/kalakaumudi/media/media_files/2025/11/21/mohini-2025-11-21-20-39-20.jpg)
മഹാമോഹാവതാരം
വിഷ്ണുവിന്റെ മോഹിനി അവതാരം മിഥ്യ, വിദ്യ, തന്ത്രം, സൗന്ദര്യം, ആകര്‍ഷണം, മോഹനം, വശ്യം എന്നിവയെ സൂചിപ്പിക്കുന്നു. എന്നാലൂം മോഹിനിദേവിയെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നു. മായ ഒരു രൂപത്തേക്കാള്‍ ഉയര്‍ന്നതും ചിന്തയെ സ്വാധീനിക്കാന്‍ ശേഷി ഉള്ളതുമാണ്. മായയാല്‍ പലതലങ്ങളിലും നിലകൊള്ളുന്നു.
അതില്‍ വിഷ്ണു ഭഗവാനുമായി ബന്ധപെട്ട് രണ്ടു തരം മായകള്‍ പ്രധാനമായും നിലകൊള്ളുന്നു. യോഗം, സിദ്ധി എന്നിവ ഉള്‍കൊള്ളുന്ന മായയെ യോഗമായയെന്നും മോഹം, ബുദ്ധി എന്നിവ ഉള്‍കൊള്ളുന്ന മായയെ മോഹമായ എന്നും പറയപ്പെടുന്നു. ഭാഗവത പുരാണമനുസരിച്ച് ഇന്ദ്രന്റെ ഉചിതമല്ലാത്ത പ്രവര്‍ത്തിയെ ആസ്പദമാക്കി ദുര്‍വ്വാസാവ് മഹര്‍ഷി ദേവന്മാരെ ശപിക്കുന്നു.
'ദേവാര്‍ജിതമായവ നഷ്ടപെടട്ടെ' എന്ന ശാപത്തെ തുടര്‍ന്ന് ദേവന്മാരില്‍ നിന്നും 'അമര, ഗാംഭീര്യ, ശ്രീ, സമ്പൂര്‍ണപുഷ്ടി, നക്ഷത്ര, സുഖ, സൗഖ്യ, ആഗ്രഹ, വര്‍ണ, ബുദ്ധി, രസ, ചിന്ത, നാദ, ആയുധ, സൗന്ദര്യ, ജയ' എന്നീ ഗുണങ്ങള്‍ നഷ്ടമാകുകയും പാലാഴിയില്‍ ലയിക്കുകയും ചെയ്തു. ദേവഭാഗത്തെ ദുര്‍ബലത, അസൂയ ബാധിക്കും എന്ന് മനസിലാക്കിയ അസുര സാമ്രാട്ടായ ബെലി ദേവഭാഗത്തെ ചുമതലകള്‍ കൂടി വഹിച്ചു. ഇതുമനസ്സിലാക്കിയ ഇന്ദ്രന്‍ പാലാഴി മദന പ്രക്രിയയിലൂടെ ഗുണങ്ങളെ നേടി എടുത്താല്‍ അവ ത്രിമൂര്‍ത്തി സമക്ഷം വീതിച്ചു നല്‍കാമെന്ന് വാക്ക് നല്‍കി.
തുടര്‍ന്ന് ഇരുവരും തൃദേവന്മാരുടെ സഹായത്താല്‍ മദനപ്രക്രിയ ആരംഭിക്കുകയും ഗുണങ്ങള്‍ അര്‍ച്ചിക്കുകയും ചെയ്യുന്നു. അവസാന ഘട്ടമായ ധന്വന്തരീ വിദ്യയിലൂടെ അമൃതം ആര്‍ജിക്കവേ അസുരന്‍ സാമ്രാട്ടായ ബലി അമൃതം ആവാഹിച്ച് അസുരര്‍ക്കു നല്‍കി 'ദേവന്മാരുടെ കര്‍മ്മമാണ് അവരെ ദുര്‍ബലരാക്കി മാറ്റിയതെന്നും അതിനാല്‍ അസുരന്മാര്‍ നിര്‍ദോഷികളാണ്.
