ആത്മജ്ഞാനത്തിന്റെ മഹാശിവരാത്രി

മനുഷ്യരിലെ ആത്മീയ ശക്തി ഉണര്‍ത്തുവാന്‍ അനുയോജ്യമായ സമയമാണ് മഹാശിവരാത്രി നാളിലെ ഗ്രഹങ്ങളുടെ നില. വ്രതം, ജപം, യോഗ, ധ്യാനം എന്നീ സാധനകള്‍ക്കെല്ലാം പൂര്‍വ്വാധികം ഫലം ലഭിക്കുന്ന അവസരം കൂടിയാണിത്.

author-image
Biju
New Update
hdHh

മകരക്കുളിരില്‍ വിറങ്ങലിച്ച പ്രകൃതിയെ ഊഷ്മളമാക്കാന്‍ ഫാല്‍ഗുനമാസം പിറന്നു. മഹാശിവരാത്രിയുടെ വ്രതപുണ്യത്തിനായി ഭക്തര്‍ ജാഗരൂഗരായി. കുംഭമാസത്തിലെ ത്രയോദശിയും ചതുര്‍ദ്ദശിയും അതീവ പുണ്യദിനങ്ങളാണ്. ചന്ദ്രന്റെ വൃദ്ധിക്ഷയം പൂര്‍ണ്ണമാകുന്നത്തിന്റെ (അമാവാസി )തലേ ദിവസമാണ്, വര്‍ഷത്തിലൊരിക്കല്‍ മഹാശിവരാത്രി ആഘോഷിക്കുന്നത്. ചിലവര്‍ഷങ്ങളില്‍ പ്രദോഷത്തോടു ചേര്‍ന്നും ശിവരാത്രിവരുന്നുണ്ട്.

മനുഷ്യരിലെ ആത്മീയ ശക്തി ഉണര്‍ത്തുവാന്‍ അനുയോജ്യമായ സമയമാണ് മഹാശിവരാത്രി നാളിലെ ഗ്രഹങ്ങളുടെ നില. വ്രതം, ജപം, യോഗ, ധ്യാനം എന്നീ സാധനകള്‍ക്കെല്ലാം പൂര്‍വ്വാധികം ഫലം ലഭിക്കുന്ന അവസരം കൂടിയാണിത്. ശിവഭഗവാന്റെ കരുണാര്‍ദ്രമായ കടാക്ഷത്താല്‍ അനുഗ്രഹിക്കപ്പെട്ടതാണീ പവിത്രദിനം. ഈ പുണ്യ ദിനത്തില്‍ വ്രതനിഷ്ഠയോടെ അഹോരാത്രം ശിവ പഞ്ചാക്ഷരി ജപിച്ചിരിക്കണമെന്നതാണ് ആചാര്യ മതം.

ഭൂമണ്ഡലത്തിന്റെ ഉത്തരഭാഗത്തുനിന്നുമുള്ള ഊര്‍ജപ്രവാഹം ഈ പുണ്യദിനത്തില്‍ മനുഷ്യരിലേക്കും വ്യാപിച്ച് ആത്മബോധത്തെ ഉണര്‍ത്താന്‍ സഹായകമാകുന്നു. അതിനാലാണ് പൂര്‍വികര്‍ ശിവരാത്രിനാളില്‍ ജാഗരണം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഉണര്‍ന്നു നിവര്‍ന്നിരിക്കുന്നവരുടെ നട്ടെല്ലിലൂടെ ഈ ഊര്‍ജപ്രവാഹം നിര്‍ബാധം കടന്നു പോകുമ്പോള്‍ നമ്മളില്‍ മന്ദീഭവിച്ചിരിക്കുന്ന ആത്മീയശക്തി ഉണരുന്നതിനു സഹായകമാകുന്നു. ഒരേ സമയം ജ്ഞാനവും പുണ്യവും നേടാന്‍ കഴിയുന്ന മംഗളമുഹൂര്‍ത്തമാണിത്. ഭോഗലാലസവെടിഞ്ഞ് വ്രതശുദ്ധിയോടെ ജാഗരണം ചെയ്ത് ജപ ധ്യാനാദികളില്‍ മുഴുകണമെന്നതാണ് ശിവരാത്രിയുടെ സന്ദേശം.

