ബിംബങ്ങള്‍ നിരവധിയുണ്ട്. വടക്കന്‍ കേരളത്തിലെ തെയ്യപ്രപഞ്ചത്തിലെ ഭൈരവാദി മൂര്‍ത്തി സങ്കല്‍പ്പങ്ങളില്‍ ഒന്നായ ഗുളികനെന്ന തെയ്യക്കോലം.അഷ്ടനാഗങ്ങളില്‍ ഒരുവനായ ഗുളികന്‍, ജോതിഷത്തിലെ ശനി പുത്രനായ ഗുളികന്‍! വടക്കന്‍തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിലും മറ്റും ആചരിക്കപ്പെടുന്ന അറുകൊല സമ്പ്രദായത്തിലെ പ്രേതഗുളികന്‍. അങ്ങനെ നിരവധി സങ്കല്‍പ്പങ്ങള്‍. തീര്‍ന്നിില്ല, ഒറ്റവാക്കില്‍ ഉത്തരങ്ങള്‍ ഇനിയും ഒരുപാടുണ്ട്.  

പാപനായ ശനിഗ്രഹത്തിന്റെ മകനും സൂര്യന്റെ പേരമകനുമാണ് ഗുളികന്‍. ശനിയോടൊപ്പം തന്നെ ഗുളികനും ഉദിക്കുന്നു എന്ന് ജ്യോതിഷ ശാസ്ത്രം പറയുന്നു. കാലനില്ലാത്ത കാലത്ത് മഹാദേവന്റെ പെരുവിരല്‍പ്പൊട്ടിയടര്‍ന്നുണ്ടായ ദേവനാണ് തെയ്യപ്രപഞ്ചത്തിലെ ഗുളികന്‍. ജനനമരണങ്ങളുടെ കാരണഭൂതന്‍. ഉച്ചയ്ക്കും സന്ധ്യക്കും പാതിരാനേരത്തും നടന്നുവാഴുന്ന ദേവനായ തെയ്യപ്രപഞ്ചത്തിലെ ഗുളികന്‍ പിറവിയുടെ കഥ ഇങ്ങനെ. 

മൃകണ്ഡു എന്ന മഹര്‍ഷി കുഞ്ഞുങ്ങള്‍ ഇല്ലാതെ ദു:ഖിതനായിരുന്നു. ആ ദു:ഖം മാറികിട്ടാന്‍ ഏറെക്കാലം പരമശിവനെ തപസ് ചെയ്തു മുനി. ഒടുവില്‍ പ്രത്യക്ഷനായ പരമശിവനോട് മുനി. ദു:ഖം പറഞ്ഞു അപ്പോള്‍ ശിവന്‍ ചോദിച്ചു:

'നൂറ് വയസുവരെ ജീവിക്കുന്ന ബുദ്ധിശൂന്യനനായ ഒരു മകനെ വേണോ, അതോ വെറും പതിനാറ് വയസ് വരെ മാത്രം ആയുസുള്ള മഹാപണ്ഡിതനായ ഒരു മകനെ മതിയോ...?'

ആയുസ് കുറവെങ്കിലും അറിവുള്ളൊരു മകന്‍ മതി എന്നു പറഞ്ഞു മൃകണ്ഡു ഉത്തരം നല്‍കി.
അങ്ങനെ മുനിക്കൊരു മകന്‍ പിറന്നു. മൃകണ്ഡു അവന് 'മാര്‍ക്കണ്ഡേയന്‍ 'എന്നു പേരിട്ടു . 
മിടുമിടുക്കനായി അവന്‍ വളര്‍ന്നു. മകന് പതിനാറു തികയാറായപ്പോള്‍ മാതാപിതാക്കളുടെ നെഞ്ചുകലങ്ങി. തനിക്ക് ആയുസെത്തിയെന്ന കാര്യം അപ്പോഴാണ് മാര്‍ക്കണ്ഡേയന്‍ അറിയുന്നത്. എന്നിട്ടും അവന്‍ പതറിയില്ല. കഠിനമായ ശിവഭജനം തുടങ്ങി. ശിവലിംഗത്തിനുമുന്നില്‍ മന്ത്രം ചൊല്ലിച്ചൊല്ലി നേരം കണക്കുകൂട്ടി ഇരുപ്പായി. 