സമയോചിതമായി വൈരം മറന്നുകൊണ്ട് ദേവന്മാരെ സഹായിച്ച അസുരരാണ് യോഗ്യര്‍ എന്ന് ബലി അവകാശപ്പെട്ടു.' യുക്ത്യനുസൃതമായതിനാല്‍ ബ്രഹ്‌മാവും രുദ്രനും മൗനം പാലിച്ചു. എന്നാല്‍ ധര്‍മ്മ കര്‍മ്മദികളെ സംരക്ഷിക്കാന്‍ ദേവന്മാര്‍ അമരഗുണാരാകണം എന്നതിനാല്‍ ദേവന്മാര്‍ വിഷ്ണുവിനോട് സഹായം തേടി.
ദേവന്‍മാരുടെ ഈ അവസ്ഥയില്‍ നിന്നും രക്ഷിക്കുന്നതിനായി മഹാവിഷ്ണു തന്നില്‍ അടങ്ങിയ മനോജ്ഞത കലകളില്‍ ഗുപ്തമായി സൂക്ഷ്മാവസ്ഥയില്‍ നിലകൊള്ളുന്ന മോഹ മായയെ സ്ഥൂലാവസ്ഥയിലേക്കു പ്രതിഫലിപ്പിച്ചുകൊണ്ടു മോഹിനിരൂപം കൈകൊള്ളുന്നു. തുടര്‍ന്ന് അസുരന്മാരെ സ്വാധീനിക്കുകയും അമൃത് ദേവന്മാരിലേക്കു എത്തിക്കുകയും ചെയ്തു.
മോഹിനിദേവതയെ കുറിച്ച് മഹാഭാരതം, ഭാഗവതപുരാണം, പദ്മ പുരാണം, ബ്രഹ്‌മാണ്ഡ പുരാണം എന്നി പുരാണങ്ങളില്‍ പ്രതിപാദിക്കുന്നു. മഹാമോഹമായ ദേവിയെ സിദ്ധവശ്യം, ക്രിയാവശ്യം, മന്ത്രവശ്യം, ദേവതാവശ്യം രാജ-മഹാരാജ വശ്യം എന്ന വശ്യ, മോഹന, ആകര്‍ഷണ കര്‍മ്മങ്ങളില്‍ മാന്ത്രികര്‍ ഉപയോഗികുമ്പോള്‍ സിദ്ധ താന്ത്രികര്‍ മോഹത്തില്‍ നിന്നുള്ള മോചനത്തിനായും മോഹ രഹിത പാതയില്‍ ജീവിച്ചുകൊണ്ട് മോക്ഷപാതയിലൂടെ സഞ്ചരിക്കുവാന്‍ വേണ്ടിയും സാധന ചെയ്ത് ആരാധിച്ചു പോകുന്നു. മഹാമോഹ സാധനാവിദ്യയുടെ സഹായത്താല്‍ മറ്റു ദേവതകളെ വശീകരിക്കാനും വശ്യപ്രീതിലൂടെ അനുഗ്രഹങ്ങള്‍ നേടാനും കഴിയും.
മോഹ ഖണ്ഡനത്തിനായി രാജാക്കന്മാരും, വശ്യ സൗന്ദര്യത്തിനായി റാണിമാരും, മനോ, ബുദ്ധി, വാക്, മന സ്വാധീനത്താല്‍ കാര്യാ സാധ്യത്തിനായി കലാകാരന്‍മാരും മോഹിനീ ദേവിയെ ഉപാസിച്ചിരുന്നതായി പറയപ്പെടുന്നു. സ്വര്‍ഗ്ഗീയകന്യക, സ്ഫടികകന്യാരൂപി എന്ന് അര്‍ദ്ധം വരുന്ന ശിലാബാലിക എന്ന നാമത്തിലും ശിവ രഞ്ജിനി ഭാവത്തില്‍ മഹാലസ എന്ന നാമത്തിലും മോഹിനീ ദേവി അറിയപ്പെടുന്നു.