ഓരോ കാലത്തും മനസ്സിലടിഞ്ഞു കൂടുന്ന അജ്ഞാനാന്ധകാരത്തെയകറ്റി, വിജ്ഞാനത്തിന്റെ ജ്യോതിസ്സ് നിറയുന്ന തിരിച്ചറിവിന്റെ വേളയാണിത്. അറിഞ്ഞോ അറിയാതേയോ തെറ്റു കുറ്റങ്ങള്‍ ചെയ്തിട്ടില്ലാത്തവര്‍ വിരളമാണ്. തെറ്റില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മനസ്സിനെ നേരായ മാര്‍ഗത്തിലേക്ക് നയിക്കുവാന്‍ ആത്മീയ ചോദന പകരുന്ന അവസരവുമാണിത്.

ശിവരാത്രി വ്രതമനുഷ്ഠിക്കുന്നവരുടെ ജന്മജന്മാന്തര പാപങ്ങളകന്ന് മരണാനന്തരം മോക്ഷം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ദുഷ്‌കര്‍മ്മവശാല്‍ ഭവിച്ചിട്ടുള്ള പാപങ്ങള്‍ മാറാനും ഗുരുഭൂതന്മാരുടെ മനഃസ്താപങ്ങളകറ്റുന്നതിനും പര്യാപ്തമാണ് ശിവരാത്രി വ്രതം. ഭഗവദ്കൃപയാല്‍ മനസിലെ കാലുഷ്യഭാവമകന്ന് സ്വച്ഛവും ശാന്തവുമാകുന്നു. അഹംബോധം കൈവിട്ട് ശുദ്ധബോധമുണരുന്നു.നിഷ്ഠയോടെ വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് ലൗകികാസക്തി വെടിയാനും പ്രലോഭങ്ങളെ അതിജീവിക്കുവാനും കഴിയുന്നു . കോപം, അത്യാഗ്രഹം, നിഷേധാത്മക പ്രവണതകള്‍ എന്നിവയെല്ലാം തന്നെ നിയന്ത്രിക്കുവാന്‍ മനസ്സിന്റെ സംയമനം കൊണ്ട് ഇവര്‍ക്കു സാധിക്കുന്നു.

ശിവരാത്രി വ്രതാനുഷ്ഠാനത്തില്‍ പ്രാതസ്നാനം ഉപവാസം, ജപം, ജാഗരണം എന്നിവ ആചാര്യന്മാര്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളതാകുന്നു.സ്വഗൃഹത്തിലോ, ശിവാലയങ്ങളിലൊ, പുണ്യവാഹിനി തീരത്തോ 'ഓം നമഃശിവായ' ജപിച്ചിരിക്കുന്നത് ആത്മചൈതന്യം വര്‍ധിപ്പിക്കുവാന്‍ ഉതകുന്നതാണ്. സമ്പൂര്‍ണ ഉപവാസത്തോടെയോ അതിനു കഴിയാത്തവര്‍ ഭാഗികമായി അവരവരുടെ ആരോഗ്യസ്ഥിതിയനുസരിച്ച് ഇളനീര്‍, പാല്‍, പഴം ഇവ സേവിച്ചോ വ്രതം അനുഷ്ഠിക്കാവുന്നതാണ്. ശിവരാത്രിയുടെ തലേ നാള്‍ മുതല്‍ വ്രതാരംഭം കുറിക്കേണ്ടതാണ്. അന്ന് ഒരു നേരം അരിയാഹാരമാവാം. 

