കുംഭമാസത്തില്‍ ഈ രാശിക്കാരുടെ കൈയില്‍ പണം പെരുകും

മകരത്തെക്കാള്‍ ഇഷ്ട ഭാവത്തിലാണ് കുംഭമാസത്തില്‍ ആദിത്യന്‍. തൊഴിലിടത്തില്‍ വളരെ സമാധാനമുണ്ടാവും. മേലധികാരികളുടെ പ്രോല്‍സാഹനം പ്രതീക്ഷിക്കാം. ആരംഭിച്ച കാര്യങ്ങള്‍ തടസ്സം കൂടാതെ പൂര്‍ത്തീകരിക്കും. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേതന വര്‍ദ്ധനവ് ഉണ്ടാകും.

author-image
Biju
New Update
kumbham2

സൂര്യന്‍ കുംഭ രാശിയില്‍, അവിട്ടം, ചതയം, പൂരൂരുട്ടാതി എന്നീ ഞാറ്റുവേലകളില്‍ സഞ്ചരിക്കുന്നു. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 14 വരെയാണ് കുംഭമാസം. 30 തീയതികളുണ്ട്. കുംഭം 5 ന് കറുത്തവാവും കുംഭം 19 ന് വെളുത്തവാവും വരുന്നുണ്ട്. പൗര്‍ണമിയുടെ അന്ന്,അതായത് കുംഭം 19 ന്/ മാര്‍ച്ച് 3 ന് ചന്ദ്രഗ്രഹണവും സംഭവിക്കുന്നു. ചൊവ്വ മകരം രാശിയിലാണ്. കുംഭം 11 ന് കുംഭത്തിലേക്ക് സംക്രമിക്കും. എന്നാല്‍ ചൊവ്വയുടെ മൗഢ്യസ്ഥിതി തുടരുകയാണെന്നത് പ്രസ്താവ്യമാണ്.

കുംഭം രാശിയിലാണ് ബുധനും ശുക്രനും. 17 ന് ശുക്രന്‍ ഉച്ചരാശിയായ മീനത്തിലേക്ക് പകരും. കുംഭം 17 ന് ബുധന് വക്രമൗഢ്യം ആരംഭിക്കും. വ്യാഴം മിഥുനം രാശിയില്‍ പുണര്‍തം നക്ഷത്രത്തില്‍ കുംഭം അവസാനം വരെ വക്രഗതി തുടരും. ശനി മീനം രാശിയില്‍ ഉത്രട്ടാതിയിലും രാഹു കുംഭം രാശിയില്‍ ചതയത്തിലും കേതു ചിങ്ങം രാശിയില്‍ പൂരത്തിലും തുടരുകയാണ്. ഈ ഗ്രഹനിലയെ മുന്‍നിര്‍ത്തി കുംഭമാസത്തിലെ അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

അശ്വതി

ആദിത്യന്‍ അഭീഷ്ടസ്ഥാനമായ പതിനൊന്നിലാണ്. കൂടാനെ രാഹു, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളും അവിടെയുണ്ട്. ഏഴരശനിക്കാലത്തിന്റെ അലോസരങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന മികച്ച അനുകൂല സന്ദര്‍ഭമാണിത്. സ്ഥാനം/ പദവി ഉയരാനിടയുണ്ട്. താത്കാലിക ജോലി സ്ഥിരജോലിയാവാന്‍ അനുമതി കിട്ടും. മത്സരാധിഷ്ഠിത കരാറുകളില്‍ വിജയിക്കുന്നതാണ്. ബിസിനസ്സ് രംഗം ഉന്മേഷത്തിലാവും. സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട രജിസ്‌ട്രേഷന്‍/ ലൈസന്‍സ് ഇവ ലഭ്യമാവുന്നതാണ്. എതിര്‍പ്പുകളെ സമചിത്തതയോടെ നേരിടും. സ്വന്തം നിലപാടുകളില്‍ നിന്നും വ്യതിചലിക്കുകയില്ല. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതാണ്. ഉന്നതരുടെ സഹായം ലഭിക്കും. പ്രണയം പുഷ്‌കലമാവും. പാരിതോഷികങ്ങള്‍ ലഭിക്കാം. പഠനത്തില്‍ പുരോഗതി വരും.

ഭരണി

ജീവിതം പുരോഗതിയിലേക്ക് നീങ്ങുന്നതിന് അനുകൂലമായ സാഹചര്യമാണുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് കര്‍മ്മരംഗത്ത് വേതനം ഉയരാനോ സ്ഥാനക്കയറ്റത്തിനോ സാധ്യതയുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഗ്രീന്‍ സിഗ്‌നല്‍ ലഭിക്കുന്നതാണ്. പൊതുപ്രവര്‍ത്തനത്തില്‍ ജനകീയതയേറും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. പതിനൊന്നിലെ നാലുഗ്രഹങ്ങള്‍ സാമ്പത്തികമായ ഉന്നമനത്തിനും ആഗ്രഹസഫലീകരണത്തിനും കാരണമാകും. നിക്ഷേപങ്ങളില്‍ നിന്നും ആദായം ഉയരും. പിതൃസ്വത്തിന്മേല്‍ അനുകൂല വിധി വന്നെത്തും. അവിവാഹിതര്‍ക്ക് പ്രണയത്തിലൂടെ വിവാഹസിദ്ധി പ്രതീക്ഷിക്കാം. ഭൂമി വില്‍പ്പന തടസ്സപ്പെടില്ല. ഏഴരശ്ശനിക്കാലം കൂടിയാകയാല്‍ ചെറിയ അസ്വസ്ഥതകളും കാര്യതടസ്സങ്ങളും കൂടി അനുഭവത്തില്‍ വരുന്നതാണ്.