യജ്ഞേശ്വരന്‍ വിഷ്ണുവിന്റെ ത്യാഗ തത്വ അവതാരം
പുരാണങ്ങളെ ആസ്പദമാക്കി യജ്ഞേശ്വരന്‍ മഹാവിഷ്ണുവിന്റെ അവതാരമാണ്. സ്വയംഭൂ മനുവിന്റെ മകളായ ഔക്തിയുടേയും പ്രജാപതികളില്‍ ഒരാളായ രുചിയുടെയും മകനാണ് യജ്ഞേശ്വരന്‍. സയംഭൂവ മന്വന്തരത്തില്‍ ലോക നന്മക്കു വേണ്ടി യജ്ഞേശ്വരന്‍ ഇന്ദ്രനായി ചുമതലയേറ്റ് സേവനം അനുഷ്ടിച്ചതായി പുരാണങ്ങള്‍ വ്യക്തമാകുന്നു.
പ്രജാപതിമാരേയും മനുക്കളേയും സംരക്ഷിക്കുവാനും പ്രപഞ്ചത്തിന്റെ തുല്യതയെ സംരക്ഷിക്കുവാനും ധാര്‍മ്മിക മൂല്യങ്ങള്‍, സഹായകത, ത്യാഗം എന്നിവയെ സൂചിപ്പിക്കുന്നതിനായും അവതാരമെടുത്ത വിഷ്ണു ഭഗവാനാണ് യജ്ഞേശ്വരന്‍. യാഗ, ഹോമാചാര പ്രകാരം ഹോമകുണ്ഡം ഒരു കവാടമായി കണക്കാക്കപ്പെടുന്നു. ജ്വലിക്കുന്ന ഒരു ഹോമകുണ്ഡത്തില്‍ ഒരു ദേവതയെ ആവാഹിച്ചാല്‍ ആ കുണ്ഡം ദേവതയിലേക്ക് ഒരു നാളി സൃഷ്ടിക്കുന്നു.
തന്മൂലം ഹോമകുണ്ഡത്തില്‍ അര്‍പ്പിതമായ വസ്തു ഊര്‍ജാവസ്ഥയില്‍ ദേവതയിലേക്ക് എത്തുന്നു. യാഗ, ഹോമങ്ങളില്‍ നാം അര്‍പ്പിക്കുന്ന വസ്തുക്കള്‍ ഭഗവാനു വേണ്ടി നാം ആചരിക്കുന്ന ത്യാഗത്തെ സൂചിപ്പിക്കുന്നു. നമുക്ക് അമൂല്യമായതെന്തോ അത് ഭഗവാനു സമര്‍പ്പിക്കുന്ന രീതിയാണത്.
ഹോമകുണ്ഡത്തില്‍ അര്‍പ്പിക്കുന്ന വസ്തുക്കള്‍.
ത്യാഗസൂചകമായതിനാല്‍ ത്യാഗദേവനായ യജ്ഞേശ്വരന്‍ മൂലം ദ്രവ്യങ്ങള്‍ അതാത് ദേവതയിലേക്ക് കല്പിതമായ നാളി മുഖേന എത്തിക്കുന്നു. തന്മൂലം ദേവതമാര്‍ സംപ്രീതരായിക്കൊണ്ട് ഫലം നല്‍കുന്നു. തത്വമായി ചിന്തിച്ചാല്‍ ഒരു ഹോമകുണ്ഡം യോനിയായി കണക്കാക്കുന്നു. ചതുരശ്ര, പത്മ, ത്രികോണ, ശദശ്ര എന്നിങ്ങനെ കുണ്ഡങ്ങള്‍ പലതരത്തില്‍ നിര്‍മ്മിക്കാറുണ്ട്. അതില്‍ യോനീകുണ്ഡവും ഉള്‍പ്പെടുന്നു. യോനിയെ ഹോമകുണ്ഡമായി കണക്കാകുമ്പോള്‍ അണ്ഡത്തെ ദേവതയായി കണക്കാക്കപ്പെടുകയും ബീജത്തെ ആഹുതിയായും കണക്കാക്കുന്നു. ഒരു അണ്ഡത്തിലേക്ക് ബീജം പ്രവേശിക്കുമ്പോള്‍ ഒരു പ്രകാശം ഉത്ഭവിക്കുന്നു.
