/kalakaumudi/media/media_files/2025/12/20/konchiravila-2025-12-20-16-22-00.jpg)
തിരുവനന്തപുരം: കൊഞ്ചിറവിള ശ്രീ ഭഗവതി ക്ഷേത്ര പൊങ്കാല മഹോത്സവം 2026 ഫെബ്രുവരിയില്‍.
ഫെബ്രുവരി 13ന് വെള്ളിയാഴ്ച പകല്‍ 4:12 നും 4:19നും മദ്ധ്യേ കാപ്പുകെട്ടി കുടിയിരുത്ത്, 15 ഞായറാഴ്ച
രാവിലെ 10:10 നും 10:30 നും മദ്ധ്യേ കുത്തിയോട്ടവ്രതാരംഭം 21ശനിയാഴ്ച
രാവിലെ 10:30 നും 10:45 നും മദ്ധ്യേ അടുപ്പുവെട്ട് പൊങ്കാല, പകല്‍ 3:10 നും 3:30 നും മദ്ധ്യേ
പൊങ്കാല നിവേദ്യം രാത്രി 8:15നും 8:30 നും മദ്ധ്യേ കുത്തിയോട്ടം ചൂരല്‍കുത്ത്, രാത്രി 10:15 നും 10:30 നും മദ്ധ്യേ പുറത്തെഴുന്നള്ളിപ്പ്,
ഫെബ്രുവരി 22 ഞായറാഴ്ച രാത്രി 10:05 നും 10:25 നും മദ്ധ്യേ കാപ്പഴിച്ചു കുടിയിളക്ക് എന്നിവ ഉണ്ടായിരിക്കും
തിരുവനന്തപുരം നഗരമധ്യത്തില്‍ നിന്ന് അധികം ദൂരമില്ലാത്ത മണക്കാടില്‍ സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രമാണ് കൊഞ്ചിറവിള ഭഗവതി ക്ഷേത്രം. മണക്കാട് നിന്ന് ഏകദേശം 1.5 കിലോമീറ്ററും, ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്ററോളം തെക്ക് ഭാഗത്തുമായിട്ടാണ് ക്ഷേത്രം നിലകൊള്ളുന്നത്. ശ്രീ ഭദ്രയേയും ശ്രീ ദുര്‍ഗ്ഗയേയും വടക്ക് ദര്‍ശനമായി പ്രതിഷ്ഠിച്ച് ആരാധിക്കുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊഞ്ചിറവിള ഭഗവതി.
ശ്രീകോവിലില്‍ കുടികൊള്ളുന്ന ചതുര്‍ബാഹുവായ ഭഗവതി ശാന്തസ്വരൂപിണിയാണ്. ആറ്റുകാല്‍ ഭഗവതിയുടെ ജ്യേഷ്ഠസഹോദരിയാണെന്നാണ് ഇവിടുത്തെ പ്രധാന വിശ്വാസം. ഗണപതി, നാഗര്‍, മന്ത്രമൂര്‍ത്തി, ബ്രഹ്മരക്ഷസ്സ്, മാടന്‍ തമ്പുരാന്‍ എന്നിവരാണ് ഇവിടുത്തെ ഉപദേവന്മാര്‍.
എല്ലാ മാസവും പൗര്‍ണമി നാളില്‍ നടക്കുന്ന ഐശ്വര്യപൂജയും, ആയില്യം നാളിലുള്ള ആയില്യം പൂജയുമാണ് ഇവിടുത്തെ പ്രധാന വിശേഷ ദിവസങ്ങള്‍. ഐതിഹ്യം പണ്ട് കൊഞ്ചിറവിളയില്‍ 'ആമ്പല്ലൂര്‍' എന്നൊരു തറവാടുണ്ടായിരുന്നു. അവിടുത്തെ ദേവീഭക്തനായ കാരണവര്‍ സന്ധ്യാനേരത്ത് വീടിന്റെ വടക്ക് ഭാഗത്തായി ഒരു ദിവ്യജോതിസ്സ് കാണുകയും, അതില്‍ തേജോമയിയായ ഒരു ബാലികയെ ദര്‍ശിക്കുകയും ചെയ്തു. ബാലിക ആവശ്യപ്പെട്ടതനുസരിച്ച് കാരണവര്‍ കിണ്ടി വെള്ളവും പഴവും മലരും കൊണ്ടുവന്നപ്പോഴേക്കും ബാലിക അപ്രത്യക്ഷയായിരുന്നു.