കാര്‍ത്തിക

മേടക്കൂറുകാര്‍ക്ക് മാസത്തിന്റെ ഒന്നാം പകുതിയിലും ഇടവക്കൂറുകാര്‍ക്ക് രണ്ടാം പകുതിയിലും അനുകൂലതയേറും. വിദ്യാഭ്യാസത്തില്‍ ഏകാഗ്രത പുലരും. ഗവേഷണം പൂര്‍ത്തീകരണത്തിലേക്ക് നീങ്ങും.  ഉപരിപഠനം സംബന്ധിച്ചുള്ള ആലോചനകള്‍ക്ക് വ്യക്തത വരുന്നതായിരിക്കും. കര്‍മ്മരംഗത്ത് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനാവും. മേലധികാരികള്‍ വിശ്വസിച്ചേല്പിക്കുന്ന ദൗത്യങ്ങള്‍ സമയബന്ധിതമായി നിര്‍വ്വഹിക്കും. സ്വന്തം തൊഴില്‍ നടത്തുന്നവര്‍ക്ക് ലാഭം കൂടുന്നതാണ്. തൊഴില്‍ തേടുന്നവര്‍ക്ക് വരുമാനമാര്‍ഗം തെളിയും. വിദേശത്ത് പോകാന്‍ ശ്രമം നടത്തുന്നവര്‍ക്ക് അവസരം ഉദയം ചെയ്യും. ഗൃഹനിര്‍മ്മാണം തടസ്സപ്പെടാം. പ്രണയത്തിലും ദാമ്പത്യത്തിലും സമ്മിശ്രമായ അനുഭവങ്ങള്‍ വരും.

രോഹിണി

ആദിത്യന്‍, രാഹു, ബുധന്‍, ശുക്രന്‍ എന്നിവര്‍ പത്താം ഭാവത്തിലും ശനി പതിനൊന്നിലും വ്യാഴം രണ്ടിലും സഞ്ചരിക്കുകയാല്‍ ഗുണപ്രധാനമായ കാലമാണ്. ന്യായമായ ആഗ്രഹങ്ങള്‍ നേടിയെടുക്കാനാവും. പ്രയത്‌നത്തിന് പ്രതിഫലം കുറയില്ല. പൊതുരംഗത്ത് ജനകീയതയേറും. കലാപ്രവര്‍ത്തനം വിജയകരമാവും. പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കപ്പെടാം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് ഭംഗിയായി മുന്നൊരുക്കം നടത്താനാവും. കച്ചവടക്കാര്‍ക്ക് വായ്പ ലഭിച്ചേക്കാം. സാങ്കേതിക മികവുകളോടെ വിപുലീകരണം, നവീനശാഖ തുടങ്ങുക എന്നിവ  സാധ്യമായേക്കും. വസ്തുവില്‍പ്പന തടസ്സപ്പെടാനിടയുണ്ട്. പ്രണയികള്‍ വിഘ്‌നങ്ങളെ അതിജീവിക്കുന്നതാണ്. മക്കളുടെ ജോലി/ വിവാഹത്തില്‍ ശുഭസൂചന കൈവരുന്നതാണ്.

മകയിരം

ഇടവക്കൂറുകാര്‍ക്ക് ഗുണം കൂടും. മിഥുനക്കൂറുകാര്‍ക്ക് സമ്മിശ്രഫലമായിരിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട അനുമതികള്‍ തടസ്സപ്പെടില്ല. മേലധികാരികള്‍ പ്രോല്‍സാഹിപ്പിക്കുന്ന നയം സ്വീകരിക്കും.  കലാരംഗം ഉന്മേഷഭരിതമാവുന്നതാണ്. ജന്മനാട് വിട്ടുനില്‍ക്കുന്നവര്‍ക്ക് മടങ്ങാന്‍ അവസരം ലഭിക്കും. താത്കാലിക ജോലിക്കാര്‍ സ്ഥിരനിയമനത്തിന് പരിഗണിക്കപ്പെടും. മകന്റെ പഠനത്തില്‍ ഉത്കണ്ഠകളുണ്ടാവും. കിടപ്പുരോഗികള്‍ക്ക്ചികില്‍സ ഫലപ്രദമാവുന്നതാണ്. പൊതുവേ ഭൗതിക സാഹചര്യം മെച്ചപ്പെടും.  വ്യത്യസ്ത സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ദമ്പതികള്‍ക്ക് ഒരിടത്തേക്കു വരാന്‍ കാത്തിരിക്കേണ്ടി വന്നേക്കും. ഭൂമി കച്ചവടത്തില്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. കരുതല്‍ വേണം. വാഹനം വാങ്ങാനോ/ പുതുക്കാനോ കഴിത്തേക്കും.

