അഞ്ജനാതനയും വായുപുത്രനുമായ ആഞ്ജനേയസ്വാമിയെ ഭജിക്കുന്ന വിശേഷ ദിവസമായ ആഞ്ജനേയ ജയന്തി ഏപ്രില്‍ 12ന് ആചരിക്കും. ശ്രീരാമദേവനോടുള്ള ഉത്തമ ഭക്തിയുടേയും വിശ്വാസത്തിന്റേയും പ്രതീകമാണ് ആഞ്ജനേയന്‍. മനസ്സിലെ കാലുഷ്യങ്ങള്‍, വിഷമങ്ങള്‍, വിവിധ തടസ്സങ്ങള്‍ എന്നിവയൊക്കെ നീക്കാന്‍ മാരുതിയെ പ്രാര്‍ത്ഥിക്കുന്നവര്‍ നിരവധിയാണ്. സ്വാമിയെ ഭജിക്കാനായി ചൊവ്വ, വെള്ളി, ശനി, പൗര്‍ണ്ണമി, ചിത്രാ പൗര്‍ണ്ണമി എന്നിവ വിശേഷമാണ്.
ചിത്രാ പൗര്‍ണ്ണമി ദിവസമാണ് കേരളത്തില്‍ ഹനുമദ് ജയന്തി ആഘോഷിച്ചു വരുന്നത്. രാമ നവമി കഴിഞ്ഞ് ഏഴാം ദിവസമാണ് ഹനുമദ് ജയന്തി വരുന്നത്. സാധാരണ മേടത്തില്‍ വരുന്ന ചിത്രാ പൗര്‍ണ്ണമി ഈ വര്‍ഷം മീനത്തിലാണ് വന്നിരിക്കുന്നത്.അതിനാല്‍
ആഘോഷങ്ങള്‍ ഏപ്രില്‍ 12നാണ്. എന്നാല്‍ ചില ഇടങ്ങളില്‍ ഹനുമദ് ജയന്തി ആഘോഷങ്ങള്‍ ധനു മാസത്തില്‍ നടത്താറുണ്ട്. അതായത് മാര്‍ഗ്ഗശീര്‍ഷ മാസം.
ഹനുമദ് ഉപാസനയ്ക്കായി ധാരാളം കീര്‍ത്തനങ്ങള്‍ പ്രചാരത്തിലുണ്ട്. വ്രതശുദ്ധിയോടെ ഇവ ജപിച്ചാല്‍ തടസ്സങ്ങളും, സങ്കടങ്ങളും ഒഴിയുകയും, സത്കീര്‍ത്തി, ആരോഗ്യം, കുടുംബസൗഖ്യം എന്നിവ ഉണ്ടാകുമെന്നും പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. 'മനോജവം മാരുത തുല്ല്യ വേഗം', 'യത്ര യത്ര രഘുനാദ കീര്‍ത്തനം' ഇവയെല്ലാമാണ് ഹനുമദ് പ്രീതിക്കായുള്ള ചില സ്‌തോത്രങ്ങള്‍.