ഈയൊരു നേരത്താണ് മരണദേവനായ കാലന്‍ കാലപാശവുമായ് അവനെത്തേടി വരുന്നത്. കാലന്റെ വിളികേട്ട മാര്‍ക്കണ്ഡേയന്‍ ശിവലിംഗത്തെ കെട്ടിപ്പിടിച്ച് നിലവിളിച്ചു. പക്ഷേ കാത്തുനില്‍ക്കാന്‍ കാലന് സമയമില്ലായിരുന്നു. പോത്തിന്മേലിരുന്ന് കുരുക്ക് വീശിയെറിഞ്ഞു കാലന്‍. മര്‍ക്കണ്ഡേയന്റെ കഴുത്തും ശിവലിംഗവും ചേര്‍ന്ന് ആ കരുക്കുമുറുകി. ആഞ്ഞുവലിച്ചു കാലന്‍. പിഴുതുവന്നു ശിവലിംഗം.
പിന്നെ പറയാനുണ്ടോ? ശിവകോപം ജ്വലിച്ചു. മൂന്നാംകണ്ണ് താനേ തുറന്നു. ഒറ്റനോക്കില്‍ത്തന്നെ എരിഞ്ഞമര്‍ന്നു കാലന്‍. 

ശേഷിച്ചത് ഒരുപിടി ചാരം മാത്രം. ശേഷം കാലനില്ലാത്ത കാലം. ജീവജാലങ്ങള്‍ക്ക് മരണമില്ലാതായി. ഭാരം താങ്ങിതാങ്ങി നടുതളര്‍ന്ന ഭൂമിദേവി വിവശയായി. കാര്യമറിഞ്ഞ ശിവന്റെ മനമലിഞ്ഞു. ഇടതുതൃക്കാലിന്റെ പെരുവിരല്‍ നിലത്തമര്‍ന്നു. അത് പൊട്ടിപ്പിളര്‍ന്നു. അനര്‍ത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ഒരു ദേവന്‍ അവതരിച്ചു. അതാണ് സാക്ഷാല്‍ ഗുളികന്‍. വിരല്‍
ത്രിശൂലവും കാലപാശവും നല്‍കി ഗുളികനോട് മഹാദേവന്‍ ഇങ്ങനെ
പറഞ്ഞു:

'കീശ്ലോകത്തേക്ക് പോകുക. ചെന്ന് കാലന്റെ ജോലി ചെയ്യുക..'
അങ്ങനെ ശിവാംശജാതനായ ഗുളികന്‍ നേരെ ഭൂമിയിലേക്കിറങ്ങി. 

കാലന്‍ അന്തകന്‍, യമന്‍

കാലനില്ലാത്ത കാലത്തെ കാലനായി. മരണസമയത്ത് ജീവജാലങ്ങളുടെ ജീവനുകളും തൂക്കി ഭൂമിയില്‍ നിന്നും പറന്നു. പുറംകാലനെന്നും കരിങ്കാലെന്നും പേരുണ്ട് ഗുളികന്. കാലന്‍ അന്തകന്‍, യമന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു ഗുളികന്‍.

തെയ്യക്കാവുകളിലെ പ്രധാന ദേവതയായ ഗുളികനെ ദേവസ്ഥാന വാസ്തുവിന്റെ സംരക്ഷകനായിട്ടാണ് കരുതുന്നതും ആരാധിക്കുന്നതും. അത്യുത്തരകേരളത്തില്‍ കാവുകളുടെയുംദേവസ്ഥാനങ്ങളുടെയുമൊക്കെ മതിലിന് പുറത്ത് ചെമ്പകമരച്ചോട്ടിലാണ് ഗുളികന്റെ സ്ഥാനം.

പൗരാണിക കാലത്തെ ഗ്രന്ഥങ്ങളിലൊന്നും ഗുളികനേക്കുറിച്ച് കാര്യമായി പരാമര്‍ശമില്ലെങ്കിലും തെക്കന്‍ ഭാരതത്തില്‍ പ്രത്യേകിച്ചും കേരളീയ ജ്യോതിഷത്തില്‍ ഗുളികന് വലിയ പ്രാധാന്യമുണ്ട്. കേരളീയ ജ്യോതിഷ സമ്പ്രദായത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ ദശാധ്യായിയിലും പ്രശ്നമാര്‍ഗ്ഗത്തിലും ഗുളികനെ വളരെ പ്രാധാന്യത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. പ്രശ്നാനുഷ്ഠാന പദ്ധതി, പരാശരഹോര തുടങ്ങിയ ജ്യോതിഷഗ്രന്ഥത്തിലും ഗുളികനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ ജ്യോതിഷികള്‍ ഫലപ്രവചനത്തിന് ഗുളികന്റെ സ്ഥിതിയും വിശകലനം ചെയ്യുന്നുണ്ട്. രാശിപ്രശ്നങ്ങളുടെ ആരംഭത്തില്‍ ആദ്യം പരിശോധിക്കുന്നത് ഗുളികസ്ഫുടം ആണ്.