ഇതിനെ ( zinc spark) എന്ന് വിളിക്കുന്നു ഇത് യജ്ഞേശ്വരനായി കണക്കാക്കപ്പെടുന്നു. മഹാവിഷ്ണുവിന്റെ വൈഭവ അവതാരങ്ങളില്‍ പെടുന്ന യജനന്‍ ദക്ഷിണ ദേവിയെ വിവാഹം ചെയ്യുകയും അവര്‍ ഇരുവര്‍ക്കും 'തോഷാ, പ്രതോഷാ, സന്‍തോഷാ, ഭദ്രം, ശാന്തി, ഇദാസപതി, ഇദ്മാ, കവി, വിഭു, സ്വാഹനം, സുദേവ, രോകനാ' എന്ന് 12 സന്താനങ്ങള്‍ ഉണ്ടായി ഇവരെ തുഷിത ദേവതകള്‍ എന്ന് അറിയപ്പെടുന്നു. പ്രപഞ്ചത്തില്‍ ഏതൊരു വസ്തു പരിത്യാഗം ചെയ്യപെട്ടാലും അതില്‍ യജ്ഞേശ്വരന്‍ കുടികൊളുന്നു. കര്‍മ്മ ചക്രം ഉരുളുമ്പോള്‍ പരിത്യാഗത്തിന്റെ ഫലം യജ്ഞേശ്വരന്‍ നമ്മിലേക്ക് എത്തിക്കുന്നു.
ഹയഗ്രീവ അവതാരവും ശ്രീ ലളിതാ
സഹസ്രനാമസ്തോത്രത്തിന്റെ ഉത്ഭവവും
ഭാഗവതപുരാണം, ഗരുഡപുരാണം, വിഷ്ണു ധര്‍മോത്തര പുരാണം, മഹാഭാരതം, മത്സ്യ പുരാണം, ദേവിഭാഗവതപുരാണം, സ്‌കന്ദപുരാണം എന്നീ പുരാണങ്ങള്‍ പ്രകാരം ഹയഗ്രീവ നാമധാരികളായ ഒന്നിലധികം മൂര്‍ത്തികള്‍ ഉത്ഭവിച്ചിട്ടുള്ളതായി പറയപ്പെടുന്നു. ഹയഗ്രീവന്‍ അഥവാ ഹയം എന്നാല്‍ കുതിര ഗ്രീവം എന്നാല്‍ ശിരസ്സ് എന്നാണ് അര്‍ത്ഥം.
ഹയഗ്രീവന്‍ എന്ന നാമത്തില്‍ കൃഷ്ണനാല്‍ വധിക്കപ്പെട്ട കേശി, വിഷ്ണുവാല്‍ വധിക്കപ്പെട്ട കശ്യപ പുത്രന്‍ ഹയഗ്രീവന്‍ നരകാസുരന്റെ രാജ്യം സംരക്ഷിച്ചുപോന്ന പഞ്ചശിരസുള്ള മുര എന്ന അസുരനുള്‍പ്പടെ മൂന്നു അസുരന്മാരും ഒരു രാജാവും അശ്വനീ കുമാരന്‍മാരില്‍ നിന്നും ഹയ ശിരസ്സ് ലഭിച്ച ദദ്യാന്‍സി എന്ന ഋഷിയും വൈഷ്ണവ അവതാര ഹയഗ്രീവന്‍ എന്ന ധര്‍മ സ്വരൂപവും ഉണ്ട്. വിഷ്ണു അവതാരമായ ഹയഗ്രീവ മൂര്‍ത്തിയുടെ കഥാ ഭാഗം പ്രദിപാദിക്കുന്നത് ഇങ്ങനെ.
കശ്യപ മഹര്‍ഷിക്കും ധനു ദേവിക്കും അതിബുദ്ധിമാനും അതികായനായ ഒരു പുത്രന്‍ ജനിക്കുന്നു അവനെ കശ്യപ തനയ ഹയഗ്രീവദാനവന്‍ എന്ന് അറിയപ്പെട്ടു. ദാനവന്‍മാരുടെ മാതാവായ ധനു ദേവി തന്റെ പുത്രനായ ഹയഗ്രീവനെ ശുക്രാചാര്യരുടെ ശിക്ഷണത്തില്‍ ദാനവരുടെ രാജാവായി ഉപരോധിച്ചു. തന്റെ സഹോദരങ്ങളെ അടിച്ച അമര്‍ത്തുന്നു ദേവന്മാരെയും അസുരന്മാരെയും പിന്തള്ളിക്കൊണ്ടു ദാനവ മുന്‍ഗണന സാധകമാക്കാന്‍ വേണ്ടി ദാനവ ഹയഗ്രീവന്‍ ആദിശക്തിയെ തപം ചെയ്തു. കഠിനമായ തപസിനൊടുവില്‍ ദേവി മഹാദുര്‍ഗ്ഗ രൂപത്തില്‍ പ്രത്യക്ഷയായി.