അന്ന് രാത്രിയില്‍ കാരണവര്‍ക്ക് സ്വപ്നദര്‍ശനമുണ്ടായി. ആ ബാലിക കൊടുങ്ങല്ലൂര്‍ ഭഗവതിയാണെന്നും, ദേവി പ്രത്യക്ഷപ്പെട്ട സ്ഥലത്തുള്ള വരിക്കപ്ലാവിന് വടക്കുമാറി ഒരു തെറ്റിച്ചെടി ഉണ്ടെന്നും, അവിടെ ദേവീസാന്നിധ്യം ഉള്ളതായും ദേവി അരുളിചെയ്തു. നേരം പുലര്‍ന്നപ്പോള്‍ സ്വപ്നം സത്യമാണെന്ന് ബോധ്യപ്പെട്ട കാരണവര്‍ വരിക്കപ്ലാവിന്റെ തടികൊണ്ട് പീഠം നിര്‍മ്മിച്ച് ദേവിയെ അവിടെ കുടിയിരുത്തി പൂജാദികര്‍മ്മങ്ങള്‍ ചെയ്തു.
പിന്നീട് ക്ഷേത്രം പുതുക്കി പണിയുകയും ചതുര്‍ബാഹുവായ ഭഗവതിയുടെ പഞ്ചലോഹവിഗ്രഹം കൊണ്ട് പുനഃപ്രതിഷ്ഠാകര്‍മ്മം നടത്തുകയും ചെയ്തു. പ്രധാന ഉത്സവം കുംഭമാസത്തില്‍ പൂരാടം നക്ഷത്രത്തില്‍ തുടങ്ങി പത്തുദിവസത്തെ ഉത്സവമാണ്. മൂന്നാം ഉത്സവത്തിന് കുത്തിയോട്ട നേര്‍ച്ചക്കാര്‍ വ്രതാനുഷ്ഠാനം തുടങ്ങും. ഒന്‍പതാം ദിവസമായ അശ്വതിക്കാണ് പൊങ്കാല. അന്ന് വൈകിട്ട് മൂന്ന് മണിക്ക് പൊങ്കാല നൈവേദ്യം നടക്കും എന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.
പൊങ്കാലയ്ക്ക് ശേഷം കുത്തിയോട്ടവും ചൂരല്‍കുത്തുമാണ് പ്രധാന ചടങ്ങുകള്‍. തുടര്‍ന്ന് ദേവിയുടെ പുറത്തെഴുന്നെള്ളിപ്പ് നടക്കും. കുത്തിയോട്ടത്തിന്റെ അകമ്പടിയോടെ മണക്കാട് ശ്രീ ധര്‍മ്മശാസ്താക്ഷേത്രത്തിലെത്തി ഇടയ്ക്ക് പൂജ കഴിഞ്ഞ് തിരിച്ചെഴുന്നെള്ളുന്നു. പുരാതനക്ഷേത്രമായ മണക്കാട് ക്ഷേത്രത്തിലെ ശാസ്താവ്, ദേവിയുടെ സഹോദരനാണെന്നാണ് സങ്കല്‍പം. പരിപാടികളില്‍ തോറ്റംപാട്ട് ശ്രദ്ധേയമാണ്. പത്താം ഉത്സവത്തിന് രാത്രിയില്‍ കാപ്പഴിക്കലും കുരുതര്‍പ്പണവും നടക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട മറ്റൊരു ഉത്സവമാണ് നവരാത്രി മഹോത്സവം. ഒന്‍പത് രാത്രികളിലും പത്ത് പകലുകളിലുമായി ആദിപരാശക്തിയുടെ നവദുര്‍ഗ്ഗ ഭാവങ്ങളെ ആരാധിക്കുന്ന ഈ ഉത്സവം വിപുലമായ പരിപാടികളോടെയാണ് കൊണ്ടാടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