തിരുവാതിര

ആദിത്യനും രാഹുവും ബുധശുക്രന്മാരും ഒമ്പതില്‍ സഞ്ചരിക്കുന്നു. കണ്ടകശ്ശനിക്കാല വുമാണ്. ജന്മത്തില്‍ വ്യാഴവും ഉള്ളതിനാല്‍ കാര്യസാധ്യത്തിന് അത്യധ്വാനം വേണം. ലഘുത്വം കൊണ്ടു നേടിയിരുന്നവ സുദര്‍ലഭമാവും. അധികാരികളോടും മേലുദ്യോഗസ്ഥനോടും സ്വന്തം പിതാവിനോടും കലഹിക്കാനും വാഗ്വാദങ്ങളിലേര്‍പ്പെടാനും വാസനയുണ്ടാവും. ആരോഗ്യ പരിപാലനത്തില്‍ ജാഗ്രത വേണം. തൊഴില്‍ രംഗത്ത് ചെറിയ മുന്നേറ്റങ്ങള്‍ സാധ്യമാവും.  കുടുംബത്തില്‍ ചിലരുടെ അകമഴിഞ്ഞ സ്‌നേഹം ലഭിക്കും. വിദ്യാര്‍ത്ഥികളുടെ പഠനത്തില്‍ മാതാപിതാക്കളുടെ ശ്രദ്ധ വേണ്ടതുണ്ട്. ഏജന്‍സി/ കമ്മീഷന്‍ വ്യാപാരം ധനാഗമത്തിന് കാരണമാകും. പ്രണയം അഭംഗുരമായി തുടരുന്നതാണ്. വിദേശത്തു പോകാനുള്ള ശ്രമം ഉപേക്ഷിക്കേണ്ടതില്ല.

പുണര്‍തം

കണ്ടകശനി തുടരുന്നതും വ്യാഴം ജന്മരാശിയില്‍, ജന്മനക്ഷത്രത്തില്‍ തന്നെ സഞ്ചരിക്കുന്നതും അനുകൂലമല്ല. ആദിത്യന്‍ ഒമ്പതിലാകയാല്‍ മാതാപിതാക്കള്‍ക്ക് അരിഷ്ടം വരാം.  ഭാഗ്യാനുഭവങ്ങള്‍ തടസ്സപ്പെടുന്നതായി തോന്നിയേക്കും. ക്ഷേത്രകാര്യങ്ങള്‍ മാറ്റിവെക്കപ്പെടാം.  ലഘുവായ കാര്യങ്ങള്‍ നേടാന്‍പോലും കൂടുതല്‍ പ്രയത്‌നം ആവശ്യമാണ്. ചൊവ്വയും അനുകൂലനല്ല. അതിനാല്‍ ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉടലെടുക്കാം. ആരോഗ്യപരമായും കരുതല്‍ വേണ്ടതുണ്ട്.  ശുക്രബുധന്മാരുടെ ആനുകൂല്യം വിദ്യാഭ്യാസത്തില്‍ പുരോഗതി സൃഷ്ടിക്കുന്നതാണ്. പ്രണയം അഭംഗുരമാവും. ഗാര്‍ഹികമായി സ്വസ്ഥത പ്രതീക്ഷിക്കാം. വരുമാനമാര്‍ഗം തടസ്സപ്പെടില്ല.  കരാര്‍ ജോലികളില്‍ തുടര്‍ച്ച ലഭിക്കുന്നതായിരിക്കും.

പൂയം

ആദിത്യനും ചൊവ്വയും രാഹുവും ബുധശുക്രന്മാരും അഷ്ടമഭാവത്തില്‍ സഞ്ചരിക്കുകയാണ്. മുന്‍പില്ലാത്ത തടസ്സങ്ങളുണ്ടാവും, പല കാര്യങ്ങളിലും. ഉദ്യോഗസ്ഥര്‍ക്ക് അമിതമായ അധ്വാനം ഭവിക്കുന്നതാണ്.  സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസ്സപ്പെടാം.  പുതിയ ജോലി തേടുന്നവര്‍ക്ക് കാത്തിരിപ്പ് തുടരേണ്ടി വരുന്നതാണ്.  വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും മറ്റും ഏകാഗ്രത പുലര്‍ത്താനാവും. മത്സരപ്പരീക്ഷകളില്‍ ശോഭിക്കും. സ്വത്തുതര്‍ക്കങ്ങള്‍ വ്യവഹാരമായി മാറാനിടയുണ്ട്.  പ്രണയബന്ധം ദൃഢമാകും. ആഢംബര വസ്തുക്കള്‍ വാങ്ങുന്നതാണ്. കച്ചവടത്തില്‍ ലാഭം ശരാശരിയാവും. വിദേശത്ത് ജോലിക്കോ പഠനത്തിനോ ശ്രമിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല.

ആയില്യം

ഗ്രഹങ്ങളുടെ അനിഷ്ടഭാവസഞ്ചാരത്താല്‍ തുടങ്ങിയ കാര്യങ്ങളുടെ പൂര്‍ത്തീകരണം വൈകുന്നതാണ്. പുതിയ സ്ഥാപനത്തിന് സര്‍ക്കാരില്‍ നിന്നും അനുമതി കിട്ടുക എളുപ്പമാവില്ല. വസ്തുവില്‍പ്പന തടസ്സപ്പെടാം. സഹോദരരുമായി നടന്നു പോരുന്ന നിയമ പ്രശ്‌നങ്ങള്‍ നീളുന്നതാണ്.  പ്രതീക്ഷിച്ച സ്ഥലം മാറ്റത്തിന് രാഷ്ട്രീയം തടസ്സമുണ്ടാക്കും. വായ്പയുടെ തിരിച്ചടവിന് പണം തികയാതെ വരുന്നതാണ്. അപ്രതീക്ഷിത ദൂരയാത്രകള്‍ക്ക് സാധ്യത കാണുന്നു. ബന്ധുക്കളില്‍ നിന്നും സഹായവും സഹകരണവും ഉണ്ടാവും. പ്രണയം സാന്ത്വനമായി അനുഭവപ്പെടുന്നതാണ്. ചെറുകിട ജോലികള്‍ സ്വാസ്ഥ്യം നല്‍കാം. കരാറുകള്‍ ഗുണവത്താകും. ദൈവീക സമര്‍പ്പണങ്ങള്‍ തടസ്സപ്പെട്ടില്ല. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലേക്ക് കടക്കുന്നതായിരിക്കും.