ശിവക്ഷേത്ര ദര്‍ശനം നടത്തി ഭഗവാന്റെ വെള്ളനിവേദ്യം കഴിക്കുന്നത് ഉത്തമമാകുന്നു. വ്രതകാലങ്ങളില്‍ യാതൊരുവിധ ലഹരി വസ്തുക്കളും ഉപയോഗിക്കുവാന്‍ പാടുള്ളതല്ല. ശാരീരിക സുഖങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാതെ ഈശ്വരചിന്തകള്‍ക്ക് പ്രാധാന്യമേകണം. അനാവശ്യമായ സംസാരവും, തര്‍ക്കങ്ങളും, പരദൂഷണവും നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്. ഇത്തരം പ്രവണതകള്‍ മനസ്സിന്റെ നീചത്വം വര്‍ധിപ്പിച്ചു നാശത്തിലേക്കു നയിക്കുന്നു. മഹാമൃത്യുഞ്ജയ മന്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതു പോലെ എപ്രകാരമാണോ ഒരു വെള്ളരി അതിന്റെ തായ് ചെടിയില്‍ നിന്നും പൊട്ടി അടര്‍ന്നു പോകുന്നത്, അതുപോലെ മനുഷ്യരും ബന്ധബന്ധനങ്ങളില്‍ നിന്നും അകന്നു നില്‍ക്കുവാന്‍ പരിശീലിക്കേണ്ടതാണ്. അതിനായി ഭഗവാന്റെ പാദാരവിന്ദത്തില്‍ അഭയം പ്രാപിക്കാം.

ശിവരാത്രിക്കാലത്ത് പിതൃപ്രീത്യര്‍ത്ഥം ബലികര്‍മ്മങ്ങള്‍ ചെയ്താല്‍ അത് സമ്പൂര്‍ണവും സഫലവുമാകുന്നു. ഏതെങ്കിലും കാരണംകൊണ്ട് പിതൃശ്രാദ്ധം മുടങ്ങിപ്പോയിട്ടുണ്ടെങ്കില്‍, അത് ശിവരാത്രിയിലനുഷ്ഠിച്ചാല്‍ പിതൃപ്രീതി കൈവരിക്കാന്‍ കഴിയുന്നതാണ്. മണ്‍മറഞ്ഞവര്‍ക്കായി, ശിവരാത്രിയിലോ തുടര്‍ന്നു വരുന്ന അമാവാസിയിലോ പിന്‍തലമുറകള്‍ പിണ്ഡദാനമര്‍പ്പിച്ച് സായുജ്യമടയുന്നു.

മഹാശിവരാത്രി വ്രതത്തിന് പിന്നില്‍ മഹാവിഷ്ണുവും ബ്രഹ്‌മാവും തമ്മിലുണ്ടായ ഒരു തര്‍ക്കത്തിന്റെ കഥയുണ്ട്. വിഷ്ണുവിന്റെ നാഭിയിലെ താമരയില്‍ ജന്‍മമെടുത്ത ബ്രഹ്‌മാവ് വിഷ്ണുവിനോട് നീ ആരാണെന്ന് ചോദിച്ചു. 'നിന്റെ പിതാവായ വിഷ്ണു' എന്ന് മഹാവിഷ്ണു ഉത്തരം നല്‍കി. പക്ഷേ ഇത് വിശ്വസിക്കാന്‍ ബ്രഹ്‌മാവ് തയ്യാറായില്ല. ഇരുവരും തമ്മില്‍ യുദ്ധം ആരംഭിച്ചു. അതിശക്തരായതിനാല്‍ ജയവും പരാജയവുമില്ലാതെ അത് നീണ്ടുപോയി. അവസാനം ഇരുവര്‍ക്കും മധ്യേ ഒരു ശിവലിംഗം (അനലസ്തംഭം എന്നും ചിലയിടങ്ങളില്‍ പരാമര്‍ശിക്കുന്നു) പ്രത്യക്ഷപ്പെട്ടു. രണ്ടുപേരും രണ്ട് ദിശയിലേക്ക് സഞ്ചരിച്ച് ഇതിന്റെ മുകളറ്റവും താഴറ്റവും കണ്ടുപിടിച്ച് വരുക എന്ന് ഒരു അശരീരി കേട്ടതനുസരിച്ച് ബ്രഹ്‌മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു.