അമരത്വം ആവശ്യപെട്ടാല്‍ ദേവി കുപിതയാകും എന്ന് മനസിലാക്കിയ ഹയഗ്രീവന്‍ മറ്റൊന്ന് ആവശ്യപ്പെട്ടു. 'ഒരു ഹയഗ്രീവനായ എന്നെ മറ്റൊരു ഹയഗ്രീവന്‍ മാത്രമേ വധിക്കാവൂ' നിലവില്‍ തന്നെ കൂടാതെ മറ്റു ഒരു ഹയഗ്രീവനും ഇല്ല എന്ന് അവന് ബോധ്യം ഉണ്ടായിരുന്നു. ദേവി വരം നല്‍കുകയും ഹയഗ്രീവന്‍ അമരനായി തീരുകയും ചെയ്തു. വര സിദ്ധിയോടെ തിരികെ എത്തുന്ന ഹയഗ്രീവന്‍ ദാനവന്മാര്‍ക്ക് താന്‍ ആര്‍ജിച്ച വിദ്യകള്‍ പകര്‍ന്നുകൊടുക്കുകയും ശുക്രാചാര്യരുടെ സഹായത്തോടെ അവരെ കഠിനമായി പരിശീലിപ്പിച്ച് ഒരു മഹാ സേന നിര്‍മിക്കുകയും ചെയ്തു.
എന്നാല്‍ ശുക്രാചാര്യരുടെ വാക്കുകളെ തള്ളിക്കളഞ്ഞു കൊണ്ട് യക്ഷ, കിന്നര, ദേവ, അസുര, ഗന്ധര്‍വ ലോകങ്ങളില്‍ അവന്‍ പ്രചണ്ഡമായ യുദ്ധം അഴിച്ചുവിടുന്നു. ഹയഗ്രീവനെ തടയാന്‍ എത്തിയ ദേവരാജന്‍ ഇന്ദ്രനും, അതിബല എന്ന യക്ഷ സൈന്യവും ദയനീയമായി പരാജയപെടുന്നതോടെ ദേവന്മാര്‍ ഭഗവാന്‍ മഹാ വിഷ്ണുവിനെ അഭയം പ്രാപിക്കുന്നു. ഭഗവാന്‍ വിഷ്ണു തന്റെ പഞ്ചായുധങ്ങളായ സുദര്‍ശനചക്രം, പാഞ്ചജന്യ ശംഖ്, കൗമോദകി ഗദ, നന്ദക ഖഡ്ഗം, സാരംഗി ധനുസ് എന്നിവ ഏന്തി രണഭൂമിയില്‍ എത്തി. വിഷ്ണു ഭഗവാന്റെ നേതൃത്വത്തില്‍ യുദ്ധം ആരംഭിച്ചു.
വിഷ്ണു ഭഗവാനും ഹയഗ്രീവനും തമ്മില്‍ നേര്‍ക്കു നേര്‍ ഏറ്റുമുട്ടുകയും അത് ഘോരയുദ്ധത്തിനു വഴിയൊരുക്കുകയും ചെയ്തു. കാലങ്ങളോളം യുദ്ധം തുടര്‍ന്നു. ഹയഗ്രീവന്‍ പലപ്പോഴായി പരാജിതനായി എങ്കിലും വരബലത്താല്‍ വിഷ്ണു ഭഗവാന് അവനെ വധിക്കുവാന്‍ സാധിച്ചില്ല. വിഷ്ണു ഭഗവാന്‍ യുദ്ധത്തില്‍ തളര്‍ന്നു തുടര്‍ന്ന് വൈകുണ്ഠത്തിലേക്ക് മടങ്ങി. സര്‍വായുധ ധാരിയായി തന്നെ അദ്ദേഹം യോഗനിദ്രയിലേക്കു കടന്നു. ഇതുകണ്ട ദേവന്മാര്‍ വ്യാകുലരായി അദ്ദേഹത്തെ നിദ്രയില്‍ നിന്നും ഉണര്‍ത്താന്‍ ശ്രമിച്ചു എന്നാല്‍ പരാജിതരായി.