മകം

ഏഴാം ഭാവത്തില്‍ ആദിത്യനും നാലു ഗ്രഹങ്ങളും സഞ്ചരിക്കുകയാല്‍ കുംഭമാസത്തില്‍ ദേശാന്തര യാത്രകള്‍, അലച്ചില്‍ എന്നിവ ഉണ്ടാവുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് വിശ്രമം കുറയും. സ്ഥലംമാറ്റം സാധ്യതയാണ്. പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അസൗകര്യപ്രദമാവും, ചില മാറ്റങ്ങള്‍. തദ്ദേശീയ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ട സര്‍ട്ടിഫിക്കേറ്റ്/ ലൈസന്‍സ് ഇവ ലഭിക്കാന്‍ വൈകുന്നതാണ്. പണമെടപാടുകളില്‍ ലാഭം കുറയും. ദാമ്പത്യത്തില്‍ സ്വസ്ഥത മാറിമറിയുന്നതാണ്. ഗൃഹനിര്‍മ്മാണത്തിലെ തടസ്സം നീങ്ങാന്‍ പണം കടം വാങ്ങേണ്ടി വരാം. ന്യായമായ ആവശ്യങ്ങള്‍ നടന്നുകിട്ടും. പതിനൊന്നിലെ വ്യാഴം പദവികള്‍ക്ക് അര്‍ഹത നേടിത്തരുന്നതാണ്.

പൂരം

നക്ഷത്രാധിപനായ ശുക്രന്റെ അനുകൂല നിലയും പതിനൊന്നിലെ വ്യാഴവും കാര്യങ്ങളെ ഒരു പരിധിവരെ വരുതിയിലാക്കാം. ചെയ്തു പോരുന്ന ജോലിയില്‍ മാറ്റമാഗ്രഹിക്കും. പക്ഷേ പുതിയ ജോലി കിട്ടാന്‍ അല്പം കാത്തിരിപ്പാവശ്യമാണ്. പങ്കുകച്ചവടം കൊണ്ട് നേട്ടങ്ങള്‍ കുറയാം. മകന്റെ വിദ്യാഭ്യാസ കാര്യത്തില്‍ അല്പം ഉത്കണ്ഠക്ക് വഴിയുണ്ട്. ചിട്ടി, നറുക്കെടുപ്പ് ഇവയില്‍ നിന്നും വരുമാനമുയരും. സംഘടനയില്‍ എതിര്‍പ്പുണ്ടാവും. തൊഴില്‍പരമായ യാത്രകള്‍ കൂടുന്നതാണ്. ലോണ്‍ അപേക്ഷ അംഗീകരിക്കപ്പെടും. അഷ്ടമശനി കാരണം ചില അവിചാരിത തടസ്സങ്ങള്‍ ഭവിക്കാം. ദേഹക്ഷീണവും ആലസ്യവും ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ടതാവാം. കലാസാഹിത്യരംഗം ഉന്മേഷം നിറഞ്ഞതായി മാറും.

ഉത്രം

ചിങ്ങക്കൂറുകാര്‍ക്ക് ശരാശരി ഫലം പ്രതീക്ഷിക്കാം. നേട്ടങ്ങള്‍ അത്യധ്വാനത്തിലൂടെ കൈവരും. ഓഫീസില്‍ തൊഴില്‍ വിവേചനം നേരിടാം. ഭൂമിയിടപാടുകളില്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. പങ്കുകച്ചവടത്തില്‍ അനിഷ്ടം ഏര്‍പ്പെടുന്നതാണ്. നിക്ഷേപങ്ങളിലൂടെ  ആദായം കൈവരും. സത്കാര്യങ്ങളുടെ നിര്‍വഹണത്തിന് നേരം കണ്ടെത്തും. കന്നിക്കൂറുകാരായ ഉത്രം നാളുകാര്‍ക്ക് മിക്ക മേഖലകളിലും അഭ്യുദയം വന്നുചേരുന്നതാണ്. ഉദ്യോഗാര്‍ത്ഥകള്‍ക്ക് അര്‍ഹതയുള്ള തൊഴില്‍ കൈവരും. ഗവേഷണം, ശാസ്ത്രീയ പഠനം ഇവ അംഗീകരിക്കപ്പെടും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് നീങ്ങും. കുടുംബ ഭദ്രത പ്രതീക്ഷിക്കാം. മകളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാവും. സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ക്ക് അയവ് വന്നെത്തും.