രാശികളില്‍ മറ്റ് ഗ്രഹങ്ങളെ പോലെ ക്രമമായി സഞ്ചരിക്കുന്ന പതിവ് ഗുളികനില്ല. പാപികളില്‍ ഒന്നാമനും ദ്രോഹികളില്‍ മുമ്പനുമാണ് ഗുളികന്‍. അതുകൊണ്ട് ഗുളികകാലം പൊതുവേ ശുഭകാര്യങ്ങള്‍ക്കും കാര്യസാദ്ധ്യങ്ങള്‍ക്കും ഒഴിവാക്കണം. ചില സന്ദര്‍ഭങ്ങളില്‍ ഗുളികകാലം നല്ലതാണ്. എങ്കിലും പൊതുവെ മോശം കാലമാണ്. യാത്രയ്ക്കും ശുഭകാര്യങ്ങള്‍ക്കും ഒഴിവാക്കണം. 

വ്യാഴം ഒഴിച്ച് ഏത് 
ഗ്രഹത്തിനും ദോഷം

ജ്യോതിഷം ഏഴ് എന്ന സംഖ്യകൊണ്ട് കാണിക്കുന്ന ഗുളികന്‍ പരേതാത്മാവായാണ് കണക്കാക്കുന്നത്. ജാതകത്തില്‍ അനിഷ്ട സ്ഥാനങ്ങളിലോ മറ്റ് ഗ്രഹങ്ങളോട് പാപബന്ധത്തോടു കൂടിയോ നില്‍ക്കുന്ന ഗുളികനെ വളരെയധികം പേടിക്കേണ്ടതുണ്ട്. 

വ്യാഴം ഒഴിച്ച് ഏത് ഗ്രഹം ഗുളികനോട് ചേര്‍ന്നു നില്‍ക്കുകയോ ഗുളികനിലേക്ക് ദൃഷ്ടി പായിക്കുകയോ ചെയ്താല്‍ ആ ഗ്രഹങ്ങളില്‍ ഉണ്ടാവുന്ന സദ്ഗുണങ്ങള്‍ കുറയും. വംശ ശുദ്ധി, കുലക്ഷയം, സന്താനനാശം, മനോരോഗം എന്നീ കാര്യങ്ങള്‍ക്ക് പരിഹാരം കാണുമ്പോള്‍ ഗുളികന്റെ സ്ഥാനം പരിഗണിക്കാറുണ്ട് പ്രേത പിശാച് ബാധ, പൂര്‍വ്വികരുടെ അനിഷ്ടം, കുടുംബ ദേവതകളുടെ അപ്രീതി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുമ്പോഴും സ്ഥാനം നിര്‍ണ്ണയിക്കുമ്പോഴും കേരളീയ ജ്യോതിഷത്തില്‍ ഗുളികന്റെ സ്ഥാനം കൂടി കണക്കിലെടുക്കാറുണ്ട്.

തെക്കന്‍ ഭാരതത്തില്‍ ജാതക ഗണിതത്തിലും ദേവപ്രശ്‌നം, അഷ്ടമംഗലം പ്രശ്‌നം എന്നിവയിലൊക്കെ ഒഴിവാക്കാന്‍ പറ്റാത്ത ജ്യോതിഷ ഘടകമാണ് ഗുളികന്‍. ഇതൊരു ഗ്രഹമല്ല ശനിയുടെ ഉപഗ്രഹമാണ് ജ്യോതിഷ പ്രകാരം പ്രഭാവജനകബിന്ദുക്കള്‍ എന്ന് പറയാം. ഗുളികന്‍ രാശിയില്‍ ഒറ്റയ്ക്ക് നിന്നോ മറ്റ് ഗ്രഹങ്ങളോടുകൂടിയോ ജാതകത്തിലും മുഹൂര്‍ത്തത്തിലും പ്രഭാവം ചെലുത്തി  ശുഭഫലങ്ങളെ ദുരിതം വരുത്തുന്നു എന്നാല്‍ പതിനൊന്നാം രാശിയില്‍ നില്‍ക്കുന്ന ഗുളികന്‍ ശുഭഫലങ്ങളെ നല്‍കുന്നു. ഗുളികനെ ജാതകത്തില്‍ മാ,മാന്ദി 7 എന്നിങ്ങനെ അടയാളപ്പെടുത്തുന്നു.