ദേവന്മാര്‍ ബ്രഹ്‌മാവിനോട് മാര്‍ഗനിര്‍ദേശം തേടി. മറ്റു ലോകങ്ങള്‍ കീഴടക്കിയ ഹയഗ്രീവന്‍ ഒരുനാള്‍ ബ്രഹ്‌മ ലോകത്തിന്റെ കാവാടത്തിലും എത്തും എന്ന് മനസിലാക്കിയ ബ്രഹ്‌മാവ് ശോഷണ വിദ്യയിലൂടെ ചിതലുകള്‍ക്കു ജന്മം നല്‍കി. വിഷ്ണു ഭഗവാന്‍ തന്റെ സാരംഗി ധനുസ്സില്‍ തല ചേര്‍ത്ത് ഇരിക്കുകയായതിനാല്‍ ശരീരത്തിന് ചലനം സംഭവിക്കുക അസാധ്യം.
എന്നാല്‍ സാരംഗി ധനുസ്സിന്റെ ഞാണ്‍ മുറിഞ്ഞാല്‍ ധനുസ്സ് ചലിക്കുകയും നിദ്രയില്‍നിന്നു ഭഗവാന്‍ ഉണരുകയും ചെയ്യുമെന്ന് ബ്രഹ്‌മാവ് അരുളി. ഞാണ്‍ മുറിക്കുവാനായി ജീര്‍ണത ശക്തിയില്‍ നിന്നും ഉത്ഭവിച്ച ശോഷണകരായ ചിതലുകള്‍ വൈകുണ്ഠത്തിലെത്തി ഞാണ്‍ മുറിക്കുവാന്‍ ആരംഭിച്ചു. നിമിഷങ്ങള്‍ക്കകം ഉഗ്ര ശബ്ദത്തില്‍ ധനുസിന്റെ ഞാണ്‍ അറ്റുമാറി. എന്നാല്‍ ഭയാനകമായ വേഗത്തില്‍ പൊട്ടി വന്ന ഞാണ്‍ ഭഗവാന്റെ ശിരസിനെ മുറിച്ചു.
ശിരസ്സ് ക്ഷീര സാഗരത്തില്‍ പതിച്ച് അപ്രത്യക്ഷമായി. കബന്ധം രൂപത്തില്‍ യോഗ നിദ്രയില്‍ നിലകൊണ്ട ഭഗവാന്റെ രൂപം കണ്ടു ദേവന്മാരും ബ്രഹ്‌മാവും ഭയന്നു. അവര്‍ പരാശക്തിയെ ശരണം പ്രാപിച്ചു. ദേവി പ്രത്യക്ഷയായി ഈ അവസ്ഥക്ക് കാരണം നാം തന്നെയാണെന്നും ഇതിന്റെ ഫലമെന്തായാലും അത് സ്വീകരിക്കാന്‍ തയ്യാറാണെന്നും ബ്രഹ്‌മാവ് പറഞ്ഞു. ഇത് കേട്ടു പുഞ്ചിരിച്ചു ദേവി അവരോടു 'യാതൊന്നും കാരണമില്ലാതെ സംഭവിക്കുകയില്ല എന്നും. വിഷ്ണു ഭഗവാന്‍ പരാശാക്തിയെ തന്നെയാണ് തപസ്സു ചെയ്തതെന്നും ദേവി അരുളി.