അത്തം

ആദിത്യന്‍ ഇഷ്ടഭാവമായ ആറാമെടത്തില്‍ സഞ്ചരിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. മുടങ്ങിപ്പോയ കാര്യങ്ങള്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞേക്കും. തൊഴില്‍ തേടുന്നവര്‍ക്ക് അര്‍ഹതയ്‌ക്കൊത്ത പദവി ലഭിക്കുന്നതാണ്. കര്‍മ്മരംഗത്ത് ബഹുമാന്യത നേടും. മുടക്കിയ പണം തിരിച്ചു കിട്ടിത്തുടങ്ങും. സ്വയം അറിവ് സമ്പാദിക്കും. അതിനായി കഠിനാദ്ധ്വാനത്തിന് മടിക്കില്ല. വിജ്ഞാനം മറ്റുള്ളവര്‍ക്ക് പകരുവാനുമാവും. ആറാം ഭാവത്തിലെ ബുധന്‍ അതാണ് സൂചിപ്പിക്കുന്നത്. ഉപരിവിദ്യാഭ്യാസ കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാവും. പിണങ്ങിയ കൂട്ടുകാര്‍ ഇണങ്ങും. കടബാധ്യത ഭാഗികമായി പരിഹരിക്കാന്‍ സാധിക്കുന്നതാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് ജനകീയ പിന്തുണ ഏറും.

ചിത്തിര

കന്നിക്കൂറുകാര്‍ക്ക് ഗുണഫലങ്ങള്‍ അധികരിക്കുന്ന കാലമാണ്. അത്രതന്നെ മെച്ചം തുലാക്കൂറുകാര്‍ക്ക് പറയാനില്ല. സ്വതസ്സിദ്ധമായ കഴിവുകള്‍ തിരിച്ചറിയാനിടവരുന്നതാണ്. വ്യക്തമായ ലക്ഷ്യബോധം പുലര്‍ത്താനുമാവും. നിലവിലെ തൊഴില്‍ ഉപേക്ഷിക്കുന്നത് ആശാസ്യമായേക്കില്ല. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അവസരം വന്നെത്താം. ഏജന്‍സി പ്രവര്‍ത്തനം വിപുലീകരിക്കാന്‍ കഴിഞ്ഞേക്കും. കരാര്‍ പണികള്‍ നീട്ടിക്കിട്ടും. തുലാക്കൂറുകാര്‍ കൂടുതല്‍ നേരം ചിന്തകളില്‍ മുഴുകും. വാടകവീട് ഒഴിഞ്ഞു കൊടുക്കേണ്ടി വരാം. കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വെല്ലുവിളികള്‍ ഉയരും. കിടപ്പുരോഗികളുടെ ചികില്‍സാമാറ്റം സ്വയം തീരുമാനിക്കരുത്. ജന്മനാട്ടിലെ ക്ഷേത്രോത്സവത്തിന് കുടുംബ സമേതം പങ്കെടുക്കും.

ചോതി

അഞ്ചാം ഭാവത്തില്‍ നാലിലധികം ഗ്രഹങ്ങള്‍ സഞ്ചരിക്കുന്നു. ആറില്‍ ശനിയും ഒമ്പതില്‍ വ്യാഴവും തുടരുകയാണ്. ആലോചന കൂടുകയും പ്രവൃത്തി കുറയുകയും ചെയ്യും. സമയനിഷ്ഠ താളം തെറ്റും. ഔദ്യോഗികമായി സമ്മിശ്രമായ കാലമാണ്. സഹപ്രവര്‍ത്തകരുമായി പിണങ്ങും. ഉപജാപങ്ങള്‍ വിഷമിപ്പിക്കും. ജീവിതശൈലീ രോഗങ്ങള്‍ക്ക് ചികില്‍സ വേണ്ടിവരുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കുറയാനിടയുണ്ട്.  പുതിയ ബിസിനസ്സ് തുടങ്ങാന്‍ ഇപ്പോള്‍ ഗ്രഹാനുകൂല്യം ഇല്ല. സാഹിത്യകാരന്മാര്‍ക്ക് ഭാവന വിലാസം വര്‍ദ്ധിക്കും.  കലാപ്രവര്‍ത്തനത്തിന് നവോന്മേഷം കൈവരുന്നതായിരിക്കും. വേണ്ടപ്പെട്ടവര്‍ക്കൊപ്പം തീര്‍ത്ഥയാത്രകള്‍ സാധ്യമായേക്കും. ഏജന്‍സി വ്യാപാരം പുഷ്ടിപ്പെടും. പ്രണയം ദൃഢമാവുന്നതാണ്.

വിശാഖം

നക്ഷത്രാധിപനായ വ്യാഴത്തിന് മാസം മുഴുവന്‍ വക്രം തുടരുകയാല്‍ അമിത പരിശ്രമത്താല്‍ മാത്രമേ ലഘുനേട്ടങ്ങള്‍ കൈവശമെത്തുകയുള്ളു. സ്ഥാനോന്നതിക്കായുള്ള പരിശ്രമങ്ങള്‍ സഫലമാവണമെന്നില്ല. എന്നാല്‍ ചെറുസംരംഭങ്ങളില്‍ നേട്ടം കുറയില്ല. കമ്മീഷന്‍/കരാര്‍ തൊഴിലുകളില്‍ ആദായം വര്‍ദ്ധിക്കുന്നതാണ്. ആലോചിച്ചെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വിമുഖതയുണ്ടാവും. ബന്ധുക്കളില്‍ നിന്നും പ്രോല്‍സാഹനം കിട്ടാനിടയില്ല. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ്. ഉപരിപഠനം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരും. കടം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. വാഹനം ഉപയോഗിക്കുന്നതില്‍ നല്ല ജാഗ്രത ആവശ്യമാണ്.