ഗുളികന്‍  ഓരോ രാശിയില്‍ ഏത് സമയത്ത് ഉദിക്കണമെന്ന് ആജ്ഞ നല്‍കിയത് ഭഗവാന്‍ മഹാവിഷ്ണുവാണ്. പരാശരഹോരാ എന്ന ജ്യോതിഷ ഗ്രന്ഥത്തില്‍ ഗുളികനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. രാത്രിയിലും പകലും ഗുളികന്‍ വ്യത്യസ്തരാശികളില്‍ ഉദിച്ച് അസ്തമിക്കുന്നു. ഉത്തരേന്ത്യയില്‍ ഗുളികനെ കൂലികന്‍, കൂളികന്‍  എന്നൊക്കെ വിളിക്കുന്നു. തെക്കേ ഇന്ത്യയിലാണ് ഗുളികന് ജ്യോതിഷത്തില്‍ ഏറ്റവും അധികം പ്രാധാന്യം കാണുന്നത് . ഇവിടെ രാശി പ്രശ്‌നങ്ങളുടെ ആരംഭത്തില്‍ ആദ്യം എടുക്കുന്നത് ഗുളികസ്ഫുടമാണ്. 

പ്രശ്‌നമാര്‍ഗ്ഗം,പ്രശ്‌നാനുഷ്ഠാന പദ്ധതി   എന്നീ ജ്യോതിഷ ഗ്രന്ഥങ്ങളില്‍ ഗുളികന്റെ പ്രമാണങ്ങളും പ്രയോഗങ്ങളും കാണാം. മനുഷ്യസങ്കല്‍പ്പത്തിലെ ഗുളികന്   രൂപഭാവങ്ങള്‍ വിവരിക്കുന്നത് ഇപ്രകാരമാണ.് ശനിയുടെ പുത്രന്‍, കറുകറുത്ത ശരീരത്തോട് കൂടിയവന്‍, അതീവ പാപം ഉള്ളവന്‍ സര്‍പ്പസ്വരൂപത്തോടു കൂടിയവന്‍, തീവ്രവാദ സ്വഭാവമുള്ളവന്‍ ,ലോകം നശിപ്പിക്കാനായി ജനിച്ചവന്‍, ക്രൂര കര്‍മ്മി, സര്‍വ്വത്ര വിഷമയവും നോക്കുന്ന സ്ഥലവും നശിപ്പിക്കുന്നവന്‍, മഷിയില്‍ കുളിച്ചവന്‍, ചെറിയ മുഷിഞ്ഞ വസ്ത്രം ധരിച്ചവന്‍ എന്നിങ്ങനെയാണ്.  

