/kalakaumudi/media/media_files/2026/02/13/mahasiva-2026-02-13-14-10-11.jpg)
നാഗർകോവിൽ: മഹാശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ കൽക്കുളം, വിളവംകോട് തിരുവട്ടാർ താലൂക്കുകളിലെ 12 ശിവക്ഷേത്രങ്ങൾ വഴിയുള്ള ശിവാലയഓട്ടത്തിനു നാളെ തുടക്കം കുറിക്കും .
ക്ഷേത്രങ്ങളിൽ ഒന്നാമത്തേതായ മുഞ്ചിറയിലെ തിരുമല മഹാദേവക്ഷേത്രത്തിൽ നാളെ ഉച്ചകഴിഞ്ഞു നടക്കുന്ന ദീപാരാധനയോടെ ഓട്ടം ആരംഭിക്കും.
തിരുമല മഹാദേവക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കൽകുളം, മേലാങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തൃപ്പന്നിയോട് വഴിയാണ് 120 കിലോമീറ്ററോളം അകലെയുള്ള പന്ത്രണ്ടാമത്തെ നട്ടാലം ശങ്കരനാരായണക്ഷേത്രത്തിൽ എത്തുക.
120 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രങ്ങളിൽ കാൽനടയായി ദർശനം നടത്തുന്നതാണ് വഴിപാട്. ഭക്തർ ഒരാഴ്ച വ്രതം നോറ്റശേഷമാണ് വഴിപാട് സമർപ്പിക്കുക.
ശിവരാത്രിയുടെ തലേന്നാളായ നാളെ വൈകിട്ട് തിരുമല ക്ഷേത്രത്തിൽ നിന്ന് ഓട്ടം ആരംഭിക്കും. ശിവക്ഷേത്രങ്ങളിലാണ് ദർശനമെങ്കിലും ഗോവിന്ദാ ഗോപാലാ എന്ന നാമമുരുവിട്ടാണ് ഭക്തർ ഓടുന്നത്.
കാവിവസ്ത്രവും തുളസിമാലയുമണിഞ്ഞ് കയ്യിൽ വിശറിയും ഭസ്മസഞ്ചിയും കരുതുന്ന ഭക്തരെ ഗോവിന്ദന്മാർ എന്നാണ് വിളിക്കുന്നത്.
ശിവാലയ ഓട്ടത്തിനെത്തുന്ന ഭക്തജനങ്ങളുടെ എണ്ണം വർഷം തോറും വർധിക്കുമെങ്കിലും ക്ഷേത്രങ്ങളിലേക്കുള്ള ഗതാഗതമാർഗവും അനുബന്ധസൗകര്യങ്ങളും വികസിക്കാത്ത സ്ഥിതിയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