ഏറെനേരം യാത്രചെയ്ത് തളര്‍ന്നതല്ലാതെ ഇരുവര്‍ക്കും ആ ശിവലിംഗത്തിന്റെ തുടക്കവും ഒടുക്കവും കണ്ടെത്താനായില്ല. ഒടുവില്‍ സാക്ഷാത് പരമശിവന്‍ പ്രത്യക്ഷപ്പെട്ട് ഇരുവരുടെയും അഹങ്കാരത്തെ തീര്‍ത്തുകൊടുത്തതായാണ് ശിവപുരാണത്തില്‍ പ്രതിപാദിക്കുന്നത്. പരമേശ്വരന്‍ പ്രത്യക്ഷപ്പെട്ട മാഘമാസത്തിലെ കറുത്ത പക്ഷം ചതുര്‍ദശി രാത്രിയില്‍ ശിവപൂജയും ഭജനയുമായി ദേവന്‍മാര്‍ അദ്ദേഹത്തെ ആരാധിച്ചു. പിന്നീട് എല്ലാവര്‍ഷവും ആ രാത്രി ശിവരാത്രിയായി ആചരിക്കപ്പെടുകയും ചെയ്തു എന്നാണ് ഒരു കഥ. ശിവപുരാണത്തിലെ ശിവതത്വചിന്തകള്‍ വിവരിക്കുന്ന കോടിരുദ്രസംഹിതയിലാണ് ശിവരാത്രിവ്രതത്തെക്കുറിച്ച് പറയുന്നത്.

ഞാനാണ് കേമന്‍ എന്ന അഹങ്കാരത്തില്‍ നിന്നുണ്ടായ ഒരു തര്‍ക്കം യുദ്ധമാകുകയും അന്തമില്ലാതെ അത് തുടരുകയും ചെയ്തപ്പോള്‍ സാക്ഷാത് മഹേശ്വരന്റെ ഇടപെടല്‍ വേണ്ടിവരുന്നതാണ് ഇവിടെ കണ്ടത്. നിസ്സാരക്കാരല്ല, സൃഷ്ടിയുടെയും സ്ഥിതിയുടെയും ദേവന്‍മാര്‍ തന്നെയാണ് ക്ഷണനേരത്തേക്കെങ്കിലും അഹന്തയിലേക്ക് കൂപ്പുകുത്തി പരസ്പരം പോരടിച്ചത്. തന്റെ ബോധ്യത്തിന് അപ്പുറം ചില ബോധ്യങ്ങളുണ്ടെന്നും അനുഭവങ്ങള്‍ക്ക് അപ്പുറം ചില അനുഭവമണ്ഡലങ്ങളുണ്ടെന്നുമുള്ള ഓര്‍മപ്പെടുത്തലായി ശിവരാത്രിയെ സ്വീകരിക്കാം. ശിവനെ വിശ്വസിക്കുക എന്നാല്‍ സ്വന്തം പ്രാണനെതന്നെ വിശ്വസിക്കുക എന്നതാണ്.

ഉള്ളിലുള്ള ശിവമമായ തേജസിനെ ഉണര്‍ത്താനുള്ള മന്ത്രമാണ് 'നമ: ശിവായ' എന്നത്. മഹാശിവരാത്രി ദിവസം നമശിവായ മന്ത്രം ഉരുവിട്ട് ഉപവാസം അനുഷ്ഠിക്കുന്നത് വഴി മനസും ശരീരവും പവിത്രീകരിക്കപ്പെടും. മൂക്കറ്റം ഭക്ഷണം കഴിച്ച് സുഖമായി ഉറങ്ങുന്ന പതിവ് രാത്രികളില്‍ നിന്ന് വ്യത്യസ്തമായി ശിവമന്ത്രം ജപിച്ച് ജഡാവസ്ഥയിലായ ശരീരത്തെ ഉണര്‍ത്തി ജീവചൈതന്യത്തെ സ്മരിക്കുന്ന രാത്രിയായി ശിവരാത്രിയെ സ്വീകരിക്കണം.