മരണത്തിന് കാരണമാകുന്നതെല്ലാം ഗുളിക വിശേഷങ്ങള്‍ നിറഞ്ഞതാണ്. ഗുളികന്റെ കാരക വസ്തുക്കള്‍ എള്ള്, കറുക, പുല്ല് വിറക്,  കോടിവസ്ത്രം, അഗ്‌നി, തൈര്, പ്രേതാലങ്കാരവസ്തുക്കള്‍, മരണാനന്തര കര്‍മ്മവസ്തുക്കള്‍, ദുര്‍മന്ത്രവാദം, പൂച്ചത്തല, പാമ്പിന്‍തല, തലയോട്ടികള്‍, നീചപ്രേതങ്ങള്‍ നീചഭൂതങ്ങള്‍, ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങള്‍, നീചന്മാരുടെ സ്ഥലം, എച്ചില്‍, മലമൂത്രങ്ങള്‍, മുള്ള്, വള്ളികള്‍, ചൊറിയുന്ന വസ്തുക്കള്‍, ചവറുകള്‍, അഴിക്കുചാലുകള്‍ എലി, ചേര, പെരുച്ചാഴി, അണ്ണാന്‍, തേള്‍, പൊട്ടക്കുളം, പൊട്ടക്കിണര്‍ ,ദുര്‍ഗന്ധപുഷ്പങ്ങള്‍, വിഷപുഷ്പങ്ങള്‍, മദ്യം മാംസം മത്സ്യം എന്നിവയുടെ വില്പനശാലകള്‍, പ്രേതമന്ത്രങ്ങള്‍, പ്രേതബിംബങ്ങള്‍, ശവങ്ങള്‍, ശവഗന്ധം ശവമാലിന്യം, ശവം ദഹിപ്പിക്കുന്ന സ്ഥലങ്ങള്‍, ശ്മശാന ഭസ്മം. അസ്ഥികള്‍ എല്ലാം ഗുളികനുമായി ബന്ധപ്പെട്ടവയാണ്. ഗുളികന് മൂന്ന് നേത്രങ്ങള്‍ ഉണ്ട.് 

വലത് കണ്ണിനാല്‍ ഗുളികന്‍ നില്‍ക്കുന്ന രാശിയുടെ രണ്ടാം ഭാവത്തെയും ഇടതു കണ്ണിനാല്‍ പന്ത്രണ്ടാം ഭാവത്തെയും മധ്യദൃഷ്ടിയില്‍ ഏഴാം ഭാവത്തെയും വീക്ഷിക്കുന്നു. ഗുളിക വീക്ഷണം ലഭിക്കുന്ന രാശികളുടെ ഗുണങ്ങള്‍ നശിച്ചു ദോഷഫലങ്ങള്‍ ലഭിക്കുന്നു കൂടാതെ ഗുളികന്‍ നില്‍ക്കുന്ന രാശിയുടെ അധിപനും ദോഷപ്രദമാകും. ഉദാഹരണം കര്‍ക്കിടക രാശിയില്‍ ഗുളികന്‍ നിന്നാല്‍  ഭാവാധിപന്‍ ചന്ദ്രന്‍ യാതൊരു ഫലവും തരികയില്ല. ഗുരുനൊപ്പം ഗുളികന്‍ നിന്നാല്‍ ഗുളികന്റെ ശക്തി ക്ഷയിക്കും എന്നാല്‍ ധനു, മീനം രാശികളില്‍ ഗുളികന്‍ നിന്നാല്‍ ഗുരുവിന്  ഗുളികഭാവാധിപത്യം വരും. ഗുരു മാരകനാകും ജാതകന്‍ പേപ്പട്ടിയെപ്പോലെ പെരുമാറും. ഫലദീപിക, ജാതകപാരിജാതം പ്രശ്‌നമാര്‍ഗ്ഗം എന്നീ ഗ്രന്ഥങ്ങള്‍ ഗുളികന്റെ ഫലങ്ങള്‍ വിവരിക്കുന്നുണ്ട.്

 
ഗുളികന്‍ ഗ്രഹനിലയിലെ ഓരോ രാശിയിലും 
നിന്നാലത്തെ ഫലങ്ങള്‍ ഇങ്ങനെയാണ്

ലഗ്‌നത്തില്‍ ഗുളികന്‍ ഒറ്റയ്ക്ക് നിന്നാല്‍

അഷ്ടനാഗങ്ങളെ കൊണ്ടുള്ള രാജയോഗം ഭവിക്കുന്നു. ഭാര്യയും ഭര്‍ത്താവും അകുന്നുനില്‍ക്കാനും സാധ്യതയുണ്ട്. അത് ചിലപ്പോള്‍ ജോലി സംബന്ധവും ആകും പക്ഷേ വിവാഹം വൈകുമെന്ന് അനുഭവം. രോഗി അല്ലെങ്കില്‍ പരിക്കുള്ളവന്‍ എന്നും കണക്കാക്കാം

ലഗ്‌നത്തില്‍ നിന്നും രണ്ടാമത്തെ രാശിയില്‍ ഗുളികന്‍ നിന്നാല്‍ ഉന്നതവിദ്യ എന്നാല്‍ ധനാഗമനത്തിന് തടസ്സമുണ്ടാകും. വിദേശയോഗം ഫലം. സ്ത്രീ ജാതകത്തില്‍ ഭര്‍ത്താവിനും വിദേശയോഗം പറയാം