ദാനവഹയഗ്രീവന്‍ തപസ്സിനായി ഉള്‍കൊണ്ട സമയം വിഷ്ണു ഭഗവാന് വെറും ഒരു ക്ഷണ നേരം മാത്രം. ശിരസ്സ് മുറിഞ്ഞതോടെ തപസ്സ് സഫലം. ശോഷണകാരിയായ ചിതലുകളെ പോലെ ഒരു നിശ്ചിത കാല അളവില്‍ തപം ചെയുന്ന വസ്തുവിന് രണ്ടു തത്വങ്ങളാല്‍ മാറ്റം സംഭവിക്കുന്നു. ചില വസ്തുക്കള്‍ ജീര്‍ണിക്കുന്നു മറ്റു ചിലത് പ്രണമിക്കുന്നു. മണ്ണില്‍ ജീവിക്കുന്ന ചിതലുകള്‍ ഒരുനാള്‍ ചിറകു വെച്ച പറന്ന് ഉയരുന്നു. ഇപ്രകാരം തന്നെ വിഷ്ണു ഭഗവാനും മാറ്റം വരാന്‍ പോകുന്നു. ഇതുകേട്ട ദേവന്മാര്‍ വിഷ്ണു ഭഗവാന്റെ ശിരസ്സ് അറ്റുപോകാന്‍ കാരണമായ ശോഷണ വിദ്യയെ ആഭിചാരവിദ്യയുടെ ഭാഗമാക്കി.
ദേവി ഇന്ദ്രനോടും സൂര്യനോടും അവര്‍ ഇരുവരുടെയും വാഹനമായ ഉച്ചൈഹശ്രവസ്നെ കൊണ്ടുവരാന്‍ പറഞ്ഞു. സപ്ത വര്‍ണങ്ങളില്‍ കാണപ്പെടുന്ന സപ്ത ശിരസുകളുള്ള സപ്ത ഛന്ദസുകളായ ഗായത്രി, ബ്രിഹതി, ഉഷ്ണിഹ്, ജഗതി, ത്രിഷ്ടുഭ, അനുഷ്ടുഭ, പംക്തി എന്നിവയുടെ ഉറവിടമായ ഉച്ചൈഹശ്രവസിന്റെ ഏഴ് ശിരസുകളെ ഒന്നിപ്പിച്ചുകൊണ്ടു ഒരു വെളുത്ത അശ്വത്തിന് ദേവി ജന്മം നല്‍കി ആ അശ്വതിന്റെ ശിരസ്സ് വിഷ്ണു ഭഗവാന്റെ കബന്ധത്തിനോട് ചേര്‍ത്തുവെച്ചു. ബ്രഹ്‌മാവ് ആ രൂപത്തിന് ജീവന്‍ നല്‍കി. നിദ്രയില്‍നിന്നും ഉണര്‍ന്ന ഭഗവാന്‍ ഹയഗ്രീവന്‍ യുദ്ധത്തില്‍ ദാനവ ഹയഗ്രീവക്കനെ വധിച്ചു. ധര്‍മത്തെ വീണ്ടെടുത്തു.
ദാനവ ഹയഗ്രീവന്റെ ആക്രമണത്തില്‍ നഷ്ടമായതെല്ലാം തിരിച്ച് നേടുവാനുള്ള ഉപായത്തിനായി ഹയഗ്രീവ മൂര്‍ത്തിയായ വിഷ്ണു ഭഗവാന് മാതാവായ പരാശക്തിയായ ലളിതാ ദേവിയോട് അപേക്ഷിച്ചു. ദേവന്മാരോട് ദേവി തന്റെ ആയിരം നാമങ്ങള്‍ അഷ്ട വാക് ദേവതമാരുടെ സഹായത്താല്‍ രചിച്ച് ഹയഗ്രീവ ഭഗവാന് നല്‍കി. ഹയഗ്രീവ ഭഗവാന്‍ അത് അഗസ്ത്യ മുനിക്ക് നല്‍കി. ഈ മഹാഗ്രന്ഥം ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം എന്ന നാമത്തില്‍ അറിയപ്പെടുന്നു.
ശ്രീഹരി നാരായണന്‍ പോറ്റി
കൂവരക് വിള, ഗണപതിനട ക്ഷേത്രത്തിന്
പടിഞ്ഞാറ് വശം.ആലംകോട് പി. ഒ
ആറ്റിങ്ങല്‍, തിരുവനന്തപുരം -695102
ഫോണ്‍- 9895844261
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