ശിവരാത്രിയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യം പാലാഴി മഥനം നടത്തിയപ്പോള്‍ ഉണ്ടായ കാളകൂടവിഷവുമായി ബന്ധപ്പെട്ടതാണ്. ലോകരക്ഷാര്‍ത്ഥം ആ കൊടുംവിഷം മുഴുവന്‍ പരമേശ്വരന്‍ പാനം ചെയ്‌തെന്നും ഭഗവാന് വേണ്ടി പാര്‍വതീ ദേവിയും മറ്റ് ദേവന്‍മാരും രാത്രി മുഴുവന്‍ ഉറക്കമിളച്ച് പ്രാര്‍ഥിച്ചിരുന്നെന്നുമാണ് കഥ. ആ രാത്രിയുടെ ഓര്‍മയില്‍ മഹാശിവരാത്രി ആചരിക്കുമ്പോള്‍ അതിന് ലഭിക്കുന്ന മാനം വളരെ വലുതാണ്. ലോകത്തെ ഇല്ലാതാക്കാന്‍ വീര്യമുള്ള വിഷത്തെ എവിടെയും പതിക്കാതെ ഏറ്റെടുത്ത് വിഴുങ്ങിയ മഹാമനസ്സിന് മുന്നിലുള്ള സമര്‍പ്പണമായാണ് ഇവിടെ ശിവരാത്രി മാറുന്നത്. ആ മഹാത്യാഗത്തിന്റെ ഓര്‍മയില്‍ അന്നുവരെയുള്ള പതിവുകളില്‍ നിന്ന് മാറി ചെറിയ ചില ത്യാഗങ്ങളിലേക്ക് കടക്കാന്‍ മനുഷ്യന്‍ മനസ്സ് കാണിക്കുകയാണ്.

ശിവപ്രീതിക്കായി മഹാവ്രതം

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ്. സകലാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം. ഭക്തിയോടുകൂടിയ വ്രതാനുഷ്ഠാനം അവനവനും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാന്‍ ഉത്തമാണ്. ദമ്പതികള്‍ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നതും ഉത്തമമാണ്. കുംഭമാസത്തിലെ കൃഷ്ണചതുര്‍ദ്ദശി തിഥിയിലാണ് ഈ വ്രതാനുഷ്ഠാനം.

വ്രതാനുഷ്ഠാനം എങ്ങനെ ?

തലേന്ന് ഒരിക്കലോടെ വ്രതം ആരംഭിക്കാം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. ശിവരാത്രി നാളില്‍ അതിരാവിലെ ഉണര്‍ന്ന് ശരീരശുദ്ധി വരുത്തി 'ഓം നമശിവായ' ജപിച്ചു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. ശിവരാത്രി ദിനത്തില്‍ പൂര്‍ണ ഉപവാസമാണ് അനുഷ്ഠിക്കേണ്ടത്. അതിനു സാധിക്കാത്തവര്‍ ക്ഷേത്രത്തില്‍ നിന്നുളള നേദ്യമോ കരിക്കിന്‍ വെളളമോ പഴമോ കഴിക്കാവുന്നതാണ്. അന്നേദിവസം ശിവപ്രീതികരമായ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. അതില്‍ ഏറ്റവും പ്രധാനമാണ് ദാനം. അന്നദാനമാണെങ്കില്‍ അത്യുത്തമം. ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂര്‍വ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. രാത്രി പൂര്‍ണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാന്‍. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീര്‍ഥം സേവിച്ച് പാരണ വിടാം.