 ലഗ്‌നത്തില്‍ നിന്നും മൂന്നില്‍ ഗുളികന്‍ നിന്നാല്‍ ഇളയ സഹോദരങ്ങള്‍ ഉണ്ടാകില്ല. ഉണ്ടെങ്കില്‍ അവര്‍ക്ക് നാശം എന്നാല്‍ മൂന്നാം ഭാവാധിപന്‍ ഒമ്പതിലോ 11-ലോ സ്വക്ഷേത്രത്തിലോ നിന്നാല്‍ ഒരു സഹോദരന്‍ ഉണ്ടായിരിക്കും.

 ലഗ്‌നത്തില്‍ നിന്നും നാലാം ഭാവത്തില്‍ ഗുളികന്‍ നില്‍ക്കുന്നവര്‍ വാടകവീട്ടില്‍ താമസിക്കും വാഹനാപകടം ഉണ്ടാകാന്‍ സാധ്യത മാതാവില്‍ നിന്ന് അകലും

 ലഗ്‌നത്തില്‍ നിന്നും അഞ്ചാം ഭാവത്തില്‍ ഗുളികന്‍ നിന്നാല്‍ പുത്രദുഃഖം ഫലം ഗുളികന് പരിഹാരം ചെയ്താല്‍ ഒരു ആണ്‍കുട്ടി ലഭിക്കും

 ലഗ്‌നത്തില്‍ നിന്നും ആറില്‍ ഗുളികന്‍ നിന്നാല്‍ ശത്രുക്കള്‍ സ്വയം നശിച്ചുപോകും

 ലഗ്‌നത്തില്‍ നിന്നും ഏഴില്‍ നിന്നാല്‍ വിവാഹത്തിന് വൈകും. ജാതകം പലപ്പോഴും ചേരില്ല. ഭാര്യയെ കൊലചെയ്യാനും സാധ്യത എന്ന ഗ്രന്ഥങ്ങളില്‍ പറയുന്നു. വിവാഹമോചനവും സംഭവിക്കാറുണ്ട്

 ലഗ്‌നത്തില്‍ നിന്നും അഷ്ടമത്തില്‍ അഥവാ എട്ടാം സ്ഥാനത്ത് അല്ലെങ്കില്‍ ആയുര്‍ സ്ഥാനത്ത് ഗുളികന്‍ നിന്നാല്‍ ദുര്‍മരണം ഫലമെന്ന് എല്ലാ ജോതിഷഗ്രന്ഥങ്ങളും പറയുന്നു

  ലഗ്‌നത്തില്‍  നിന്ന് ഒമ്പതാം ഭാവത്തില്‍ ഗുളികയില്‍ നില്‍ക്കുന്നവരെ ഭാഗ്യദോഷി എന്ന് വിളിക്കുന്നു. പിതാവിനും തനിക്കും സന്താനങ്ങള്‍ക്കും ദോഷം സംഭവിക്കാം

 ലഗ്‌നത്തില്‍ നിന്നും പത്തില്‍ ഗുളികന്‍ നിന്നാല്‍ കര്‍മ്മപുഷ്ടിക്ക് ഹാനി. ജോലി സംബന്ധമായ തടസ്സങ്ങള്‍ വിദേശയോഗം ഫലം എന്നാലും ജോലിയില്‍ ഉയര്‍ച്ച ഉണ്ടാകാറില്ല

 ലഗ്‌നത്തില്‍ നിന്നും 11ല്‍ ഗുളികന്‍ നിന്നാല്‍ സാമ്പത്തികലാഭം ഉണ്ടാകില്ല മൂത്ത സഹോദരന് ദോഷം.
ലഗ്‌നത്തില്‍ നിന്നും 12 ല്‍ ഗുളികന്‍ നിന്നാല്‍ ഭാര്യ-ഭര്‍ത്താവ് രണ്ടില്‍ ഒരാള്‍ക്ക് ഹാനി അല്ലെങ്കില്‍ വിദേശവാസം.

