ഒരു വ്യക്തിയെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒരു ഗ്രഹമാണ് വ്യാഴം . വ്യാഴം അനുകൂലമാകുന്ന സമയത്ത് ശുഭഫലങ്ങൾ സംഭവിക്കും. മറിച്ച് പ്രതികൂലമായാൽ അതുപോലെ ദോഷവും വന്നു ചേരും. വ്യാഴ ദോഷങ്ങൾ ബാധിച്ചാൽ വൈകാതെ ശാന്തി കർമ്മങ്ങൾ അനുഷ്ഠിക്കണം.
വ്യാഴത്തിന്റെ അധി ദേവത ആയി കണക്കാക്കുന്നത് മഹാവിഷ്ണുവിനെയാണ്. അതിനാൽ പ്രധാനമായും വിഷ്ണു പ്രീതിക്ക് വേണ്ട കർമ്മങ്ങൾ വേണം അനുഷ്ഠിക്കുവാൻ. ഗുരുവായൂരപ്പൻ , തിരുപ്പതി വെങ്കിടാചലപതി എന്നിവരെയും ഭജിക്കണം. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ നടത്താവുന്നതാണ്. വ്യാഴ ദോഷശാന്തിക്ക് ദക്ഷിണാമൂർത്തിയെ ഉപാസിക്കുന്നതും ഉത്തമമാണ്. നവഗ്രഹ സന്നിധിയിൽ വ്യാഴദോഷശാന്തി പൂജകളും വഴിപാടുകളും നടത്തന്നതും നല്ലതാണ്.
ഇതിലെല്ലാം ഏളുപ്പമുള്ള ഏറ്റവും ലളിതമായ ദോഷപരിഹാരമാണ് നിത്യേനയുള്ള മഹാവിഷ്ണുവിന്റെ ദ്വാദശനാമാവലി ജപം. കുളിച്ച് ശുദ്ധമായി വിളക്കു കൊളുത്തി നിത്യവും ഭക്തിയോടെ 9 തവണ ജപിക്കണം. വ്യാഴ ദോഷം ജാതകവശാലും ഗോചരാലും സംഭവിക്കാം. ഗോചരാലുള്ള വ്യാഴദോഷം തികച്ചും താൽക്കാലികം മാത്രമാണ്. ഒരു വർഷം മാത്രമാണ് ഗോചര ഫലങ്ങൾബാധിക്കുക. ജാതകവശാലായാലും ഗോചരാലായാലും ഇഷ്ടസ്ഥാനത്ത് നിൽക്കുന്ന ഗ്രഹം ഇഷ്ട ഫലവും അനിഷ്ടസ്ഥാനത്ത് നിൽക്കുന്ന ഗ്രഹം അനിഷ്ട ഫലവും നൽകും.
ജീവിതത്തിലെ നിർഭാഗ്യം, എല്ലാത്തിലും ഈശ്വരാധീനക്കുറവ്,അസ്ഥിരത, ഒഴിയാത്ത കഷ്ടപ്പാട്, അനാദരവ്, തീരുമാനങ്ങൾ എടുക്കാനും അതിൽ ഉറച്ച് നിന്ന് പ്രവർത്തിക്കാനുമുള്ള കഴിവില്ലായ്മ, മാനസികവും ശാരീരീകവുമായ ആലസ്യം, സാമ്പത്തികപ്രതിസന്ധി, എല്ലാവരോടും വെറുപ്പ്, വിദ്വേഷം, അശുഭചിന്തകൾക്ക് മനസ്സിൽ പ്രാധാന്യം വരുക, മോശം കൂട്ടുകെട്ടുകളിൽ അകപ്പെടുക, വിഷാദത്തിന് അടിമപ്പെടുക, ജോലിയിൽ പലതരം പ്രശ്നങ്ങൾ, അപവാദം, പരാജയം, അപകടം തുടങ്ങിയവയാണ് വ്യാഴദോഷം കാരണം ഉണ്ടാകാവുന്ന പ്രധാന ബുദ്ധിമുട്ടുകൾ.
വ്യാഴ ദോഷം ബാധിച്ചവർക്ക് കുടുംബത്തിൽ തര്‍ക്കങ്ങളും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളും നേരിടേണ്ടി വരും. തൊഴിൽ സംബന്ധമായ തടസങ്ങൾ, ചെയ്യാത്ത തെറ്റുകള്‍ക്ക് കുറ്റപ്പെടുത്തുക, പണമോ സ്വര്‍ണ്ണമോ നഷ്ടപ്പെടുക എന്നിവയും വ്യാഴ ദോഷ സൂചനകളാണ്.
വിഷ്ണു ദ്വാദശനാമാവലി
ഓം കേശവായ നമഃ
ഓം നാരായണായ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം വാമനായ നമഃ
ഓം ശ്രീധരായ നമഃ
ഓം ഋഷികേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