ജപിക്കേണ്ട മന്ത്രങ്ങള്‍

1.അന്നേദിവസം കഴിയാവുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രം (ഓം നമ:ശിവായ ) ജപിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം.
2.ശിവപഞ്ചാക്ഷരസ്‌തോത്രം , ബില്യാഷ്ടകം, ശിവാഷ്ടകം ,ശിവസഹസ്രനാമം, ശിവപുരാണപാരായണം. എന്നിവ ഭക്തിപൂര്‍വം ചൊല്ലുക.
3.സൂര്യോദയത്തിനുമുന്നെ കുളികഴിഞ്ഞു നിലവിളക്കു തെളിച്ചു ഗായത്രിമന്ത്രം ജപിക്കുന്നതിനോടൊപ്പം ശിവ ഗായത്രി ജപിക്കുന്നത് നന്ന് .

സമര്‍പ്പിക്കേണ്ട വഴിപാടുകള്‍
1.ശിവരാത്രി ദിനത്തില്‍ സമര്‍പ്പിക്കുന്ന വഴിപാടുകള്‍ അതീവഫലദായകമാണ്
2.കൂവളത്തില സമര്‍പ്പണമാണ് ഏറ്റവും പ്രധാനം. ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത് . ശനിയാഴ്ചയെ പറിച്ചു വച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമര്‍പ്പിക്കാവുന്നതാണ്. കൂവളത്തില വാടിയാലും അതിന്റെ വിശിഷ്ടത നഷ്‌പ്പെടുകയില്ല.
3.ഭഗവാന് കൂവളമാല സമര്‍പ്പിക്കുന്നതും കൂവളത്തില കൊണ്ട് അര്‍ച്ചന എന്നിവ നടത്തുന്നതും അതീവ വിശിഷ്ടമാണ്.
4.പിന്‍വിളക്ക്, ജലധാര എന്നിവയും സമര്‍പ്പിക്കാവുന്നതാണ്.
5. ആയുര്‍ദോഷമുള്ളവര്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക.
6. ദാമ്പത്യ ദുരിതദോഷങ്ങള്‍ അനുഭവിക്കുന്നവര്‍ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അര്‍ച്ചനയോ നടത്തുക .
7. സ്വയംവര പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നത് വിവാഹതടസ്സം നീങ്ങാന്‍ സഹായകമാണ്.

ശിവരാത്രി ദിനത്തില്‍ വൈകുന്നേരം ശിവക്ഷേത്രത്തില്‍ പുരുഷന്മാര്‍ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകള്‍ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്‌ക്കരിക്കുന്നതും നന്ന്. ശിവരാത്രി ദിനത്തില്‍ ഭക്തിപൂര്‍വം ശിവക്ഷേത്രദര്‍ശനം നടത്തിയാല്‍ നമ്മള്‍ അറിയാതെ ചെയ്ത പാപങ്ങള്‍ പോലും നശിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ബലിതര്‍പ്പണം നടത്തിയാല്‍ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കും.