മേടം വൃശ്ചികം തുലാം രാശിയില്‍ ഗുളിക നിന്നാല്‍ വിവാഹം നീണ്ടുപോകും നിശ്ചയിച്ച വിവാഹം പോലും മുടങ്ങും എന്ന അനുഭവം കര്‍ക്കിടകം രാശിയില്‍ നില്‍ക്കുകയോ 5 9 ഭാവാധിപന്മാരെയോ ചന്ദ്രനെയോ ഗുളികന്‍ ബാധിച്ചാല്‍ സന്താന തടസ്സം ഫലം.ഗ്രഹനിലയില്‍ സൂര്യനും ബുധനും ഗുളികനും ഒന്നിച്ചു നില്‍ക്കുകയോ സൂര്യന്‍ ബുധനും നില്‍ക്കുന്ന രാശിയുടെ അധിപനെ ഗുളികന്‍ ബാധിക്കുകയോ  ചെയ്താല്‍ സംസാര വൈകല്യം ഫലം. ഒരാളുടെ ജയ പരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത് ഗുളികന്‍ ആണെന്ന് പറയാം. വ്യാഴം കൂടെ നില്കുകയോ, വ്യാഴം നില്‍ക്കുന്ന രാശിയുടെ 5,7,9 ലൊ ഗുളികന്‍ നിന്നാല്‍ ദോഷങ്ങള്‍ കുറയും.


ഗുളികദോഷം തീര്‍ക്കാം


കൃത്യമായ പരിഹാരം ചെയ്താല്‍ ഗുളിക ദോഷം തീര്‍ത്ത് ജീവിത വിജയം നേടാന്‍ കഴിയും. സര്‍പ്പക്കാവുള്ളവര്‍ക്ക് അഷ്ട നാഗകളമെഴുതി സര്‍പ്പം പാട്ട് പാടിച്ചു അഷ്ടനാഗ കളത്തില്‍ നൂറും പാലും നടത്തിക്കുക. സര്‍പ്പക്കാവ് നശിച്ചു പോയവര്‍ക്കും, അന്യാധീനം വന്നവര്‍ക്കും, സമീപ കാവില്‍ ആയില്യം നാളില്‍ അഷ്ട നാഗങ്ങള്‍ക്ക് നൂറും പാലും ചെയ്യുക ( എല്ലാ മാസവും ആയില്യം നാളില്‍ മാത്രം ). 

ഇതും സാധിക്കാത്തവര്‍ നാഗ ക്ഷേത്രങ്ങളില്‍ അഷ്ടനാഗ പൂജ വര്‍ഷത്തില്‍ ഒന്ന് വീതം തുടര്‍ച്ചയായി ചെയ്യുക ഗുളിക ദോഷം മാറുവാനായി ശിവപ്രീതിയും ശനിപ്രീതിയും നടത്തി വെള്ളിയിലുള്ള ഗുളിക പ്രതിമയില്‍ ഗുളികദോഷം ആവാഹിച്ച് ഉത്തമബ്രാഹ്‌മണന് ഛായ ദാനവും നടത്തുകയാണ് പരിഹാരമായി വേണ്ടത്. ചില ദേശങ്ങളില്‍ കുടുംബത്തില്‍ വന്ന് ഗുളികോച്ഛാടനകര്‍മ്മം നടത്തുന്ന കര്‍മ്മികളുണ്ട്. ചില ശിവക്ഷേത്രങ്ങളില്‍ ഗുളികപ്രതിമ 7 നാള്‍ അഭിഷേക പാത്രത്തിലിട്ട് ധാര നടത്തും. 

ശേഷം ഭഗവാന്റെ തൃപ്പാദത്തില്‍ സമര്‍പ്പിച്ച് ഗുളികോച്ഛാടനജപം നടത്തും. ഏഴാംനാള്‍ ഗുളിക ബാധയുളളയാള്‍ തലയ്ക്കും ശരീരത്തിനും ഉഴിഞ്ഞ പ്രതിമ ശിവന് സമര്‍പ്പിച്ച് അന്നവസ്ത്രാദി ദക്ഷിണ സഹിതം ബ്രാഹ്‌മണദാനം നടത്തി ഒഴിവാക്കുന്നു. നിലവില്‍ ഈ പരിഹാരാദികള്‍ ചെയ്യുന്ന സമ്പ്രദായ ആചാര നടത്തിപ്പുകാര്‍ വളരെ വിരളമാണ്. 

ഹരീഷ് പോറ്റി.കെ
പൊന്‍മേനിമഠം, തലയല്‍
ശബരിമല കീഴ്ശാന്തി
9496260745