അനിഴം

നാലാമെടത്തില്‍ ഗ്രഹാധിക്യം, മനസ്സുഖം കുറയാന്‍ കാരണമാകും. തൊഴിലില്‍ സമ്മിശ്രഫലങ്ങള്‍ പ്രതീക്ഷിച്ചാല്‍ മതി. അനര്‍ഹര്‍ക്ക് സ്ഥാനക്കയറ്റം കിട്ടുന്നത് വിഷമിപ്പിക്കും. സുഹൃത്തുക്കളുടെ ഇടയില്‍ നിന്നും വിരോധിക്കുന്നവരുടെ എണ്ണം ഉയരാം. ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ തുടങ്ങിയ ദുശ്ശീലങ്ങള്‍ക്ക് വിധേയരാവരുത്. പ്രൈവറ്റ് സ്ഥാപനത്തിലെ കരാര്‍ പുതുക്കപ്പെടാം. വാഹനം ഉപയോഗിക്കുന്നതില്‍ നല്ല കരുതലുണ്ടാവണം. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത വേണ്ടതുണ്ട്. ദീര്‍ഘയാത്രകള്‍ ആവശ്യമായി വന്നേക്കും. ഭൂമിയില്‍ നിന്നും ആദായം കിട്ടാം. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം. അനുരഞ്ജനത്തിന്റെ പാത കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാക്കും.

തൃക്കേട്ട

ഉദ്യോഗസ്ഥര്‍ക്ക് അധ്വാനം കൂടും. സഹപ്രവര്‍ത്തകരുടെ പിന്തുണ കുറയും. ചുമതലകള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ ക്ലേശിക്കുന്നതാണ്. പ്രൈവറ്റ് സ്ഥാപനത്തില്‍ അഭിമുഖത്തിലൂടെ നിയമനം ലഭിച്ചേക്കാം. അന്യദിക്കില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജന്മനാട്ടിലേക്ക് മാറ്റം കിട്ടാന്‍ അല്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കും. സഹായം വാഗ്ദാനം ചെയ്തവര്‍ കബളിപ്പിക്കാനിടയുണ്ട്. പൊതുപ്രവര്‍ത്തനത്തില്‍ വെല്ലുവിളികള്‍ ഉയരുന്നതാണ്. സാമ്പത്തിക സ്ഥിതി മോശമാവില്ല. എന്നാല്‍ മിതവ്യയം അനിവാര്യമായ കാലഘട്ടമാണെന്നും ഓര്‍ക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് ശരിയാംവിധം തയ്യാറെടുപ്പ് നടത്താനാവും. ഗൃഹനിര്‍മ്മാണം/അറ്റകുറ്റത്തിന് കൂടുതല്‍ പണച്ചെലവ് വരുന്നതാണ്.

മൂലം

മകരത്തെക്കാള്‍  ഇഷ്ട ഭാവത്തിലാണ് കുംഭമാസത്തില്‍ ആദിത്യന്‍. തൊഴിലിടത്തില്‍ വളരെ സമാധാനമുണ്ടാവും. മേലധികാരികളുടെ പ്രോല്‍സാഹനം പ്രതീക്ഷിക്കാം. ആരംഭിച്ച കാര്യങ്ങള്‍ തടസ്സം കൂടാതെ പൂര്‍ത്തീകരിക്കും. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേതന വര്‍ദ്ധനവ് ഉണ്ടാകും. പഠനം കഴിഞ്ഞുനില്‍ക്കുന്നവര്‍ക്ക് ആഗ്രഹിച്ച തസ്തികയില്‍ നിയമനം കിട്ടിയേക്കാം. വ്യാപാരത്തിനായി വായ്പകള്‍ പ്രയോജനപ്പെടുത്തും. പിണങ്ങിക്കഴിയുന്ന ഉറ്റവര്‍ വീണ്ടും ഇണങ്ങുന്നതാണ്. ഭൂമി വ്യാപാരം ആദായകരമാവും. സന്താനങ്ങളാല്‍ ശ്രേയസ്സ് പ്രതീക്ഷിക്കാം. ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ കുറയും. ഗൃഹത്തില്‍ സമാധാനം പുലരുന്നതാണ്.

പൂരാടം

ഔദ്യോഗികമായും അനൗദ്യോഗികമായും മെച്ചം വരുന്ന സാഹചര്യമാണ് ഇപ്പോള്‍.  മനസ്സിന്റെ ആലസ്യം നീങ്ങുന്നതായിരിക്കും. നവോര്‍ജ്ജം വന്നെത്തുന്നതാണ്. ചെയ്യുന്ന പ്രവൃത്തികളില്‍ സ്വയം വിശകലനം നടത്താനും തിരുത്തി മുന്നേറാനും മനസ്സൊരുക്കമുണ്ടാവുന്നതാണ്. കാര്യകാരണബന്ധത്തോടെ പ്രവര്‍ത്തിക്കും. ഒപ്പമുള്ളവരുടെ വാക്കുകള്‍ ശ്രവിക്കുന്നതിന് തയ്യാറാവും. പഠനത്തില്‍ ഏകാഗ്രത തെളിയും. തൊഴിലന്വേഷണം സഫലമായേക്കാം. സംഘടനകളില്‍ ആദരിക്കപ്പെടും. വിപണിയെ അറിഞ്ഞുകൊണ്ട് വ്യാപാരതന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. മകന്/മകള്‍ക്ക് കാത്തിരുന്ന ജോലി കൈവരും. ഭാവിയിലേക്കുതകുന്ന നിക്ഷേപങ്ങള്‍ സാധ്യമായേക്കും. ആരോഗ്യപരമായി സ്വാസ്ഥ്യം അനുഭവപ്പെടുന്നതാണ്.