ഞാനെന്ന അഹങ്കാരത്താല്‍ മനസ്സിനും ബുദ്ധിക്കും ജരാനരകള്‍ ബാധിച്ച മനുഷ്യനെ അതില്‍നിന്ന് മോചിപ്പിക്കാനായി ഭഗവാനു നല്‍കിയ ദിവ്യജ്ഞാനത്തെ ബുദ്ധിയില്‍ മനനം ചെയ്യുമ്പോള്‍ ദുര്‍വികാരങ്ങള്‍ക്ക് അടിപ്പെട്ട മനസ്സില്‍നിന്ന് ആദ്യം വിഷം വമിച്ചേക്കാം. എന്നാല്‍ ഭയപ്പെടാതെ അത് ഈശ്വരനില്‍ സമര്‍പ്പിച്ചാല്‍ ഈശ്വരന്‍ അതു സ്വീകരിക്കുന്നു. പിന്നീട് ബുദ്ധിയില്‍ ഉദയം ചെയ്യുന്ന ഈശ്വരീയ ജ്ഞാനത്തിന്റെ അമൃതം മനസ്സിനെ ബാധിച്ച സര്‍വ ജരാനരകളും നീക്കി, അതിനെ ശക്തമാക്കി ജീവിതം സുഖ- ശാന്തിമയമാക്കുന്നു.ശിവഭക്തന്മാര്‍ ദിവസം മുഴുവന്‍ ഉറങ്ങാതെ ഉപവസിച്ച് ഈ ദിവസം ശിവപൂജ ചെയ്തുകൊണ്ടിരിക്കുന്നു. ശിവരാത്രി ദിനത്തില്‍ ജപിക്കാന്‍ നിരവധി ശിവസ്തുതികളുണ്ട്. അതില്‍ പ്രധാനമാണ് പശുപത്യഷ്ടകം. കാലത്ത് കുളിച്ച് ഭസ്മലേപനം നടത്തി ശിവഭജനം നടത്തുക.

പശുപത്യഷ്ടകം

പശുപതീന്ദുപതിം ധരണീപതിം
ഭുജഗലോകപതിം ച സതീപതിം
പ്രണതഭക്തജനാര്‍ത്തിഹരം പരം
ഭജത രേ മനുജാഃ ഗിരിജാപതിം

ന ജനകോ ജനനീ ന ച സോദരോ
ന തനയോ ന ച ഭൂരിബലം കുലം
അവതി കോപി ന കാലവശം ഗതം
ഭജതരേ മനുജാഃ ഗിരിജാപതിം

മുരജഡിണ്ഡിമവാദ്യവിചക്ഷണം
മധുരപഞ്ചമനാദവിശാരദം
പ്രമഥഭൂതഗണൈരപി സേവിതം
ഭജത രേ മനുജാഃ ഗിരിജാപതിം

ശരണദം സുഖദം ശരണാന്വിതം
ശിവശിവേതി ശിവേതി നതം നൃണാം
അഭയദം കരുണാവരുണാലയം
ഭജത രേ മനുജാഃ ഗിരിജാപതിം

നരശിരോരചിതം ഫണികുണ്ഡലം
ഭുജഗഹാരമുദം ഋഷഭധ്വജം
ചിതിരജോധവലീകൃതവിഗ്രഹം
ഭജത രേ മനുജാഃ ഗിരിജാപതിം

മഖവിനാശകരം ശശിശേഖരം
സതതമദ്ധ്വരഭാജിഫലപ്രദം
പ്രളയദഗ്ദ്ധസുരാസുരമാനുഷം
ഭജത രേ മനുജാഃ ഗിരിജാപതിം

മഖവിനാശകരം ശശിശേഖരം
സതതമദ്ധ്വരഭാജിഫലപ്രദം
പ്രളയദഗ്ദ്ധസുരാസുരമാനുഷം
ഭജത രേ മനുജാഃ ഗിരിജാപതിം

മദമപാസ്യ ചിരംഹൃദി സംസ്ഥിതം
മരണജന്മജരാഭയപീഡിതം
ജഗദുദീക്ഷ്യ സമീപഭയാകുലം
ഭജത രേ മനുജാഃ ഗിരിജാപതിം

ഹരിവിരിഞ്ചസുരാധിപപൂജിതം
യമജലേശധനേശനമസ്‌കൃതം
ത്രിനയനം ഭുവനത്രിതയാധിപം
ഭജത രേ മനുജാഃ ഗിരിജാപതിം

പശുപതേരിദമഷ്ടകമത്ഭുതം
വിരചിതം പൃഥിവീപതിസൂരിണാ
പഠതി സംശ്രുണുതേ മനുജസ്സദാ
ശിവപുരിം വസതേ ലഭതേ സുഖം.

Shivarathri Shivarathri vratham Shivaratri