ഉത്രാടം

ധനുക്കൂറുകാര്‍ക്ക് കര്‍മ്മമേഖലയില്‍ മുന്നേറ്റം സാധ്യമാകും. മകരക്കൂറുകാര്‍ക്ക് സമ്മിശ്രമായ ഫലമാവും വരിക. കഠിനാധ്വാനത്തിനും ആത്മാര്‍ത്ഥതക്കും അംഗീകാരം ലഭിക്കാം. സ്വകാര്യ സ്ഥാപനത്തില്‍ നിയമനം കിട്ടുന്നതാണ്. മാനസിക സംഘര്‍ഷത്തിന് അയവുണ്ടാവും. ഗൃഹനിര്‍മ്മാണം പുരോഗമിക്കും. കലാപ്രവര്‍ത്തനത്തിന് പാരിതോഷികം കൈവരും. വിവാഹത്തിലെ തടസ്സം നീങ്ങുന്നതാണ്. യാത്രകള്‍ സന്തോഷമേകും. സുഹൃല്‍ ബന്ധം ദൃഢമാകും. കിടപ്പുരോഗിയായ ബന്ധുവിനെ സഹായിക്കുന്നതാണ്. ധാര്‍മ്മികവും അനുഷ്ഠാനപരവുമായ കാര്യങ്ങള്‍ക്ക് നേരം കണ്ടെത്തും. പാണ്ഡിത്യവും സാങ്കേതിക മികവും പ്രദര്‍ശിപ്പിക്കാന്‍ അവസരം വന്നെത്തുന്നതാണ്.

തിരുവോണം

ജന്മരാശിയില്‍ നിന്നും ആദിത്യന്‍ രണ്ടാം ഭാവത്തിലേക്ക് മാറുന്നത് കുറച്ചൊക്കെ ആശ്വാസപ്രദമാണ്. അലച്ചില്‍ കുറയും. ലക്ഷ്യബോധത്തോടെ ജോലിയില്‍ മുഴുകാനാവും.  ബുധശുക്രന്മാര്‍ രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുകയാല്‍ കുടുംബ സുഖം, വാഗൈ്വഭവം എന്നിവ പ്രതീക്ഷിക്കാം. വീടിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാവുന്നതാണ്. അലങ്കാര വസ്തുക്കള്‍ വാങ്ങും. സുഹൃത്തുക്കളുമായി ഉല്ലസിക്കാന്‍ സന്ദര്‍ഭമുണ്ടാവും. കൂട്ടുകച്ചവടത്തില്‍ നീക്കുപോക്കുകള്‍ ആവശ്യമാണെന്ന് ബോധ്യമായേക്കും. കുടുംബ ബന്ധങ്ങള്‍ ദൃഢമാകാന്‍ വിട്ടുവീഴ്ചകള്‍ക്ക് മുതിരുന്നതാണ്. മകളുടെ ഉപരിപഠനത്തിലെ അവ്യക്തതകള്‍ നീങ്ങുന്നതായിരിക്കും. പുതിയ സംരംഭങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കും.

അവിട്ടം

ജന്മനക്ഷത്രത്തില്‍, ജന്മരാശിയിലായി ആദിത്യനും മറ്റു ഗ്രഹങ്ങളും സഞ്ചരിക്കുന്നത് സമ്മര്‍ദ്ദമുണ്ടാക്കും. ക്ഷോഭം നിയന്ത്രിക്കപ്പെടണം. മത്സരങ്ങളിലും അഭിമുഖങ്ങളിലും വേണ്ടത്ര ശോഭിക്കാനായേക്കില്ല. ന്യായമായ സ്ഥാനക്കയറ്റം അനര്‍ഹര്‍ക്ക് ലഭിക്കുന്നത് വേദനിപ്പിക്കും. ചെറിയ- വലിയ യാത്രകളുണ്ടാവും. സുഹൃത് ബന്ധങ്ങളില്‍ വിള്ളല്‍ വരാം. സാമ്പത്തിക അമളികള്‍ പറ്റാനിടയുണ്ട്. ഭൂമി- വസ്തു തര്‍ക്കങ്ങള്‍ കോടതി കയറാതിരിക്കാന്‍ ജാഗ്രത വേണ്ടതുണ്ട്. നടുവേദന, ഉറക്കക്കുറവ്, സാംക്രമിക രോഗങ്ങള്‍ ഇവ ഉപദ്രവിക്കാം. പാരമ്പര്യ തൊഴില്‍, ഏജന്‍സികള്‍ ഇവയിലൂടെ ധനാഗമം ഉയരുന്നതാണ്. നീതിബോധത്തോടെ പെരുമാറാനാവും.

ചതയം

ജന്മനക്ഷത്രത്തില്‍ രാഹു സഞ്ചരിക്കുന്നുണ്ട്. കുംഭമാസത്തില്‍ ആദിത്യന്‍, ചൊവ്വ തുടങ്ങിയ പാപഗ്രഹങ്ങളും സംക്രമിക്കുകയാണ്. തെറ്റായ തീരുമാനങ്ങള്‍ എടുക്കാന്‍ സമ്മര്‍ദ്ദമുണ്ടാവും. വാഗ്ദാനം പാലിക്കാന്‍ ക്ലേശിക്കും. തൊഴിലിടത്തില്‍ സമാധാനം കുറയുന്നതാണ്. നിലവിലെ ജോലി ഉപേക്ഷിച്ചാല്‍ പുതിയത് കിട്ടാന്‍ വൈകിയേക്കാം. വിദ്യാര്‍ത്ഥികളുടെ പഠനത്തില്‍ മുതിര്‍ന്നവരുടെ ശ്രദ്ധയുണ്ടാവണം. ചെലവ് കൂടുകയാല്‍ കടം വാങ്ങുന്ന പ്രവണത ഏറുന്നതാണ്. കൂട്ടുകെട്ടുകളില്‍ കരുതലുണ്ടാവണം. പ്രണയം സുഗമമായേക്കും. കരാര്‍ ജോലികള്‍ തുടരപ്പെടും. കുടുംബത്തിന്റെ പിന്തുണ പ്രതീക്ഷിക്കാം. ക്ഷോഭം നിയന്ത്രിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

പൂരൂരുട്ടാതി

ആരംഭം കുറിച്ച കാര്യങ്ങള്‍ മെല്ലെയാവും മുന്നേറുക. പലതരം വെല്ലുവിളികളെ നേരിടേണ്ടി വരുന്നതാണ്. തീരുമാനങ്ങളില്‍ പുനപ്പരിശോധനയുണ്ടാവും. ചിലതൊക്കെ മടുപ്പിക്കും. അധികാരികളോട് ചില കാര്യങ്ങളില്‍ എതിര്‍പ്പ് അറിയിക്കേണ്ടി വരുന്നതാണ്. തന്മൂലം ജോലിസ്ഥലത്ത് സൈ്വരം കുറയും. ബിസിനസ്സുകാര്‍ കൂടുതല്‍ പണം മുടക്കരുത്.  ധനകാരസ്ഥാപനത്തില്‍ നിന്നും വായ്പ തിരിച്ചടയ്ക്കാത്തതിന് നോട്ടീസ് കിട്ടാം. രാഷ്ട്രീയത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുവാന്‍ തയ്യാറാവും. സ്ത്രീകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ധനം വന്നെത്താം. ഉല്ലാസയാത്രകള്‍ നടത്തും. കലാരംഗത്തു നിന്നും ധനാഗമത്തിന് സാധ്യത കാണുന്നു.

ഉത്രട്ടാതി

പന്ത്രണ്ടാം ഭാവത്തില്‍ നാലിലധികം ഗ്രഹങ്ങള്‍ സഞ്ചരിക്കുകയാല്‍ ചെലവ് അമിതമാവുന്ന കാലമാണ്. തൊഴിലിടത്തില്‍ സമാധാനം കുറയാം. അര്‍ഹതയുള്ള അവസരങ്ങള്‍ക്കായി കൂടുതല്‍ കാത്തിരിക്കേണ്ടി വന്നേക്കും. നിലവിലെ ജോലി ഉപേക്ഷിക്കരുത്. എന്നാല്‍ അന്യദേശത്ത് പഠിപ്പിനോ ജോലിക്കോ അവസരം ഉദയം ചെയ്യും. ഭൂമി സംബന്ധിച്ച് മാസാദ്യം ഗുണമുണ്ടാവും. സഹോദരന് പ്രൈവറ്റ് സ്ഥാപനത്തില്‍ ശുപാര്‍ശയാല്‍ ജോലി കിട്ടാം. സഹപ്രവര്‍ത്തകരുടെ ഉപജാപങ്ങളെ തിരിച്ചറിയുന്നതാണ്. വെരിക്കോസ്, സന്ധിവാതം മുതലായ രോഗങ്ങള്‍ ഉപദ്രവിക്കാം. ക്ഷേത്രാടനത്തിലൂടെയും സുഹൃല്‍സല്ലാപത്തിലൂടെയും മാനസികാരോഗ്യം ഉയര്‍ത്താം.

രേവതി

മാസാദ്യം ചില നേട്ടങ്ങളുണ്ടായിക്കൂടെന്നില്ല. ആത്മവിശ്വാസം ഉയരുന്നതാണ്. ദൗത്യങ്ങള്‍ വിജയകരമാവും. പഴയ കാല സുഹൃത്തുക്കളുമായി വീണ്ടും ചങ്ങാത്തം പുലര്‍ത്തിയേക്കും. കമിതാക്കള്‍ ഭാവിതീരുമാനങ്ങള്‍ കൈക്കൊള്ളും. കുംഭം പകുതി മുതല്‍ സമ്മിശ്ര ഫലങ്ങളാവും. വഴിനടത്ത മൂലം ക്ലേശമനുഭവിക്കും. മേലധികാരികള്‍ ശരിക്കും കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല എന്ന നിരാശയുണ്ടാവും. കക്ഷിരാഷ്ട്രീയത്തോട് വിരക്തി തോന്നാം. വാഗ്ദാനലംഘനത്തിന് പരിഹസിക്കപ്പെടാം. പ്രവാസികള്‍ക്ക് തൊഴില്‍ രംഗത്ത് തെല്ല് സമ്മര്‍ദ്ദം കുറയാനിടയുണ്ട്. രോഗികള്‍ക്ക് വിദഗ്ദ്ധ ചികില്‍സ ഫലിച്ചേക്കും. സാഹിത്യം, സിനിമ, സംഗീതം തുടങ്ങിയ മേഖലകളില്‍ ശോഭിക്കാനാവും.